(1157) പിഴയിട്ട ശാപം!
ഹോജയുടെ കയ്യിൽ പണം ഉണ്ടായിരുന്ന കാലമായിരുന്നു അത്. ഒരിക്കൽ, അയാൾ ഏതോ കാര്യം ആലോചിച്ചു കൊണ്ട് വഴിയിലൂടെ നടന്നു പോകുകയാണ്ട്.
അന്നേരം, കാൽപാദം ഒരു കല്ലിൽ തട്ടി. ഹോജയുടെ വിരലിൽ രക്തം പൊടിഞ്ഞു. അയാൾ ദേഷ്യത്തോടെ കല്ലിനെ ശപിച്ച് ദേഷ്യം തീർത്തു.
"നീ ഒരായിരം പ്രാവശ്യം തുലഞ്ഞു പോകട്ടെ"
എന്നാൽ, പെട്ടെന്ന് പിറകിൽ നിന്നും ഒരാൾ അലറി വിളിച്ചു - "നീ എന്തിനാണ് എന്നെ ശപിച്ചത്?"
ഹോജ ക്ഷമയോടെ പറഞ്ഞു -"ഞാൻ ശപിച്ചത് കല്ലിനെയാണ് "
പക്ഷേ, ആ അപരിചിതന് അതു സ്വീകാര്യമായില്ല. അയാൾ ന്യായാധിപൻ്റെ പക്കൽ പരാതിയുമായി സമീപിച്ചു. അതിൻപ്രകാരം ഹോജയെ വിചാരണ ചെയ്യാൻ അവിടേക്ക് വിളിപ്പിച്ചു. സാധാരണയായി ഒരു കല്ലിനെ അത്തരത്തിൽ ആരും ശപിച്ചതു കേട്ടിട്ടില്ലാത്തതിനാൽ ന്യായാധിപന് ഹോജാ തെറ്റുകാരനായി തോന്നി.
കോടതി ഹോജയ്ക്ക് 10 വെള്ളിനാണയം പിഴ വിധിച്ചു. എന്നാൽ, ഹോജയ്ക്ക് ദേഷ്യം ഇരച്ചുകയറി. അയാൾ 20 നാണയം ആ മനുഷ്യൻ്റെ കയ്യിലേക്ക് കൊടുത്ത് പറഞ്ഞു -"നീ രണ്ടായിരം പ്രാവശ്യം തുലഞ്ഞു പോകട്ടെ!"
ശാപത്തിൻ്റെ പിഴ ഇരട്ടിച്ചു കൊടുത്ത് ഹോജ തൻ്റെ ശാപവും ഇരട്ടിയാക്കി സ്ഥലം വിട്ടു!
Written by Binoy Thomas, Malayalam eBooks-1157 - Hoja Stories - 93, PDF-https://drive.google.com/file/d/1BBRj0agIJk_UZykdKp4x838Z5k3y8gs1/view?usp=drivesdk
Comments