(1140) ഹോജയുടെ മഴ!
ഒരു വേനൽക്കാലം പതിവിലും ശക്തമായി ഹോജയുടെ രാജ്യത്തെ ബുദ്ധിമുട്ടിലാക്കി. നാടെങ്ങും വരൾച്ചയായതിനാൽ അനേകം നേർച്ച കാഴ്ചകളും പ്രാർഥനകളുമെല്ലാം നടത്തിയെങ്കിലും യാതൊരു പ്രയോജനവും കിട്ടിയില്ല.
രാജ്യത്തെ രാജാവ് ഒരു യോഗം വിളിച്ചു. അന്നേരം ചിലർ രാജാവിനോടു പറഞ്ഞു -"രാജാവേ, നമ്മുടെ നസറുദ്ദീൻ ഹോജ ഒരു ദിവ്യനെന്ന് പരക്കെ ഒരു വിശ്വാസമുണ്ട്. അതിനാൽ നമുക്ക് അയാളെ വിളിച്ചാലോ?"
രാജാവിന് ആ അഭിപ്രായത്തോട് യോജിപ്പായിരുന്നു. രാജാവിൻ്റെ മുൻപാകെ ഹോജ വന്നു.
ഹോജ പറഞ്ഞു -"എനിക്ക് ഒരു പാത്രം വെള്ളം വേണം. എൻ്റെ കുപ്പായം കഴുകാനാണ് "
ഉടൻ, വെള്ളം കൊണ്ടുവന്നു. ഹോജ നിലത്ത് കുത്തിയിരുന്ന് തൻ്റെ കുപ്പായം അഴിച്ച് വെള്ളത്തിൽ മുക്കി കഴുകിക്കൊണ്ടിരുന്നു.
അത് മഴ പെയ്യിക്കാനുള്ള ഏതോ വിദ്യയാണെന്ന് വിചാരിച്ച് കുറെ നേരം രാജാവും ഭൃത്യന്മാരും മിണ്ടാതെ നിന്നു. ക്ഷമ നശിച്ച രാജാവ് ചോദിച്ചു - "ഹോജ, താൻ ഇതെന്തു ചെയ്യുകയാണ്? മഴ പെയ്യുന്ന യാതൊരു ലക്ഷണവും കാണുന്നില്ലല്ലോ"
ഉടൻ, ഹോജ പറഞ്ഞു -"ഞാനൊരു വിദ്യ പരീക്ഷിച്ചു നോക്കുകയാണ്. സാധാരണയായി നമ്മൾ തുണി നനച്ച് ഉണങ്ങാൻ വെയിലത്ത് ഇടുമ്പോൾ മഴ പെയ്യുന്നത് പതിവാണല്ലോ"
ഹോജയുടെ ആ മറുപടിയിൽ എല്ലാവരും ആർത്തു ചിരിച്ചു.
Written by Binoy Thomas, Malayalam eBooks-1140 - Hoja stories - 76, PDF-https://drive.google.com/file/d/1BlGtTTlzoNidSCJoSLiLEIvMgANiMRCp/view?usp=drivesdk
Comments