(1139) ഹോജയുടെ മുടന്തന്യായം!
ഹോജയുടെ കുറ്റങ്ങളും കുറവുകളും നിവൃത്തികേടുകളും എല്ലാം എങ്ങനെയെങ്കിലും മറികടക്കുന്ന സ്വന്തമായ രീതി അദ്ദേഹത്തിനുണ്ടായിരുന്നു.
അഥവാ, അബദ്ധങ്ങളാണെങ്കിലും എന്തെങ്കിലും മറുവാദം പറഞ്ഞ് പിടിച്ചു നിൽക്കും. അത്തരം ഒരു കഥയാവട്ടെ അടുത്തത് -
ഒരു ദിവസം ഹോജ മുഖ്യ പാതയിലൂടെ നടന്നു വരുമ്പോൾ ആ പ്രദേശത്തെ ധനികനായ ഒരാൾ ഹോജയോടു പറഞ്ഞു - "എടോ, താൻ എൻ്റെ തറവാട്ടിലേക്ക് ഒരു നായയെ മേടിച്ചു തരണം. നല്ല ശൗര്യവും കരുത്തും ഉള്ളതാവണം"
ഹോജ നല്ലൊരു പട്ടിക്കായി പലയിടത്തും തിരക്കി നടന്നെങ്കിലും യാതൊന്നിനെയും കിട്ടിയില്ല. അവസാനം വഴിയിലൂടെ അലഞ്ഞു തിരിഞ്ഞു നടന്ന ഒരു തെരുവു നായയെ കിട്ടി.
അതുമായി ഹോജ ധനികൻ്റെ തറവാട്ടു മുറ്റത്തെത്തി. മുതലാളിക്ക് എല്ലും തോലുമായി മുന്നിൽ നിൽക്കുന്ന പട്ടിയെ കണ്ടിട്ട് കലിയിളകി!
" എടോ, ഹോജാ ഞാൻ നിന്നോടു പറഞ്ഞത് ഇതുപോലെ എല്ലും തോലുമായ ഒരെണ്ണമാണോ? എവിടെയാണ് ഇതിൻ്റെ ശൗര്യവും കരുത്തും?"
ഉടൻ, ഹോജ പിടിച്ചു നിൽക്കാൻ ഒരു സൂത്രം പ്രയോഗിച്ചു - "ഏതു നായയാണെങ്കിലും അങ്ങയുടെ കരുത്തും ബുദ്ധിയും ശൂരത്വവുമെല്ലാം സഹവാസം കൊണ്ട് ഈ നായ്ക്കും പകർന്നു കിട്ടും. അതു കൊണ്ട് ഒന്നും പേടിക്കാനില്ല"
ആ മുഖസ്തുതിയിൽ മയങ്ങിയ ധനികൻ ഹോജയ്ക്ക് നാണയങ്ങളും കൊടുത്തു യാത്രയാക്കി.
Written by Binoy Thomas, Malayalam eBooks-1139 - Hoja stories - 75, PDF-https://drive.google.com/file/d/1iII1BGCmPG7HYsrYAbxDdf4awFXIUtaD/view?usp=drivesdk
Comments