(663) വൈദ്യനായ കുറുക്കൻ

 കാട്ടിലെ വരൾച്ചയുടെ കാലമായിരുന്നു അത്. കുറുക്കൻ ഇര തേടി നടന്നെങ്കിലും യാതൊന്നും കിട്ടിയില്ല. കാരണം, കാട്ടുകോഴികളുടെ എണ്ണം നന്നേ കുറഞ്ഞിരിക്കുന്നു.

കുറെ നടന്നു ക്ഷീണിച്ചപ്പോൾ കാടിനോടു ചേർന്നു കിടക്കുന്ന നാട്ടിലേക്കു രാത്രിയിൽ ഇറങ്ങാമെന്ന് അവൻ തീരുമാനിച്ചു. ആ രാത്രിയിൽ പതുങ്ങി ഒരു വീട്ടിലെ കോഴിക്കൂടിൻ്റെ മുന്നിലെത്തി. പക്ഷേ, കാട്ടുമൃഗങ്ങളുടെ ശല്യം കാരണം വീട്ടുകാരൻ കോഴിക്കൂട് ഉയരത്തിലായിരുന്നു വച്ചിരുന്നത്.

അതിനുള്ളിലെ വലിയ പിടക്കോഴിയെ കണ്ട് കുറുക്കൻ്റെ വായിൽ വെള്ളമൂറി. അവൻ ഒരു കൗശലം പ്രയോഗിക്കാൻ തീരുമാനിച്ചു.

"ഹേയ്! ഞാനൊരു കുറുക്കനാണെങ്കിലും കാട്ടുമൂപ്പൻ എന്നെ വൈദ്യം പഠിപ്പിച്ചു. എന്തിനെന്നോ? കാട്ടിലെ മൃഗങ്ങളെ ചികിൽസിക്കാൻ. ഞാൻ അനേകം മൃഗങ്ങളെ പച്ചമരുന്നുകൊണ്ട് സുഖപ്പെടുത്തിക്കഴിഞ്ഞു. ഇനി എൻ്റെ സേവനം ഈ നാട്ടിലേക്കും വ്യാപിപ്പിക്കാൻ പോകുകയാണ്. നിൻ്റെ മുഖമാകെ വിളറിയിരിക്കുന്നു. താഴെ വരിക. ഞാൻ മരുന്നു തരാം"

കുറുക്കൻ്റെ സൂത്രം പിടികിട്ടിയ കോഴി പറഞ്ഞു - "എനിക്ക് താഴേക്കു വരാനുള്ള ശക്തിയില്ല. അഥവാ വന്നാലും നിൻ്റെ മരുന്ന് കഴിക്കുമ്പോൾ ഞാൻ ചത്തുപോകും"

കുറുക്കൻ, ചമ്മലോടെ കാട്ടിലേക്കു തിരികെ കയറി.

ഗുണപാഠം - ദുഷ്ടന്മാരുടെ പഞ്ചാര വാക്കുകളും സ്നേഹപ്രകടനങ്ങളും നമ്മെ ആപത്തിലേക്കു നയിക്കും.

Written by Binoy Thomas, Malayalam eBooks - 663- Aesop stories - 80 PDF -https://drive.google.com/file/d/1Mdb7CbI5BH5li7w8bhq-AToZu2nGi2WS/view?usp=drivesdk

Comments