സോപ്പുവെള്ളം
ബിജോഷിന്റെ പറമ്പില്‍ മാനംമുട്ടുന്ന തരത്തിലുള്ള കുറെ നാടന്‍തെങ്ങുകള്‍ നില്‍പ്പുണ്ട്. അക്കൂട്ടത്തില്‍, കഴിഞ്ഞ നാൽപതു വർഷത്തിലേറെയായി നിന്ന നല്ല കായ്ഫലമുള്ള തെങ്ങ് സ്ഥിതി ചെയ്യുന്നത് വെറും നാലു വർഷം മാത്രം പ്രായമായ അലക്കുകല്ലിന്റെ അടുത്താണ്.
സ്ഥിരമായി തേങ്ങയിടാന്‍ ഷര്‍ട്ട് ഇല്ലാതെ വരുന്ന ചേട്ടന് വയറിന്മേല്‍ സിക്സ് പായ്ക്ക് മസില്‍ തെളിഞ്ഞു നില്‍ക്കുന്നതിനാല്‍ ഋതിക് റോഷന്‍ എന്നാണു വീട്ടില്‍ എല്ലാവരും പരപ്സരം പറയുക. അയാള്‍ നല്ലൊരു മനുഷ്യനാണ്. അലക്കുകല്ലും തെങ്ങും അടുത്തു നിൽക്കുന്നതു കണ്ടപ്പോൾ ഒരു ദിവസം തെങ്ങുകയറാൻ വന്ന ആ ചേട്ടൻ പറഞ്ഞു -
"ഈ അലക്കു കല്ല് തെങ്ങിൻ മൂട്ടില് വേണ്ടാരുന്നു. വേരു പോകും"
അപ്പോൾ പപ്പാ പറഞ്ഞു -
"ഒരു ഒതുക്കത്തിൽ സൗകര്യമുള്ള സ്ഥലം അവിടെയേ കിട്ടിയുള്ളൂ"
പിന്നെ, മമ്മി ന്യായീകരിച്ചു -
"ഇവിടെ പറമ്പിൽ വേറൊരു കല്ലു കൂടിയുണ്ട്. മോള് മാത്രമേ അവിടെ നനയ്ക്കാറുള്ളൂ"
ഋതിക് ഒന്നും ശേഷം പറഞ്ഞില്ല. മറ്റുള്ളവർക്ക് കാര്യഗൗരവം മനസ്സിലായതുമില്ല.
ഒരു ദിവസം, കരുത്തനായ തെങ്ങ്, നിറയെ തേങ്ങകളോടെ കിണറിന്റെ മോട്ടോറും പൈപ്പുകളും അടുത്തുള്ള മാവും തകർത്തു കൊണ്ട് ആർത്തലച്ചു വീണു. എല്ലാവരും ഓടിവന്നു നോക്കിയപ്പോള്‍ തെങ്ങിനു മുകളില്‍ ഒരു കേടുമില്ല. പക്ഷേ, സോപ്പുവെള്ളം വീണ് അതിന്റെ വേരു മാത്രം ദ്രവിച്ച് പോയിരുന്നു!
ചിന്തിക്കുക -
വെറും നാലുവയസ്സുള്ള അലക്കുകല്ല്, തെങ്ങ് എന്ന നാല്പതു വയസ്സുകാരനെ വീഴ്ത്തിയത് എത്ര പെട്ടെന്നാണ്. എത്ര പഴകിയ ശക്തനായ ആളിനെയും വീഴ്ത്താൻ പുതിയ സൗഹൃദങ്ങൾക്കാകും. ദുഷിച്ച സൗഹൃദങ്ങൾ നിലനിർത്താൻ പലരും വരട്ടുന്യായങ്ങൾ പരട്ടത്തലയിൽനിന്ന് പൊട്ടത്തരമായി പറഞ്ഞു കൊണ്ടേയിരിക്കും. കുടുംബ ബന്ധങ്ങളുടെ വേരറുക്കാൻ ആരെയും അനുവദിക്കരുത്!
വൈകിയ പ്രായത്തിലും അവിവാഹിതർ, വിവാഹമോചിതർ, വിധവ/ൻമാർ, പിണങ്ങി നിൽക്കുന്ന ദമ്പതികൾ, സ്നേഹവും ശ്രദ്ധയും പരിഗണനയും കിട്ടാത്തവർ, ആത്മീയ ആചാര്യന്മാരുടെ പിറകെ പോകുന്നവർ, എപ്പോഴും പ്രാര്‍ത്ഥനയും ധ്യാനവും എന്നു പറഞ്ഞു നടക്കുന്നവര്‍, വിദേശത്തു ജോലി ചെയ്യുന്നവരുടെ നാട്ടിലെ ജീവിതപങ്കാളികൾ എന്നിവരൊക്കെ റിസ്ക് കാറ്റഗറിയിലാണ്. ആടിനെ പ്ലാവില കാട്ടി പിറകെ നടത്തുന്ന പോലെ വിഢികളാക്കുന്നവരെയും കാണാം.
അവിടെ യെല്ലോ-ഓറഞ്ച്-റെഡ് അലർട്ടുകൾ ഈ നിമിഷം തന്നെ അങ്ങനെയുള്ള ഓരോ വ്യക്തിയും സ്വയം പ്രഖ്യാപിക്കട്ടെ!
റെഡ് അലർട്ട് പിന്നിട്ടവർക്ക് പിന്നെ ബ്ലാക്ക് (തമസ്സ്) മാത്രം!
അതായത്, ജീവിതം ദീപമണച്ച് ഇരുട്ടിലാകും!
Comments