(1145) ഹോജയുടെ പുതിയ വീട്!
കുറെ നാളായി ഒരു ദീർഘ ദൂര യാത്ര പോകാനുണ്ടെന്ന് ഹോജ മുല്ല കൂട്ടുകാരോടു പറയുമായിരുന്നു. ഒരു ദിവസം, അദ്ദേഹം രാവിലെ പുറപ്പെട്ടു. എന്നാലോ? കുറെ ദൂരം നടന്നപ്പോൾ വല്ലാത്ത ക്ഷീണം തോന്നി.
അതിനാൽ, യാത്ര പൂർത്തിയാക്കാൻ പറ്റില്ലെന്ന് തോന്നിയതിനാൽ അയാൾ തിരികെ നടന്നു. രാത്രിയായപ്പോൾ വീട്ടിലെത്തി.
പക്ഷേ, അവിടെ കണ്ട കാഴ്ച ഹോജയെ അത്ഭുതപ്പെടുത്തി. കാരണം, ഒരു കള്ളൻ ഹോജയുടെ യാത്ര അറിഞ്ഞ് മോഷണത്തിനായി ഇതിനകം അവിടെ എത്തിയിരുന്നു.
സർവ്വ സാധനങ്ങളും അടുക്കി കെട്ടിവച്ചിരിക്കുന്നു. കുറെ സാധനങ്ങൾ അയാളുടെ വീട്ടിലേക്ക് കടത്തി. മിച്ചമുള്ളത് തലച്ചുമടായി കൊണ്ടു പോകുന്നത് ഹോജ ഒളിച്ചിരുന്നു നോക്കി.
പിന്നെ, ശബ്ദമുണ്ടാക്കാതെ കള്ളൻ്റെ വഴികൾ പിന്തുടർന്ന് അവൻ്റെ വീട്ടിലെത്തി. അവിടെ കട്ടിലിൽ ഹോജ കയറി മലർന്നു കിടന്ന് ഉറക്കമായി.
കള്ളൻ അടുക്കളയിൽ ചായ ഉണ്ടാക്കുകയാണ്. കുറെ കഴിഞ്ഞ് അയാൾ മുന്നിലെ മുറിയിലേക്ക് വന്നപ്പോൾ ഞെട്ടി!
ഒരാൾ കട്ടിലിൽ ഉറങ്ങുന്നു. കള്ളൻ ദേഷ്യത്തിൽ അലറി - "നീ ഏതാ? നിനക്കെന്താ ഇവിടെ കാര്യം?"
ഹോജ കണ്ണു തുറന്ന് കിടന്നുകൊണ്ട് പറഞ്ഞു -"ഞാൻ കുറെ നാളായി വിചാരിക്കുന്നു എൻ്റെ വീട്ടിൽ നിന്നും മാറി താമസിക്കണമെന്ന്. അപ്പോഴാണ് നീ എൻ്റെ വീട്ടിലെ സാധനങ്ങളെല്ലാം ഈ പുതിയ വീട്ടിൽ കൊണ്ടുവന്നത്. ഇനി ഇതാണ് എൻ്റെ വീട്!"
മോഷണ വിവരം ഉടമ അറിഞ്ഞതിനാൽ കള്ളൻ ആ ദേശം വിട്ട് അയൽ രാജ്യത്തേക്ക് ഒളിച്ചോടി!
Written by Binoy Thomas, Malayalam eBooks-1145 - Hoja stories - 81, PDF-https://drive.google.com/file/d/1_bmCfLgISBeyebxZcKU3JAa4Kf3ShTmw/view?usp=drivesdk
Comments