ഒരിക്കൽ, സിൽബാരിപുരംരാജ്യത്ത് കടുത്ത വേനൽക്കാലം അനുഭവപ്പെട്ടു. വെള്ളം കുടിക്കാൻ കാട്ടിലെ മൃഗങ്ങൾക്കെല്ലാം എക ആശ്രയം സിൽബാരിപ്പുഴയായിരുന്നു.
അവിടെ വെള്ളം കുടിക്കാൻ മൃഗങ്ങൾ വരുമ്പോൾ ഒരു കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പലതിന്റെയും കഥ കഴിയും. സാധാരണയായി സിംഹം വരുമ്പോൾ മറ്റുള്ള മൃഗങ്ങൾ മാറി മരത്തിന്റെ മറവിൽ ഒളിച്ചു നിൽക്കും. ശിങ്കൻസിംഹത്തിന്റെ കണ്ണിൽപ്പെട്ടാൽ പിന്നെ തീർന്നു!
ശക്തിയുടെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് പുലിയും ആനയും മാനും പോത്തും കരടിയും പന്നിയും പക്ഷികളുമെല്ലാം ഈ വിധം പരസ്പരം സുരക്ഷ നോക്കിയിരുന്നു.
അങ്ങനെയിരിക്കെ, ഒരു ദിവസം- സിംഹം വെള്ളം കുടിക്കാൻ വന്ന അതേ സമയത്തുതന്നെ ശൂരൻകടുവയും നദിക്കരയിലെത്തി. രണ്ടു പേരും പരസ്പരം നോക്കി ഗർജിച്ചു.
ശിങ്കൻസിംഹം പറഞ്ഞു -
"ഞാൻ കാട്ടിലെ രാജാവാണ്. ഈ നദിയുടെയും അധിപൻ ഞാനാണ്. ഞാൻ കുടിച്ചു കഴിഞ്ഞ് നീ കുടിച്ചോളൂ"
കടുവ മുരണ്ടു -
"ഈ രാജ്യത്തെ സിംഹമില്ലാത്ത കാടുകളിലെല്ലൊം ഞങ്ങൾ കടുവകളാണ് രാജാവ്. നിനക്കു മുൻപ് നൂറ്റാണ്ടുകളായി കടുവകളായിരുന്നു ഈ കാടിന്റെ രാജാക്കന്മാർ! ഏറെ പാരമ്പര്യമുള്ള രാജവംശമാ എന്റേത്. ഞാൻ കുടിച്ചു കഴിഞ്ഞ് നീ കുടിച്ചോ അല്ലെങ്കിൽ നമുക്ക് ഒരുമിച്ചു കുടിക്കാം"
അതു കേട്ട്, സിംഹം പോർവിളി നടത്തി.
"ഗ...ഗ...ർ...ർ...! നീ എന്തുതന്നെ പറഞ്ഞാലും കടുവ എപ്പോഴും കടുവയും സിംഹം എന്നാൽ സാക്ഷാൽ സിംഹവും ആണ് "
രണ്ടു പേർക്കും ദേഷ്യം ഇരച്ചുകയറി. പൊരിഞ്ഞ യുദ്ധം നടക്കുമെന്ന് ഉറപ്പായി. ഉടൻ, അതു കാണാൻ മരച്ചില്ലകളിൽ കിളികളും അണ്ണാനും കുരങ്ങുകളുമെല്ലാം തടിച്ചു കൂടി.
കടുവ പിറുപിറുത്തു -
"ഇവനെ തോൽപ്പിച്ചാൽ പുഴവെള്ളമല്ല, ഈ കാടിന്റെ രാജപദവിയാണ് എന്നെ കാത്തിരിക്കുന്നത്"
അന്നേരം സിംഹം മുറുമുറുത്തു -
"വനദേവതേ, ഈ തടിയൻകടുവയോടു തോറ്റാൽ വേറെ കാട്ടിലേക്ക് ഒളിച്ചോടേണ്ടി വരും, എന്നെ കാത്തോളണേ"
രണ്ടു പേരും നേർക്കുനേർ നിന്നു. ആക്രമിക്കാൻ യുദ്ധ തന്ത്രങ്ങൾ മനസ്സിൽ മിന്നിമറഞ്ഞു. അപ്പോഴാണ് ഒരു കഴുകൻ അവിടെ താഴ്ന്ന് വട്ടമിടുന്ന നിഴൽ അവരുടെ ഇടയിൽ പതിഞ്ഞത്. രണ്ടു പേരും മുകളിലേക്കു നോക്കി ഞെട്ടി!
അപ്പോൾ സിംഹം പറഞ്ഞു -
"സാധാരണയായി കരുത്തരായ മൃഗങ്ങൾ പോരാടി ഒരെണ്ണം ചത്തിട്ട് വിജയിച്ച മൃഗം അവിടം വിട്ട ശേഷമേ കഴുകൻ വരാറുള്ളൂ. ഇപ്പോൾ നേരത്തേ വന്നതിന്റെ അർഥമെന്താണ്? തുല്യ ശക്തിയുള്ള നാം രണ്ടു പേരും പെട്ടെന്ന് കൊല്ലപ്പെടുമെന്നാണ്. അതു കൊണ്ട് നാം പോരാടിയാൽ നേട്ടം കഴുകനായിരിക്കും "
അന്നേരം, ശൂരൻ കടുവ ശൗര്യം കുറച്ചു -
"അതു ശരിയാണ്. ഇരയ്ക്കു വേണ്ടി കടിപിടി കൂടിയാൽ അതിൽ കാര്യമുണ്ട്. ചുമ്മാ ഒഴുകിപ്പോകുന്ന വെള്ളത്തിന് യാതൊരു വിലയുമില്ല. നമ്മള്‍ എന്തിന് ഇത്രയും നിസ്സാര കാര്യത്തിനു വഴക്കിടണം?"
രണ്ടു പേർക്കും സന്തോഷമായി. ഒരുമിച്ച് വെള്ളം കുടിച്ച് ദാഹശമനം വരുത്തി അവർ സ്ഥലം വിട്ടു. മരങ്ങളിലെ ജീവികളും ആകാശത്തെ കഴുകനും നിരാശരായി കാട്ടിൽ മറഞ്ഞു.
ആശയം-
കുടുംബ ജീവിതത്തിലും ഇങ്ങനെ സംഭവിക്കാറുണ്ട്. വെറും നിസ്സാര കാര്യങ്ങള്‍ക്ക് ഞാനോ വലുത്? നീയോ വലുത്? എന്നു ദമ്പതികള്‍ പോര്‍വിളി നടത്തി ജീവിതം ദുസ്സഹമാക്കുന്ന കാഴ്ച. കൂടാതെ, മാതാപിതാക്കളും മുതിര്‍ന്ന മക്കളും ഇത്തരത്തില്‍ പരസ്പരം പെരുമാറുന്നുണ്ട്. ക്ഷമ ആട്ടിന്‍സൂപ്പിന്റെ ഫലം ചെയ്യുമെന്നു പഴമക്കാര്‍ പറയുന്നത് ഇവിടെ പ്രാവര്‍ത്തികമാക്കണം. കലഹം ഒന്നിനും പരിഹാരമല്ല!
Comments