(635) സിംഹത്തിൻ്റെ സമ്മേളനം
ഒരു ദിവസം, കാട്ടിലെ രാജാവായ സിംഹത്തിന് ഗുഹയിൽ വച്ച് ചില ആലോചനകൾ മനസ്സിലേക്കു വന്നു. ഈ കാട്ടിൽ എല്ലാവരും പരസ്പരം സ്നേഹത്തോടെ കഴിയേണ്ടതല്ലേ? സമാധാനത്തിൻ്റെ അന്തരീക്ഷവും വേണ്ടതാണ്.
അന്നേരംതന്നെ, ഗുഹയുടെ മുകളിൽ നിന്ന് സർവ്വ മൃഗസമ്മേളനത്തിനുള്ള സിംഹഗർജ്ജനം മുഴങ്ങി. ഉടൻ, മൃഗങ്ങളെല്ലാം അങ്ങോട്ടു പാഞ്ഞെത്തി.
മൃഗരാജൻ്റെ പുതിയ തീരുമാനത്തിൽ എല്ലാവരും സന്തോഷിച്ചു. പക്ഷികൾ സംഗീതം ആലപിച്ചു. മയിലുകൾ പീലി വിരിച്ചു. കുരങ്ങന്മാർ മരച്ചില്ലകളിൽ തൂങ്ങിയാടി. എല്ലാ മൃഗങ്ങളും വർഗ്ഗം നോക്കാതെ ഒന്നിച്ചു നൃത്തമാടി.
അതിനിടയിൽ, മുയൽ തൻ്റെ അടുത്തു നൃത്തമാടുന്ന ചെന്നായയെ നോക്കിയപ്പോൾ അവൻ വിശന്നിട്ട് കോട്ടുവായ കാട്ടുന്നുണ്ട്!
പെട്ടെന്ന്, മുയൽ വിളിച്ചുകൂവി - "വർഗമോ വലിപ്പമോ സ്ഥാനമോ നോക്കാതെ, എല്ലാവരും ഒത്തൊരുമിക്കുന്ന ഈ ദിനത്തിനു വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു!"
ഇതു പറഞ്ഞിട്ട്, മുയൽ ജീവനും കൊണ്ട് ദൂരെ ദിക്കിലേക്കു പാഞ്ഞു!
ഗുണപാഠം - നടപ്പാക്കാൻ പറ്റാത്ത ആശയങ്ങൾ എഴുന്നെള്ളിച്ച് ഉന്നത സ്ഥാനത്തുള്ളവർ വെറുതെ കയ്യടിയും പ്രശംസയും വാങ്ങുന്നു.
Malayalam eBooks- 635-Aesop-56 PDF file written by Binoy Thomas -https://drive.google.com/file/d/19vfQJafqiuGVOYtw2GS2HUBd-uK9iyOB/view?usp=drivesdk
Comments