(1160) അടിമയുടെ അടിമ!

 പണ്ട്, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്നത് വിക്രമൻ രാജാവായിരുന്നു. 

ഇഷ്ടമല്ലാത്ത ചെറിയ കാര്യങ്ങൾക്കു പോലും ഉഗ്രകോപം വരുന്ന രീതി രാജാവിന് ഉണ്ടായിരുന്നു. 

ദേഷ്യം വന്നാൽ വാളെടുത്ത് വീശുന്നത് പതിവാണ്. 

ഒരിക്കൽ, രാജാവ് കുതിരപ്പുറത്ത് ദൂരെ ദേശത്തേക്ക് യാത്ര പോകേണ്ട ആവശ്യമുണ്ടായി.

അങ്ങനെ, രാജാവ് കുറെ ദൂരം പിന്നിട്ടപ്പോൾ വല്ലാത്ത വിശപ്പും ദാഹവും തോന്നി.

അടുത്ത് എവിടെയെങ്കിലും ഭക്ഷണശാല ഉണ്ടോയെന്ന് ആരോടെങ്കിലും ചോദിക്കാൻ തീരുമാനിച്ചു.

എന്നാൽ, രാജാവ് യാത്ര ചെയ്ത വഴിയിൽ ആരെയും കണ്ടില്ല.

ഒടുവിൽ, വഴിയരികിലെ മരത്തണലിൽ പരദേശിയായ സന്യാസി ഉറങ്ങുന്നതു കണ്ടു.

രാജാവ് ചോദിച്ചു - "ഇവിടെ അടുത്ത് എവിടെങ്കിലും ഭക്ഷണശാലയുണ്ടോ?"

അതുകേട്ട് കണ്ണു തുറന്ന സന്യാസി ചോദിച്ചു - "നിങ്ങൾ ആരാണ്?"

പെട്ടെന്ന്, രാജാവിന് ദേഷ്യം ഇരച്ചുകയറി - "ഞാൻ രാജാവാണ്. നീ എൻ്റെ രാജ്യത്തിലെ അടിമയും"

അതുകേട്ട്, സന്യാസി പുഞ്ചിരിച്ചു. അതുകണ്ട്, രാജാവ് വാൾ വീശി വിറച്ചു!

അന്നേരം, സന്യാസി പറഞ്ഞു -"ഇപ്പോഴാണ് താങ്കൾ ആരാണെന്ന് എനിക്കു ശരിക്കും മനസ്സിലായത് "

രാജാവ് ഗർജ്ജിച്ചു - "എന്തു മനസ്സിലായി?"

സന്യാസി തുടർന്നു - "താങ്കൾ എൻ്റെ അടിമയുടെ അടിമയാണ്"

രാജാവ് സന്യാസിയെ വെട്ടാനായി വാൾ ഓങ്ങി - " അടിമയോ? നീ വ്യക്തമായി പറയൂ"

സന്യാസി പുഞ്ചിരിയോടെ തുടർന്നു - "താങ്കൾ കോപത്തിൻ്റെ അടിമയാണ്. എന്നാൽ, എൻ്റെ അടിമയാണ് കോപം. അതിനാൽ, എൻ്റെ അടിമയുടെ അടിമയാണ് താങ്കൾ"

പെട്ടെന്ന് രാജാവ് വാൾ പിൻവലിച്ചു. സന്യാസിയോട് ക്ഷമാപണം നടത്തി അവിടെ നിന്നും യാത്രയായി.

ആശയം :  പ്രിയ മിത്രമേ, നിങ്ങൾ ഈ നിമിഷം ചിന്തിക്കുക - താങ്കൾ കോപത്തിൻ്റെ അടിമയോ? കോപം താങ്കളുടെ അടിമയോ?"

Written by Binoy Thomas, Malayalam eBooks- 1160-തിന്മകൾ - 64, PDF-https://drive.google.com/file/d/1E3BVIq0F8i4HJvHPhYxcg-kysm5S_Mbp/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

ചെറുകഥകള്‍