(1150) ഹോജയുടെ സൂപ്പ്!
ചില അവസരങ്ങളിൽ ഹോജയുടെ കയ്യിൽ നിന്നും പലരും വിവിധ സാധനങ്ങൾ കബളിപ്പിച്ചു കൊണ്ടുപോയിട്ടുണ്ട്.
ഒരിക്കൽ, ഹോജയുടെ സുഹൃത്ത് ഒരു കോഴിയെ ഹോജയ്ക്കു കൊടുത്തു. അതേ സമയം, കോഴിയെ ദാനം ചെയ്ത കാര്യം ആ സുഹൃത്ത് പലരോടും പൊങ്ങച്ചമായി വിളമ്പിയിരുന്നു.
അതു കേട്ടപ്പോൾ ചിലർ വിചാരിച്ചു - ഹോജയുടെ പാചകം കൊട്ടാരത്തിൽ വരെ പ്രശസ്തമാണ്, അതിനാൽ ഇന്ന് ഹോജയുടെ വീട് സന്ദർശിച്ചാൽ രുചിയേറിയ കോഴിവിഭവം എന്തെങ്കിലും തരപ്പെടും!
ഹോജ കോഴിയെ കൊന്ന് സ്വാദേറിയ കോഴിസൂപ്പ് ഉണ്ടാക്കി. അന്നേരം, വാതിലിൽ ഒരു മുട്ടു കേട്ടു. വാതിൽ തുറന്നപ്പോൾ ഒരാൾ വീടിനകത്തേക്കു കയറി പറഞ്ഞു - "ഇന്ന് ഹോജയ്ക്കു കോഴിയെ സമ്മാനിച്ച ആളിൻ്റെ സഹോദരനാണു ഞാൻ"
വന്നതിൻ്റെ ഉദ്ദേശ്യം മനസ്സിലായ ഹോജാ അടുക്കളയിൽ നിന്നും ഒരു കോപ്പയിൽ സൂപ്പ് വിളമ്പി അയാൾക്കു കൊടുത്തു. അവൻ തിരികെ പോയപ്പോൾ സൂപ്പ് കിട്ടിയ കാര്യം ബന്ധുവിനോടു പറഞ്ഞു.
അയാൾ പാഞ്ഞ് ഹോജയുടെ വീട്ടിലെത്തി പറഞ്ഞു - "ഇന്ന് കോഴിയെ തന്ന ആളിൻ്റെ ബന്ധുവാണ് ഞാൻ "
ഹോജ വിഷമത്തോടെ കോപ്പയുടെ പകുതി സൂപ്പും പകുതി ചൂടുവെള്ളവും നിറച്ച് സൂപ്പ് വിളമ്പി. അവൻ അതു ശാപ്പിട്ടു കഴിഞ്ഞ് വേഗം പോയി അവൻ്റെ ബന്ധുവിനോടു പറഞ്ഞു -"നീ വേഗം ഹോജയുടെ വീട്ടിലേക്കു ചെന്നാൽ കോഴിസൂപ്പ് കഴിക്കാം. രുചി അല്പം കുറവാണ്"
അവൻ വേഗം ഹോജയുടെ വീട്ടിലെത്തി. ഹോജ അല്പം വിഷമത്തോടെ ചോദിച്ചു - "താങ്കളെ എനിക്കു പരിചയമില്ലല്ലോ. ആരാണ്?"
"നിങ്ങൾക്കു കോഴിയെ തന്ന ആളിൻ്റെ ബന്ധു കുറച്ചു മുൻപ് ഇവിടെ വന്നല്ലോ. ആ ബന്ധുവിൻ്റെ ബന്ധുവാണ്"
ഉടൻ, ഹോജ മുറിയിലേക്കു പോയി. ലേശം സൂപ്പ് കോപ്പയിലേക്ക് ഒഴിച്ചിട്ട് ചൂടുവെള്ളം ഒഴിച്ച് കോപ്പ നിറച്ചു. എന്നിട്ട് അയാൾക്ക് കൊടുത്തു.
"ത്ഫൂ!" അയാൾ ഒരു കവിൾ എടുത്തിട്ട് മുറ്റത്തേക്കു തുപ്പി. ഉടൻ ചോദിച്ചു - "ഇതാണോ കോഴിസൂപ്പ്?"
ഹോജ പറഞ്ഞു -"കോഴി തന്ന ആളിൻ്റെ കോഴിസൂപ്പിൻ്റെ സൂപ്പിൻ്റെ സൂപ്പാണിത്!"
അയാൾ ദേഷ്യപ്പെട്ട് അവിടെ നിന്നും ഇറങ്ങി നടന്നു.
Written by Binoy Thomas, Malayalam eBooks-1150- Hoja stories - 86, PDF-https://drive.google.com/file/d/1YrmQncx2gdHKTqtjnj8_9aiQD63QJkeW/view?usp=drivesdk
Comments