(655) കിടങ്ങിൽ ചാടിയ കഴുത

 ഒരു ദേശത്തെ കച്ചവടക്കാരന് തൻ്റെ ചുമടുകൾ ചന്തയിലേക്കു കൊണ്ടു പോകാനായി നല്ലൊരു കഴുതയുണ്ടായിരുന്നു. യാതൊരു മടിയും കൂടാതെ നല്ലതുപോലെ ഭാരം വലിക്കുകയും അനുസരണം കാട്ടുകയും ചെയ്തു പോന്നു. അതിനാൽത്തന്നെ, യജമാനൻ നല്ല തീറ്റിയും കൊടുത്തിരുന്നു.

ഒരിക്കൽ - ചന്തയിലേക്കു പോകവേ, ചാക്കും പുറത്തു വച്ചുള്ള നടത്തത്തിനിടയിൽ, ഏതാനും കഴുതകൾ പാതയോരത്തുള്ള പറമ്പിലൂടെ പുല്ലുമേഞ്ഞു നടക്കുന്നത് ഈ കഴുതയുടെ ശ്രദ്ധയിൽ പെട്ടു -

"ഹൊ! ഇവറ്റകളുടെ ഒരു ഭാഗ്യം നോക്കണേ. ഞാൻ എന്നും ഭാരം വലിക്കുന്നു. ഞാൻ കാരണം, യജമാനനാണു സുഖം അനുഭവിക്കുന്നത്!"

അത്തരത്തിലുള്ള വിരുദ്ധ ചിന്തകൾ കഴുതയുടെ തലയിൽ പെറ്റുപെരുകി. ഒടുവിൽ, അവൻ്റെ കഴുതബുദ്ധിയിൽ ദൂരെ ദിക്കിലേക്ക് ഓടി രക്ഷപ്പെട്ട് എവിടെയെങ്കിലും സുഖമായി മേഞ്ഞു നടക്കാമെന്നു തീരുമാനമായി. ചന്തയിൽ എത്തിച്ചേർന്നപ്പോൾ, കഴുതപ്പുറത്തു നിന്നും ഭാരമെല്ലാം  ചന്തയിലെ കടക്കാരൻ എടുത്തു താഴെ വച്ചു.

പെട്ടെന്ന് - കഴുത ഒറ്റയോട്ടം! യജമാനൻ അവനെ പിടിക്കാനായി പിറകേ പാഞ്ഞു. കുറെ ദൂരം പിന്നിട്ടപ്പോൾ അടുത്ത ദേശത്തിലേക്കു പ്രവേശിക്കുന്ന സ്ഥലമായി. അവിടെ ഏറെ താഴ്ചയുള്ള കിടങ്ങുണ്ട്. കഴുത കിടങ്ങിലേക്കു ചാടാനായി ഓങ്ങിയപ്പോൾ അതിൻ്റെ വാലിൽ യജമാനനു പിടിത്തം കിട്ടി. പക്ഷേ, അയാളും കൂടി കിടങ്ങിൽ വീഴുമെന്നു തോന്നിയതിനാൽ വാലിൽ നിന്നും പിടി വിട്ടു. കഴുത താഴേയ്ക്കു വീണു ചത്തു!

ഗുണപാഠം - സുഖാന്വേഷികളായ മറ്റുള്ളവരെ അനുകരിച്ച് സ്വന്തം ജീവിതം അപകടത്തിലാക്കരുത്.

Written by Binoy Thomas, Malayalam eBooks-655-Aesop-75 PDF file- https://drive.google.com/file/d/16GBWtNPNZPjDYn8MvYeHzGcDc38FmE_Y/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

പഞ്ചതന്ത്രം കഥകള്‍ -1

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1