(1130) മണ്ടശിരോമണി!
ശിരോമണി എന്നാൽ ഏറ്റവും മികച്ചവൻ എന്നാണ് അർത്ഥം. ഇതേ പേരുള്ള ഒരാൾ മുതലാളിയുടെ വേലക്കാരനായി കഴിഞ്ഞു വന്നിരുന്ന കാലം.
എന്നാൽ, സ്വന്തം പേരുമായി ഒട്ടും യോജിക്കാത്ത ആളായിരുന്നു ശിരോമണി. എങ്കിലും, നേരത്തേ ഒരായുസ്സ് മുഴുവനും ഈ തറവാട്ടിൽ വളരെ നന്നായി പണിയെടുത്ത ശേഷം വിരമിച്ച അമ്മിണിയുടെ മകനായിരുന്നതിനാൽ മുതലാളിക്ക് ശിരോമണിയോടു മനസ്സലിവ് ഉണ്ടായിരുന്നു.
എങ്കിലും, ബുദ്ധിശക്തിയുടെ കുറവു കാരണം അവനെ വഴക്കു പറയുന്നത് മുതലാളിക്ക് ഒരു ശീലമായി മാറി.
ഒരിക്കൽ, ശിരോമണി ചന്തയിൽ നിന്നും വിറകു കെട്ടുമായി വന്ന സമയത്ത് അവൻ മുതലാളിയോടു പറഞ്ഞു -"ഏമാനേ, വിറക് ഒന്നു പിടിച്ചു താഴെയിറക്കാമോ?"
മുതലാളി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു -"എടാ, മണ്ടാ, വിറക് താഴേക്ക് ഇട്ടാൽ മതി"
അടുത്ത ദിവസം ചന്തയിൽ നിന്നും ഒരു കുട്ട നിറയെ മൺകലങ്ങളും ചട്ടികളും തലയിൽ ചുമന്ന് മുറ്റത്ത് വന്നപ്പോൾ മുതലാളി പതിയെ താഴെ വയ്ക്കാൻ സഹായിക്കാനെത്തി.
"പ്ധും!" വിറക് താഴെയിട്ട അതേ ശൈലിയിൽ മൺപാത്രങ്ങൾ താഴെ വീണ് പൊട്ടിച്ചിതറി!
അന്നേരം, ദേഷ്യത്തോടെ മുതലാളി പറഞ്ഞു -"നമ്മുടെ ഉന്തുവണ്ടിയിൽ കലം വച്ചു വന്നാൽ ഈ നഷ്ടം വരുമായിരുന്നോ?"
അടുത്ത ദിവസം ചന്തയിൽ ഉന്തു വണ്ടിയുമായി അവൻ പോയി. അന്ന് വാങ്ങാനുള്ളത് ഏതാനും തീപ്പെട്ടികൾ മാത്രം. അത് ഉന്തുവണ്ടിയിൽ കൊണ്ടുവന്നു.
അപ്പോഴും മുതലാളി പറഞ്ഞു -"എടാ പൊട്ടാ, എന്തിനാണ് തീപ്പെട്ടിക്ക് ഉന്തുവണ്ടി? നിൻ്റെ കീശയിൽ കൊണ്ടു വന്നാൽ മതിയായിരുന്നില്ലേ?"
അടുത്ത ദിവസം ചന്തയിൽ നിന്നും വെണ്ണ മേടിക്കാൻ പറഞ്ഞുവിട്ടു. എന്നാൽ, അയാൾ പാത്രമെടുത്തില്ല. ചന്തയിലെ വെണ്ണ കീശയിൽ ഒഴിച്ച് കൊണ്ടുവന്നു!
മറ്റൊരു ദിവസം, തേങ്ങ മേടിച്ചു വന്നപ്പോൾ അതിൽ കരിക്കും ഉണ്ടായിരുന്നു. അന്നേരം, മുതലാളി കാണിച്ചു -" ഇങ്ങനെ തേങ്ങ കുലുക്കി നോക്കി നല്ല വിളഞ്ഞതാണെന്ന് മനസ്സിലാക്കി മേടിക്കണം"
അടുത്ത ദിവസം, ശിരോമണി 50 മുട്ടകൾ വാങ്ങി വീട്ടിലെത്തി. മുതലാളി ചോദിച്ചു - "എന്താടാ, ചീമുട്ട അതിൽ വച്ച് നിന്നെ കച്ചവടക്കാര് പറ്റിച്ചോ?"
"ഇല്ല, മുതലാളീ. നല്ലതാണെന്ന് ഞാൻ കാണിച്ചു തരാം"
തലേദിവസം തേങ്ങ കുലുക്കിയതു പോലെ ശിരോമണി മുട്ടസഞ്ചി ഒന്നാകെ കുലുക്കി! മിക്കവാറും മുട്ടകളും പൊട്ടിപ്പോയി!
വേറെ ഒരു ദിവസം - ചന്തയിൽ നിന്നും കുറെ ചെടികൾ കൊണ്ടു വന്നപ്പോൾ അതെല്ലാം ഉണങ്ങിപ്പോയിരുന്നു.
മുതലാളി പറഞ്ഞു -"കുറച്ചു വെള്ളത്തിൽ മുക്കിവച്ച് കൊണ്ടുവന്നാൽ ചെടി നശിക്കില്ലായിരുന്നു."
അത് ശ്രദ്ധിച്ചു കേട്ട് അടുത്ത ദിവസം പഞ്ചസാര വാങ്ങി വന്നപ്പോൾ വെള്ളത്തിൽ പിടിച്ചിരുന്ന സഞ്ചി കണ്ട് മുതലാളി ഞെട്ടി! കാരണം, പഞ്ചസാര അലിഞ്ഞു പോയിരുന്നു.
ഒരു ദിവസം, മുതലാളിയുടെ കാൽ മുറിഞ്ഞപ്പോൾ വൈദ്യൻ വന്ന് മുറിവിൽ മരുന്നു വച്ച് തുണികൊണ്ട് വട്ടത്തിൽ മുറുക്കി കെട്ടി. അന്നേരം, മുതലാളി ശിരോമണിയോടു പറഞ്ഞു -"ഒരു മുറിവ് വന്നാൽ എങ്ങനെ കെട്ടണം എന്നു മനസ്സിലായോ?"
പക്ഷേ, അന്ന് മുതലാളി മുഖക്ഷൗരം ചെയ്ത സമയത്ത് തൊണ്ടയിൽ കത്തി കൊണ്ട് മുറിഞ്ഞു. ഉടൻ, ഓടി വന്ന് ശിരോമണി മുതലാളിയുടെ കഴുത്തിൽ തുണികൊണ്ട് വട്ടത്തിൽ കെട്ടാൻ ഭാവിച്ചു. മുതലാളി അവനെ തല്ലിയോടിച്ചു.
ഒരു സമയത്ത്, തറവാട്ടിൽ എലിശല്യം കൂടുതലാകയാൽ എലിയെ പിടിക്കുന്ന ചൂരൽ കെണി വാങ്ങി ശിരോമണി അവിടെത്തി. എന്നാൽ, അതിൻ്റെ വാതിൽ തുറക്കാനും അടക്കാനും ബുദ്ധിമുട്ടായിരുന്നു.
"ഒരു കൂട് വാങ്ങിയാൽ അത് ആദ്യം നന്നായി തുറന്ന് നോക്കണം. പിന്നെ അടച്ചു നോക്കണം"
അടുത്ത ആഴ്ചയിൽ വരാന്തമേൽ തൂക്കിയിടാൻ ഒരു തത്തയെ ചന്തയിൽ നിന്നും കൂട്ടിലിട്ട് വാങ്ങി വന്നു.
മുതലാളി പറഞ്ഞു -"എടാ, കിളിക്കൂട് നന്നായി തുറക്കാനും അടയ്ക്കാനും പറ്റുമോ?"
ആ നിമിഷം, കൂട് തുറന്ന ശിരോമണിയെ വെട്ടിച്ച് തത്ത പറന്നുപോയി!
അടുത്തയാഴ്ചയിൽ ശർക്കര വാങ്ങി വന്നപ്പോൾ മുതലാളി അത് കുറച്ചു തിന്നു നോക്കി. അദ്ദേഹം പറഞ്ഞു -"ആഹാരം മേടിക്കുമ്പോൾ ഒന്നു രുചിച്ചു നോക്കണം. എങ്കിൽ, ഇത്രയും രുചിയില്ലാത്തത് ഇവിടെ മേടിക്കുമായിരുന്നോ?"
ഇതിനിടയിൽ, തറവാട്ടിലെ കുടുംബാംഗങ്ങൾ പലപ്പോഴും പറഞ്ഞു- "ഇവനെ പറഞ്ഞു വിടണം"
അന്നേരം മുതലാളി പറയുന്നത് - "അവൻ്റെ അമ്മ ജോലി ചെയ്ത കാലം നിങ്ങൾ മറന്നു പോയോ?"
പിന്നീട്, മുതലാളി തറവാട്ടിലെ എലികളെ എലിവിഷം വച്ച് നശിപ്പിക്കാൻ തീരുമാനിച്ചു. ശിരോമണിയെ എലിവിഷം മേടിക്കാൻ ചന്തയിൽ വിട്ടു. തിരികെ വരുമ്പോൾ ശിരോമണി പിറുപിറുത്തു - "ഇതിനു രുചി കാണുമോ? രുചിയില്ലെങ്കിൽ എലി തിന്നുമോ?"
ശിരോമണി അല്പം തിന്നുനോക്കി! ആ ചെമ്മൺ പാതയിൽ ശിരോമണി കുഴഞ്ഞുവീണു മരിച്ചു!
അതറിഞ്ഞ്, തറവാട്ടുകാർ പറഞ്ഞു -"ആ മണ്ടശിരോമണിയുടെ ജീവിതം അങ്ങനെ അവസാനിച്ചു!"
Written by Binoy Thomas, Malayalam eBooks-1130-narma kathakal -7, PDF-https://drive.google.com/file/d/1A4y8ee_QacS3gJ3ZCLVFGmy5PXoPdAEG/view?usp=drivesdk
Comments