ഒരു ദിവസം, മുക്കുവൻ നദിക്കരയിലെത്തി. ഉച്ചവരെ ശ്രമിച്ചിട്ടും തൻ്റെ ചൂണ്ടയിൽ മീനൊന്നും കുടുങ്ങിയില്ല. കാരണം, വല വീശി മീനുകളെയെല്ലാം മറ്റു ചിലർ നേരത്തേ കൊണ്ടു പോയിരുന്നു.
അയാൾ വീട്ടിലേക്കു മടങ്ങാൻ ആഗ്രഹിച്ച സമയത്ത്, ഒരു ചെറിയ മീൻ ചൂണ്ടയിൽ കൊളുത്തി.
"ചെറുതെങ്കിൽ ചെറുത്, അത്രയുമായി!"
ചൂണ്ടയിൽ നിന്നും രക്ഷപ്പെടാനായി മീൻ പരമാവധി പിടച്ചു. എന്നിട്ടും അതിനു വെളളത്തിലേക്കു ചാടാൻ കഴിഞ്ഞില്ല.
അന്നേരം, മൽസ്യം ഒരു കൗശലം പ്രയോഗിച്ചു - "ഹേയ്, അങ്ങ് ഞാൻ പറയുന്നതു ദയവായി ശ്രദ്ധിച്ചാലും. ഞാനൊരു ചെറിയ മീനാണ്. എന്നാൽ, ഏതാനും മാസങ്ങൾ കഴിയുമ്പോൾ ഏറെ വലിപ്പം വയ്ക്കുന്ന മീനാണു ഞാൻ. അന്നേരം, എന്നെ വന്നു പിടിച്ചോളൂ. മുഴുത്ത മീനെ അങ്ങേയ്ക്ക് കിട്ടും. മാത്രമല്ല, അതുവരെ എനിക്ക് ജീവിതം നീട്ടി കിട്ടുകയും ചെയ്യുമല്ലോ"
ഉടൻ, മുക്കുവൻ ചിരിച്ചു കൊണ്ടു പറഞ്ഞു - "എന്നിട്ടു വേണം, ഞാൻ പിടിക്കാൻ വരുമ്പോൾ അന്നു നീ പറയും- 'ഹായ്.. പറ്റിച്ചേ.. നിനക്കു ചുണയുണ്ടെങ്കിൽ എന്നെയൊന്നു പിടിക്കാൻ നോക്ക്'
അങ്ങനെ, മീൻ്റെ സൂത്രം മുക്കുവൻ്റെ അടുത്തു നടന്നില്ല. മീൻ കുട്ടയിൽ കിടന്നു പിടച്ചു.
Written by Binoy Thomas, Malayalam eBooks-654-Aesop Story Series-74 PDF file -https://drive.google.com/file/d/1S4iRWoC9r0bpDWKG9UVcoNARiRajQlYk/view?usp=drivesdk
Comments