(653) മുയലും നായയും
ഒരു കാട്ടുമുയൽ ക്യാരറ്റ് തിന്നാൻ വേണ്ടി കാടിറങ്ങി നാട്ടിലെ കൃഷിയിടത്തിലേക്ക് ഇറങ്ങി. അന്നേരം, ദൂരെ നിന്നും തെരുവുനായുടെ കണ്ണിൽ തടിച്ചുകൊഴുത്ത മുയൽ മിന്നി. അവൻ പതുങ്ങി വന്ന് ചാടിയെങ്കിലും തലനാരിഴയ്ക്ക് ചാട്ടം പിഴച്ചു.
മുയൽ അതിവേഗം, എങ്ങനെയും തിരികെ കാടുപിടിക്കാനായി പാഞ്ഞു. നായ പിറകെയും. എന്നാൽ, മുയൽ, നേരെ ഓടാതെ വെട്ടിച്ച് ഓടിയതിനാൽ നായ അണച്ചു. അങ്ങനെ, മുയൽ കാടിനുള്ളിലേക്ക് കയറി ഒളിച്ചു.
അവൻ തിരികെ ക്ഷീണിതനായി മടങ്ങവേ, ഈ കാഴ്ച കണ്ടുകൊണ്ട് വലിയ മരച്ചുവട്ടിൽ ഒരു വൃദ്ധൻ ഇരിപ്പുണ്ടായിരുന്നു. അയാൾ നായെ പരിഹസിച്ചു - "വെറും നിസ്സാരക്കാരനായ മുയലിനു മുന്നിൽ വീരശൂരപരാക്രമിയായ നീ പരാജയപ്പെട്ടിരിക്കുന്നു!"
നായ ഒട്ടും മടിക്കാതെ പറഞ്ഞു - "ഞാൻ ഓടിയത് ഒരു നേരത്തേ ആഹാരത്തിനാണ്. പക്ഷേ, മുയൽ ഓടിയത് അതിൻ്റെ ജീവൻ രക്ഷിക്കാനാണ്. ആഹാരം നഷ്ടമായാൽ പിന്നെയും എനിക്കു കിട്ടും. എന്നാലോ? മുയലിന് സ്വന്തം ജീവൻ പോയാൽ ഒരിക്കലും തിരിച്ചു കിട്ടില്ല. അതുകൊണ്ടാണ് എനിക്ക് മുയലിനെ തോൽപ്പിക്കാൻ പറ്റാഞ്ഞത്"
നായുടെ ആ ഉത്തരത്തിൽ വൃദ്ധൻ തൃപ്തനായതിനാൽ അയാൾ ചിരി നിർത്തി പിന്നൊന്നും മിണ്ടിയില്ല.
ഗുണപാഠം - സ്വന്തം ജീവിതത്തിനു വേണ്ടിയുള്ള ഓട്ടം മറ്റെന്തിനേക്കാളും ഏറെ പ്രാധാന്യമുള്ള ഒന്നാണ്.
Written by Binoy Thomas, Malayalam eBooks-653-Aesop story series-73 PDF-https://drive.google.com/file/d/1yBSSaQCcyKRWYxG28qlyhIjBRIjX_VM1/view?usp=drivesdk