(656) സിംഹത്തിൻ്റെ ഓഹരി

 ഒരിക്കൽ, സിംഹ രാജാവ് ഒരു കടുവ, പുലി, ചെന്നായ എന്നിവരെ വിളിച്ചുകൂട്ടി. അവരോടു പറഞ്ഞു - "നമുക്ക് ഒരുമിച്ച് ഇന്ന് നായാട്ടിനു പോകാം. അതു വളരെ എളുപ്പത്തിൽ ഇരയെ കിട്ടാൻ സഹായിക്കും"

അവർക്കും സമ്മതമായി. സിംഹം മരത്തിൻ്റെ മറവിൽ ഒളിച്ചു. മറ്റുള്ളവരെ, ഓരോ ദിക്കിൽ നിന്നും മൃഗങ്ങളെ ഓടിച്ചു കൊണ്ടുവരാനും ഏർപ്പാടാക്കി.

അതിൻപ്രകാരം, പുലിയും കടുവയും ചെന്നായും ഒരു മാൻകൂട്ടത്തെ വളഞ്ഞു. അതിനുള്ളിലെ കൊഴുത്ത മാനിനെ മൂവരും കൂടി ഓടിച്ച് സിംഹത്തിൻ്റെ മുന്നിലെത്തിച്ചു. മരത്തിൻ്റെ മറവിൽ നിന്നും ചാടി വീണ് മാനിൻ്റെ കഥ കഴിച്ചു.

പിന്നെ, മാംസം വീതം വയ്ക്കാനുള്ള സമയമായി. മൂവരും അവർക്കു കിട്ടുന്ന ഭാഗത്തേക്കുറിച്ച് ഓർത്തുകൊണ്ട് കൊതിയൂറി സിംഹത്തിനു മുന്നിൽ നിന്നു. അപ്പോൾ സിംഹം പറഞ്ഞു - "ഇത് നാലായി പങ്കു വയ്ക്കുകയാണ്. ഒന്നാമത്തെ ഓഹരി ഈ വേട്ടയുടെ സൂത്രധാരൻ എന്നുള്ള നിലയിൽ എനിക്കാണ്. രണ്ടാമത്തെ ഓഹരി കാടിൻ്റെ രാജാവ് എന്ന നിലയ്ക്ക് എനിക്കാണ്. മൂന്നാമത്തെ ഓഹരി ഈ വേട്ടയിൽ ഞാൻ പങ്കെടുത്തതിനുള്ളതാണ്. ഇനി നാലാമത്തെ ഓഹരി എൻ്റെ മുന്നിൽ നിന്നും ധൈര്യമുള്ളവന് ഇപ്പോൾ എടുക്കാം"

ആ മൃഗങ്ങൾ മൂന്നും, പേടിച്ച് ഒന്നും മിണ്ടാതെ അവിടന്ന് സ്ഥലം കാലിയാക്കി.

ഗുണപാഠം - ആളും തരവും നോക്കാതെ ആരുടെയും പിറകേ പോകരുത്.

Written by Binoy Thomas, Malayalam eBooks - 656- Aesop stories - 76 PDF -https://drive.google.com/file/d/1XUZ0vzfRG1dkf9HcuPvF55PiBvsXGRhS/view?usp=drivesdk

Comments