(1133) കൊട്ടാരത്തിലെ ചുറ്റുമതിൽ!
തുർക്കിയിലെ രാജാവ് പലപ്പോഴും ഹോജയെ കൊട്ടാരത്തിലേക്ക് വിളിക്കാറുണ്ട്. ഹോജയുടെ പ്രത്യേക വീക്ഷണം രാജാവിന് ഇഷ്ടമാണ്.
എങ്കിലും തരം കിട്ടിയാൽ ആളുകൾ കൂടി നിൽക്കുന്ന ഇടങ്ങളിൽ രാജാവ് ഹോജയെ പരിഹസിക്കാറുമുണ്ട്. ചിലപ്പോൾ ഹോജ തക്കതായ മറുപടി കൊടുക്കും. മറ്റു ചിലപ്പോൾ കൊട്ടാരവാസികൾ ഹോജയെ തോൽപ്പിക്കുകയും ചെയ്യും.
ഒരു ദിവസം, ഹോജ പതിവു പോലെ രാജാവിനെ കാണാൻ കൊട്ടാരമുറ്റത്തെത്തിയപ്പോൾ രാജാവും മന്ത്രിമാരും മുറ്റത്തു നിൽപ്പുണ്ടായിരുന്നു.
ഹോജ കാരണം തിരക്കിയപ്പോൾ രാജാവ് പറഞ്ഞു -"കൊട്ടാരത്തിൻ്റെ ചുറ്റുമതിൽ ഇനിയും ഉയർത്തി കെട്ടാൻ പോകുകയാണ്"
ഹോജ പറഞ്ഞു -"അത് എന്തിനാണ് പ്രഭോ?"
ഉടൻ, മന്ത്രിമാർ എല്ലാവരും ആർത്തു ചിരിച്ചു. രാജാവ് കിട്ടിയ സമയത്ത് ഹോജയെ കളിയാക്കി പറഞ്ഞു -"ഇത് കണ്ടിട്ട് കള്ളന്മാർ പുറത്തു നിന്നും അകത്തേക്ക് കയറാതിരിക്കാനാണ് എന്നുള്ള കാര്യം ഹോജയ്ക്ക് മനസ്സിലായില്ലേ? ഏതു മണ്ടനും മനസ്സിലാകുമല്ലോ?"
ഉടൻ, ഹോജ മന്ത്രിമാരെ നോക്കി പറഞ്ഞു - "പ്രഭോ, പുറത്തെ കള്ളന്മാർ അകത്തേക്കു വരാതിരിക്കാനെന്ന് എനിക്ക് മനസ്സിലായി. പക്ഷേ, ഞാൻ ആശയക്കുഴപ്പത്തിലായത് മറ്റൊരു കാര്യം ആലോചിച്ചാണ് - അകത്ത് നേരത്തേ കയറിക്കൂടിയ കള്ളന്മാരെ എങ്ങനെ പുറത്താക്കും?"
ഉടൻ, രാജാവും മന്ത്രിമാരും ലജ്ജിച്ചു തലതാഴ്ത്തി.
Written by Binoy Thomas, Malayalam eBooks-1133- Hoja story series - 69, PDF-https://drive.google.com/file/d/1UZMBIIO-j8yYO34cTkYayoYmU20jS4cZ/view?usp=drivesdk
Comments