ഒരുകാലത്ത്, സില്‍ബാരിപുരംരാജ്യമാകെ കാടായിരുന്നു. മരങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്നതിനാല്‍ നട്ടുച്ചയ്ക്ക് മാത്രമേ കാടിനുള്ളില്‍ നല്ല വെളിച്ചം വരികയുള്ളൂ. എന്നാല്‍, നേരം പുലര്‍ന്നെന്ന് എല്ലാ മൃഗങ്ങളെയും അറിയിക്കുന്ന പണി എന്നും കൃത്യമായി പാലിച്ചു പോന്നിരുന്നത് ചിന്നന്‍കോഴിയായിരുന്നു. അവന്‍ ലക്ഷണമൊത്ത കാട്ടുപൂവന്‍കോഴിയാണ്.
അന്നു രാവിലെയും അവന്‍ തക്കും മുക്കും നോക്കി ആരും അടുത്തില്ലെന്ന് ഉറപ്പാക്കി വെളുപ്പിന് നീട്ടിക്കൂവി-
“കൊക്കരക്കോ..കോ..”
തന്റെ ശബ്ദത്തില്‍ അഭിമാനം പൂണ്ടു നില്‍ക്കവേ രണ്ടു കണ്ണുകള്‍ ഇരുട്ടില്‍ തിളങ്ങുന്നതു കണ്ട് ചിന്നന്‍ ഞെട്ടി- ചെമ്പന്‍കുറുക്കന്‍!
ഉടന്‍, ചിന്നന്‍കോഴി ജീവനുംകൊണ്ട് പാഞ്ഞു. പിറകേ ചെമ്പനും. അവന്‍ അലറി-
“നില്‍ക്കടാ, അവിടെ..നിന്നെയിന്ന് ഞാന്‍ ശരിയാക്കും"
കുറെ ദൂരം പിന്നിട്ടപ്പോള്‍ ചെമ്പന് വഴിതെറ്റി. എന്നാല്‍, ഇതറിയാതെ ചിന്നന്‍ വെപ്രാളം പിടിച്ച് ഓടിവന്ന വഴിയില്‍ ആശ്രമത്തിലെ സന്യാസിയും ഒരു പ്രാവും ഇരിപ്പുണ്ടായിരുന്നു.
അപ്പോള്‍ പ്രാവ് ചോദിച്ചു-
“ഹേയ്..കരിങ്കോഴീ, നീ ഇത്ര ധൃതിയില്‍ എങ്ങോട്ടാ?”
അവന്‍ അണച്ചുകൊണ്ടു പറഞ്ഞു-
“കുറുക്കന്‍ എന്റെ പിറകെയുണ്ട്..”
അവന്‍ പാഞ്ഞുപോയപ്പോള്‍ സന്യാസി പ്രാവിനോട് പറഞ്ഞു-
“ഈ കൊടുംകാട്ടില്‍ നട്ടുച്ചയ്ക്കു പോലും ഇരുട്ടാണ്. അവന്‍ രാവിലെ നീട്ടി കൂവിയാണ് പുലര്‍ച്ചയായെന്നു സകല മൃഗങ്ങളെയും അറിയിക്കുന്നത്. വാസ്തവത്തില്‍ അതൊരു ഉണര്‍ത്തുപാട്ടാണ്. എന്നാല്‍, പിന്നെ സംഭവിക്കുന്ന കാര്യങ്ങള്‍ നേരെ മറിച്ചാണ്. 'കൊക്കരക്കോ' എന്ന അവന്റെ ശബ്ദം കേട്ട സ്ഥലത്തേക്ക് കുറുക്കന്മാരും ചെന്നായ്ക്കളും കോഴിയിറച്ചിയുടെ കൊതിപിടിച്ചുകൊണ്ട് ഓടിവരികയായി. അങ്ങനെ, ജീവനും കൊണ്ട് കാട്ടുകോഴി ഓടുന്ന കാഴ്ചയാണ് നാം ഇപ്പോള്‍ കണ്ടത്! എന്നാലും, അവന്‍ നാളെയും ഇത് ആവര്‍ത്തിക്കും. കൂവിയിട്ടു പിന്നെ, ഓടുകയും ചെയ്യും”
ആശയം-
ഇത് കാട്ടില്‍ മാത്രം നടക്കുന്ന സംഭവമല്ല. സമൂഹത്തില്‍ ഒരു ഉണര്‍ത്തുപാട്ടായി നല്ല മാറ്റങ്ങള്‍ക്കായി ശബ്ദിക്കുന്ന ആളുകള്‍ക്ക് ഒരുപാടു പ്രതിസന്ധികള്‍ വരും. അവരെ മറ്റുള്ളവര്‍ ഓടിക്കും, ചിലപ്പോള്‍ ജീവഹാനി വരെ വന്നേക്കാം! എത്രയോ നല്ല കുടുംബബന്ധങ്ങളില്‍ ഇത്തരത്തില്‍ പോറലുകള്‍ വീണിരിക്കുന്നു?
ഓരോ കുടുംബവും- മുഖസ്തുതികള്‍ക്കും സുഖിപ്പിക്കലുകള്‍ക്കും സോപ്പിടലിനും ആത്മപ്രശംസയ്ക്കും ചെവി കൊടുക്കുമ്പോള്‍ വേറിട്ട ശബ്ദങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നു! അവ ചിലപ്പോള്‍ ഭാര്യ/ഭര്‍ത്താവ്/കുട്ടികള്‍ എന്നിവരെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍, അപകടസൂചനകള്‍, ദുശ്ശീലങ്ങള്‍, ദുര്‍ന്നടപ്പുകള്‍....ആകാം.
കുടുംബത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ നേരെ വിളിച്ചുപറയുന്ന ആളുകളെ ദോഷൈകദൃക്കായും നെഗറ്റീവ് ആയും മണ്ടനായും മുദ്രകുത്തി മേനി നടിക്കുന്നവര്‍ ഓര്‍ക്കുക- അവര്‍ സമൂഹത്തിലെ ഉണര്‍ത്തുപാട്ടുകാരാണ്!
Comments