20/02/23

(659) പരുന്തും പ്രാവുകളും

 കാട്ടിൽ, ഒരു പറ്റം പ്രാവുകൾ ഒന്നിച്ചു വസിച്ചിരുന്ന അവിടമാകെ പരുന്തിൻ്റയും കഴുകന്മാരുടെയും ശല്യം മിക്കവാറും ഉണ്ടായിരുന്നു. മറ്റു ജീവികളുടെയും ഉപദ്രവങ്ങൾ സാധാരണമാണ്.

ഒരു ദിവസം - ചെമ്പൻ പരുന്ത് പ്രാവിനെ റാഞ്ചാൻ ശ്രമിച്ചപ്പോൾ അവരെല്ലാം കൂട്ടത്തോടെ പറന്നു പോയി. പല തവണയും പരുന്ത് ഇങ്ങനെ പരാജയപ്പെട്ടു. ഒടുവിൽ, പരുന്ത് വേറൊരു തന്ത്രം പുറത്തെടുത്തു.

"ഹേയ്, പ്രാവുകളെ, നിങ്ങൾ വളരെ പേടിച്ചാണു കഴിയുന്നതെന്നു ഞാൻ മനസ്സിലാക്കുന്നു. എന്നെ നിങ്ങളുടെ രാജാവായി അംഗീകരിച്ചാൽ എല്ലാ വിധത്തിലുമുള്ള ഭീഷണികളിൽ നിന്നും ഞാൻ രക്ഷിക്കുന്നതാണ് "

പ്രാവുകൾക്ക് അത് നല്ലൊരു കാര്യമായി തോന്നി. അവർക്ക് പരുന്ത് ഒരു രക്ഷകനായി തോന്നി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ പരുന്ത് പറഞ്ഞു - "നിങ്ങളുടെ സുരക്ഷ നോക്കുന്നതിനാൽ എനിക്ക് ഇരതേടാൻ പോകാൻ പറ്റുന്നില്ല. അതിനാൽ ഒരു ദിവസത്തേക്കുള്ള ആഹാരമായി ഒരു പ്രാവ് എൻ്റെ മുന്നിലേക്കു വരണം"

പ്രാവുകൾക്കു സമ്മതിക്കാതെ വേറെ വഴിയില്ലായിരുന്നു. പരുന്തിന് ഒട്ടും അധ്വാനിക്കാതെ എന്നും പ്രാവിൻ്റെ ഇറച്ചി ലഭിച്ചു തുടങ്ങി!

ഗുണപാഠം - നല്ലവണ്ണം ആലോചിച്ചതിനു ശേഷം മാത്രമേ കരാർ ഉറപ്പിക്കാൻ പോകാവൂ.

Written by Binoy Thomas, Malayalam eBooks-659-Aesop-79 PDF -https://drive.google.com/file/d/1fOJ4E95iFWrpb05NkuCJNQZAds1y6yGx/view?usp=sharing

No comments:

POPULAR POSTS