(1135) ഹോജയും ചെകുത്താനും!
ഹോജയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന കുറെ ആളുകൾ ആ നാട്ടിൽ ഉണ്ടായിരുന്നു. എന്നാൽ, ചിലർക്ക് ഹോജയെ കാണുമ്പോൾ കളിയാക്കണമെന്ന് നിർബന്ധമാണ്.
ഒരിക്കൽ, ഹോജ നടന്നു പോകുന്ന വഴിയിൽ എതിരെ ഒരു പണക്കാരൻ വന്നു. അയാൾ പിശുക്കനാണ്, അഹങ്കാരിയാണ്. അയാൾക്ക് പണമില്ലാത്തവരെ പരിഹസിക്കുന്നത് ഒരു നേരമ്പോക്കായിരുന്നു.
ഹോജയെ കണ്ടപ്പോൾ അയാൾ പറഞ്ഞു -"എടോ, ഹോജാ, തൻ്റെ സഹവാസം ചെകുത്താൻ്റെ കൂടെയാണെന്ന് എല്ലാവരും പറയുന്നുണ്ടല്ലോ"
ഹോജ അതിന് മറുപടി കൊടുക്കാതെ നടക്കാൻ തുടങ്ങി. അന്നേരം, മുതലാളി തുടർന്നു - "എടോ, അവിടെ നിൽക്ക്. നിൻ്റെ കൂടെയുള്ള പിശാചിൻ്റെ രൂപം എങ്ങനെയെന്ന് ഒന്നു പറഞ്ഞിട്ടു പോകടോ!"
ഉടൻ ഹോജ പറഞ്ഞു -"ഞാൻ പറഞ്ഞുതന്നാൽ കൃത്യമായി മുതലാളിക്കു മനസ്സിലാകില്ല. വ്യക്തമായി കാണണമെങ്കിൽ വീട്ടിലേക്ക് ചെന്ന് കണ്ണാടിയിൽ നോക്കൂ!"
Written by Binoy Thomas, Malayalam eBooks-1135- Hoja stories - 71, PDF-https://drive.google.com/file/d/1HeLw2-Z14cxBGD7Dfdo-UwV3jaOW4Apf/view?usp=drivesdk
Comments