(645) കഴുതയുടെ വാൽസല്യം

 ഒരു യജമാനൻ തൻ്റെ വീട്ടിലേക്കുള്ള ചുമടുകൾ കൊണ്ടുവരാനായി കഴുതയെ വളർത്തിയിരുന്നു. അയാൾ വളരെ നന്നായി കഴുതയ്ക്കു തീറ്റിയും കൊടുത്തിരുന്നു. അങ്ങനെയിരിക്കെ, യജമാനൻ ഒരു നായയെ വീട്ടിൽ വളർത്താൻ തുടങ്ങി.

ആ നായ യജമാനനോടു സ്നേഹം പ്രകടിപ്പിക്കുന്നതും വീടിനുള്ളിലൂടെ നടന്ന് കട്ടിലിൽ കുത്തിമറിയുന്നതും യജമാനൻ്റെ വാൽസല്യവും കഴുത അസൂയയോടെ നോക്കി നിന്നു.

കഴുത ചിന്തിച്ചു - ഇത്രയും വർഷം, താൻ യജമാനനു വേണ്ടി എല്ലുമുറിയെ പണിയെടുത്തിട്ടും അദ്ദേഹം എന്നോട് ഒരിക്കലും ഇത്രയും വാൽസല്യം കാട്ടിയിട്ടില്ലല്ലോ.

അടുത്ത ദിവസം യജമാനൻ്റെ വീടിനുള്ളിലേക്ക് കഴുത ആദ്യമായി പ്രവേശിച്ചു. അവിടെ നായ കാണിച്ച പോലെ കട്ടിലിൽ ചാടിക്കയറി. യജമാനൻ ദേഷ്യത്തോടെ ഓടി വന്നപ്പോൾ നായയുടെ വാൽസല്യ പ്രകടനങ്ങൾ പോലെ തുടങ്ങി. കൈകൾ കൊണ്ട് അയാളുടെ ദേഹത്തു ചാടിക്കയറാൻ ശ്രമിച്ചു.

ഉടൻ, അയാൾ ഒരു വടിയെടുത്ത് കഴുതയെ പൊതിരെ തല്ലി. അതോടെ, കഴുത ആ മോഹം ഉപേക്ഷിച്ചു.

ഗുണപാഠം - സ്വയം തിരിച്ചറിവ് എത്ര നേരത്തേ ആകുന്നുവോ അത്രയും നന്ന്.

Written by Binoy Thomas, Malayalam eBooks- 645- Aesop story series-66 PDF file -https://drive.google.com/file/d/1ZGcBbplMnGdinFmKwz9j6jFjCj3AcRjj/view?usp=drivesdk

Comments