(1134) ഹോജ വൈദ്യൻ!
ഹോജ മുല്ലയ്ക്ക് ചില വൈദ്യന്മാരുടെ കൂടെ പല വീടുകളിലും പോയ പരിചയമുണ്ടായിരുന്നു. മാത്രമല്ല, സ്വന്തം ബുദ്ധിയിൽ തോന്നുന്ന പലതരം പച്ചമരുന്നുകളും പ്രയോഗിക്കാറുണ്ടായിരുന്നു.
ചിലത് ഫലിക്കും. മറ്റു ചിലത് പരാജയമാകാം. എങ്കിലും ആളുകൾ ഹോജയ്ക്ക് എന്തൊക്കയോ കുറച്ച് കഴിവുകൾ ഉണ്ടെന്ന് വിശ്വസിച്ചിരുന്നു.
ഒരു ദിവസം - ഹോജയെ കാണാൻ വീട്ടിലേക്ക് ഒരു സുഹൃത്ത് കടന്നുവന്നു. വയറു വേദനയ്ക്കു പരിഹാരം തേടിയാണു വന്നത്.
ഹോജ ചോദിച്ചു - "താങ്കൾ രാവിലെ എന്താണു കഴിച്ചത്?"
"രണ്ടു കോഴിമുട്ടയാണ് കഴിച്ചത്. അത് കുറച്ചു കേടായതാണോ എന്നു സംശയമുണ്ട്"
ഉടൻ, ഹോജ അയാളെ ഒരു കസേരമേൽ ചാരിക്കിടത്തി. എന്നിട്ട് ചികിൽസാ മുറിയിലെ അലമാരയിൽ നിന്നും തുള്ളിമരുന്ന് കൊണ്ടുവന്ന് അയാളുടെ കണ്ണിൽ ഇറ്റിച്ചു.
സുഹൃത്ത് അമ്പരന്ന് ചോദിച്ചു - "എൻ്റെ കണ്ണിനല്ല വയറിനാണ് വേദന"
ഹോജ പറഞ്ഞു -"രാവിലെ കണ്ണു കാണാതെയാണ് താങ്കൾ രണ്ട് ചീമുട്ട എടുത്തു തിന്നത്. ആദ്യം ചികിൽസ വേണ്ടത് കണ്ണിനാണ് !"
Written by Binoy Thomas, Malayalam eBooks-1134 - Hoja stories - 70, PDF-https://drive.google.com/file/d/1Tl27y2BzDb3D-C6hF2nIuYOwZ06q23SW/view?usp=drivesdk
Comments