(1154) ഹോജയുടെ ചങ്ങാതികൾ!
ഒരു കാലത്ത്, ഹോജയ്ക്ക് ധാരാളം പണം കൈവശമുണ്ടായിരുന്നു. അതു കൊണ്ടുതന്നെ ചുറ്റിനും സുഹൃത്തുക്കൾ ഉണ്ടായിരുന്നു. കാരണം, ഹോജയ്ക്ക് പണം ചെലവാക്കുന്നതിൽ ഒരു മടിയും ഉണ്ടായിരുന്നില്ല.
ഇതെല്ലാം കണ്ട് ഒരു പ്രായമേറിയ അയൽവാസി ഹോജയെ കണ്ടപ്പോൾ ചോദിച്ചു - "ഹോജാ, താങ്കൾക്ക് അനേകം ചങ്ങാതിമാർ ഉണ്ടല്ലോ. എങ്കിലും ഇപ്പോൾ എത്രയെണ്ണം ഉണ്ടാകും?"
ഹോജ യാതൊരു മടിയും കൂടാതെ പറഞ്ഞു - "ഇപ്പോൾ എത്ര കൂട്ടുകാർ ഉണ്ടെന്ന് എനിക്കറിയില്ല. എന്നാൽ, ഞാൻ ദരിദ്രനാകുന്ന ദിവസം കൃത്യമായി എത്ര ചങ്ങാതികൾ ഉണ്ടെന്ന് ഉറപ്പായും താങ്കളോട് പറയാം"
ആപത്തു കാലത്താണ് ആരൊക്കെ കൂടെ ഉണ്ടാകും എന്ന സത്യം മനസ്സിലാക്കാൻ പറ്റുന്നത് എന്ന ആശയം അയൽവാസിക്ക് ഈ വിധം ലളിതമായി പറഞ്ഞു കൊടുക്കാൻ ഹോജയ്ക്കു കഴിഞ്ഞു.
Written by Binoy Thomas, Malayalam eBooks-1154 - Hoja stories - 90, PDF-https://drive.google.com/file/d/1XfVjfUi3zZpGxBjq_WS-Xu0X9AFp7uKq/view?usp=drivesdk
Comments