(1148) സുഹൃത്തിൻ്റെ പരിഹാസം!
ഹോജമുല്ലയുടെ ജീവിതത്തിൽ അനേകം പേരുടെ പരിഹാസം ഏൽക്കേണ്ടതായി വന്നിട്ടുണ്ട്. അതേ പോലെ, അദ്ദേഹവും അനേകം ആളുകളെ കളിയാക്കിയിട്ടുണ്ട്.
ഇതിനിടയിൽ സുഹൃത്തുകളിൽ ചിലർക്ക് ഹോജയോട് അസൂയ ഉണ്ടായിരുന്നു. മുഖ്യമായും, ഹോജ കൊട്ടാരത്തിലെത്തി രാജാവുമായി ചങ്ങാത്തം ഉണ്ടായിരുന്നതാണ് ഇതിനു കാരണം.
ഒരു ദിവസം, ഒരു നാൽക്കവലയിലൂടെ ഹോജ നടന്നു പോയ സമയം. ആൾത്തിരക്കുള്ള കവലയാണത്. ഒരുവൻ ഹോജയെ വിളിച്ച് ഉച്ചത്തിൽ കൂവി - "ഹോജ, കൊട്ടാരത്തിൽ ഒരു വലിയ വിരുന്ന് നടക്കുന്നുണ്ട്"
ആ വിരുന്നിൽ രാജാവ് ഹോജയെ ക്ഷണിച്ചില്ല എന്ന് മറ്റാളുകളെ കേൾപ്പിക്കുകയായിരുന്നു അവൻ്റെ ലക്ഷ്യം. അതു മനസ്സിലാക്കിയ ഹോജ പെട്ടെന്ന് പറഞ്ഞു -"അതിന് എനിക്കെന്താ?"
ഹോജ നിസ്സാരമായി അതു തള്ളിയെന്ന് മനസ്സിലാക്കിയ അവൻ വീണ്ടും പരിഹസിക്കാനായി തുടർന്നു - "ഹോജയെ പ്രത്യേകം ക്ഷണിക്കാൻ രാജാവ് ദൂതനെ പറഞ്ഞു വിടുന്നുണ്ട്"
അതിനും ചുട്ട മറുപടി ഹോജ കൊടുത്തു - "അതിന് തനിക്കെന്താ?"
ചുരുങ്ങിയ രണ്ടു വാക്കുകളിൽ എതിരാളിയെ മലർത്തിയടിച്ച ഹോജയെ ആളുകൾ ആശ്ചര്യത്തോടെ നോക്കി. പിന്നീട്, മറ്റൊന്നും പറയാതെ, എതിരാളി ലജ്ജയോടെ അവിടം വിട്ടു.
Written by Binoy Thomas, Malayalam eBooks-1148 - Hoja stories - 84, PDF-https://drive.google.com/file/d/1jPgiitjhftaER1316jtsXbwrl0rUSKnc/view?usp=drivesdk
Comments