(1151) ഹോജയുടെ നിലനില്പ്!
ഏതു സാഹചര്യത്തിലും ഹോജയുടെ നർമ്മഭാവന ഏറെ പ്രശസ്തമാണ്. ചെറിയ ഒരു ദൃഷ്ടാന്ത കഥ വായിക്കൂ.
ഹോജ പതിവായി ആരാധനാലയത്തിൽ പോകാറുണ്ട്. പക്ഷേ, അവിടെ ഒരു പ്രശ്നവും ആളുകൾ നേരിടുന്നുണ്ടായിരുന്നു. അതായത്, ചെരിപ്പുകൾ ഊരി നടയിൽ ഇട്ടതിനു ശേഷം ആളുകൾ പ്രാർഥിക്കാൻ ഉള്ളിലേക്ക് പ്രവേശിക്കുന്നു. കുറെ സമയം കഴിഞ്ഞ് ഇറങ്ങി വരുമ്പോൾ സ്വന്തം ചെരിപ്പ് കിടന്നിടത്ത് ഒരു പൊടി പോലും കാണില്ല!
ഈ കാര്യം ഹോജയെയും വല്ലാതെ അലട്ടിയിരുന്നു. അതിനാൽ പഴയ ചെരിപ്പുകൾ കഴിവതും അയാൾ അവിടെ വരാൻ ഉപയോഗിച്ചിരുന്നു. എന്നാൽ, ഒരിക്കൽ ഹോജ പുതിയ ചെരിപ്പ് വാങ്ങി പ്രാർഥനയ്ക്കു വന്നു.
ആ ചെരിപ്പ് മോഷണം പോകാനുള്ള സാധ്യത ഓർത്തപ്പോൾ അയാൾ രണ്ടും കല്പിച്ച് ചെരിപ്പിട്ട് ആദ്യമായി ആരാധനാലയത്തിൽ കയറി!
പ്രാർഥന കഴിഞ്ഞ് ഹോജ ഇറങ്ങിയപ്പോൾ ഒരാൾ പറഞ്ഞു -"എടോ! ചെരിപ്പിട്ടുള്ള പ്രാർഥനയ്ക്ക് യാതൊരു നിലനില്പുമില്ലാ"
ഉടൻ, ഹോജ പറഞ്ഞു -"അതു ശരിയാവാം. പക്ഷേ, ഞാൻ ചെരിപ്പില്ലാതെ അകത്തു കയറിയാൽ പുറത്തെ ചെരിപ്പിന് യാതൊരു നിലനില്പുമില്ല"
അയാൾ അതുകേട്ട് കണ്ണുമിഴിച്ചു!
Written by Binoy Thomas, Malayalam eBooks-1151 - Hoja - 87, PDF-https://drive.google.com/file/d/18ckUbwnYwlaVpJV-7mFB3yTGEXocR4mz/view?usp=drivesdk
Comments