(1144) ഹോജയുടെ വിശ്വാസം!
ഒരു കാലത്ത്, ഹോജയുടെ കൈവശം പണമുണ്ടായിരുന്ന സമയം. ഒരു ദിവസം ഹോജയെ കാണാനായി വീട്ടിലേക്ക് അയൽവാസി വന്നു.
"ഹോജാ, എനിക്ക് 50 ദനാറാ കടമായി വേണം. അടുത്ത ആഴ്ച ഞാൻ തിരിച്ചു തന്നുകൊള്ളാം"
ഹോജാ ഉടൻ, അലമാരയിൽ നിന്നും പണം എടുത്ത് അയാൾക്ക് കൊടുത്തു വിട്ടു.
അന്നേരം, ഹോജാ പിറുപിറുത്തു -"ഹും! ഇവൻ പണം കടം മേടിച്ചാൽ ആർക്കും തിരിച്ചു കൊടുത്ത ചരിത്രമില്ല. സാരമില്ല, ഇനി മേലിൽ എൻ്റെ പരിസരത്തു പോലും വരില്ല. ഹ..ഹ.."
ഒരാഴ്ച കഴിഞ്ഞു. രാവിലെ അയാൾ ഹോജയെ കാണാൻ വാതിലിൽ മുട്ടി. വീടിൻ്റെ അകത്തു നിന്ന് അവനെ കണ്ടപ്പോൾ ഹോജ പിറുപിറുത്തു - "പണം തിരികെ തരാനുള്ള സമയം നീട്ടാൻ വേണ്ടി ആയിരിക്കും"
അയാൾ പണക്കിഴി ഹോജയുടെ കയ്യിൽ ഏൽപ്പിച്ചിട്ട് നന്ദി പറഞ്ഞു തിരികെ നടന്നു.
അന്നേരം ഹോജ വീണ്ടും പിറുപിറുത്തു - "എൻ്റെ വിശ്വാസം അവൻ തെറ്റിച്ചിരിക്കുന്നു. പണം തിരികെ തന്നു"
രണ്ടു മാസം കഴിഞ്ഞിരിക്കുന്നു. ഒരു ദിവസം രാവിലെ, നേരത്തേ കടം മേടിച്ച അതേ ആൾ ഹോജയെ കാണാൻ എത്തി.
"എനിക്ക് പണത്തിൻ്റെ അത്യാവശ്യമുണ്ട്. 100 ദനാറാ കടമായി തരണം. ഞാൻ അടുത്ത മാസം പലിശ ഉൾപ്പെടെ തിരികെ തരാം"
ഉടൻ, ഹോജാ ദേഷ്യപ്പെട്ടു - "ഇല്ലാ, എനിക്ക് നിൻ്റെ മേലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഞാൻ കടം തരില്ല"
അയാൾ അമ്പരന്നു! ഒന്നും മിണ്ടാതെ തിരികെ നടന്നു.
Written by Binoy Thomas, Malayalam eBooks-1144- Hoja series - 80, PDF-https://drive.google.com/file/d/1umE_7tJMantULtp_rpTRUweHbubzl9gd/view?usp=drivesdk
Comments