ദാനത്തിനു പ്രശസ്തി വേണമോ?
ശ്രീബുദ്ധന്റെ കാലത്ത് ബാസവഭട്ടാചാര്യ എന്നൊരു ധനികൻ ജീവിച്ചിരുന്നു. വളരെയേറെ സമ്പത്തിന് ഉടമയായിരുന്നു അയാൾ. എന്നാലോ? പണ സമ്പാദനത്തിന്റെ മാർഗങ്ങൾ വളരെ ദുഷിച്ചതായിരുന്നു. വട്ടിപ്പലിശയ്ക്ക് പണം കടം കൊടുക്കുക, തിരിച്ചടവ് മുടങ്ങുമ്പോൾ പണയ വസ്തു കൈവശപ്പെടുത്തുക, ആളുകളെ ഭീഷണിപ്പെടുത്തുക എന്നിങ്ങനെ അസാന്മാർഗികമായി സ്വർണവും വജ്രശേഖരവും വസ്തുവകകളും കുന്നുകൂടി. എന്നാൽ, ഇതിനൊപ്പം മനസ്സമാധാനവും പോയിത്തുടങ്ങി.
അങ്ങനെയിരിക്കെ, ബാസവന് ഒരു ബുദ്ധിയുദിച്ചു - തന്റെ പാപങ്ങൾ പോയി ഐശ്വര്യവും മനസ്സുഖവും കൈവരാൻ ശ്രീബുദ്ധനെ ഈ മാളികയിലേക്ക് കൊണ്ടു വന്നാൽ മതിയല്ലോ. ആ അനുഗ്രഹം കിട്ടിയാൽ താൻ രക്ഷപ്പെടും.
അയാൾ ശ്രീബുദ്ധന്റ മുൻപാകെ ഈ ആവശ്യം ഉന്നയിച്ചു. ഇതു കേട്ട് ശ്രീബുദ്ധനൊപ്പം ഉണ്ടായിരുന്നവർ നെറ്റി ചുളിച്ചു മുറുമുറുത്തു-
"ഈ വഞ്ചകന്റെ ക്ഷണം ശ്രീബുദ്ധൻ സ്വീകരിക്കുമോ? സ്വീകരിച്ചാൽത്തന്നെ അവന്റെ മാളികയിൽ പോകുന്നതു ന്യായമോ?"
പക്ഷേ, ശ്രീബുദ്ധൻ മാളികയിലേക്ക് വരാമെന്ന് സമ്മതിച്ചു. അതിനൊപ്പം ഒരു വ്യവസ്ഥയും മുന്നോട്ടു വച്ചു -
"ഈ വരുന്ന വൈശാഖ മാസത്തിലെ ആദ്യ ദിനത്തിൽ ഞാൻ താങ്കളുടെ ഭവനം സന്ദർശിക്കും. അന്ന്, ആയിരം സാധുക്കൾക്ക് അന്നദാനവും വസ്ത്ര ദാനവും ചെയ്യണം"
പണച്ചെലവുള്ള ഏർപ്പാടാണെങ്കിലും ബാസവൻ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു.
ആ സുദിനം വന്നെത്തി. ആയിരം പേർക്ക് ദാനം നൽകി ശ്രീബുദ്ധനെ കാത്തിരുന്ന് നേരം വൈകി. ശ്രീബുദ്ധൻ രാത്രി വൈകി അവിടെയെത്തി.
സദ്യയിൽ പങ്കെടുക്കാത്തതിലുള്ള വിഷമം അയാള്‍, ശ്രീബുദ്ധനെ അറിയിച്ചു.
അപ്പോൾ ശ്രീബുദ്ധൻ പ്രതിവചിച്ചു -
"താങ്കൾ ആയിരം സാധുക്കൾക്ക് സദ്യയും വസ്ത്രവും നൽകിയത് ആയിരം ബുദ്ധന്മാർക്കു കൊടുത്തതിനു സമമാണ്. എനിക്കു സന്തോഷമായി. കുമിഞ്ഞു കൂടിയ ഈ സമ്പത്തു കൊണ്ട് സാധുക്കളെ സേവിക്കുമ്പോൾ അത് ഈശ്വരപൂജ തന്നെയാണ്. അതുകൊണ്ട്, താങ്കൾ ഒട്ടും വിഷമിക്കേണ്ടതില്ല"
ആശയം -
ദാനധര്‍മ്മങ്ങളില്‍ ഏറ്റവും വിശിഷ്ടമായത് അന്നദാനം തന്നെ. കാരണം, ഒരാള്‍ക്കു വയറു നിറഞ്ഞാല്‍- "ഹാവൂ...മതി, തൃപ്തിയായി" എന്നു പറഞ്ഞ് ഏമ്പക്കവും വിട്ടു സ്ഥലം വിടും. 'ഒരു ചാണ്‍ വയറിനു വേണ്ടിയാണു മനുഷ്യന്‍ ജീവിക്കുന്നത്' എന്ന പഴമൊഴി എത്ര അന്വര്‍ത്ഥം? അതേസമയം, പണമോ അധികാരമോ പദവിയോ വസ്തുവോ മറ്റുള്ള സാധനങ്ങളോ കൊടുത്ത് മനുഷ്യനെ തൃപ്തിപ്പെടുത്താമെന്നു വ്യാമോഹിക്കരുത്!
ദാനധർമ്മങ്ങൾ ആളുകളെ അറിയിച്ച് പ്രശസ്തി വേണമോ അതോ സ്വകാര്യമായി മതിയോ എന്നു ചിലർക്ക് സംശയം തോന്നിയേക്കാം.
വിശുദ്ധ ബൈബിളിൽ യേശുക്രിസ്തു ജനക്കൂട്ടത്തെ പഠിപ്പിച്ചത് ശ്രദ്ധിക്കുക-
"ധര്‍മദാനം ചെയ്യുമ്പോള്‍ അത് രഹസ്യമായിരിക്കേണ്ടതിനു നിന്റെ വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാതിരിക്കട്ടെ. രഹസ്യങ്ങള്‍ അറിയുന്ന നിന്റെ പിതാവ് (ദൈവം) നിനക്കു പ്രതിഫലം നല്‍കും"
അതായത്, സത്കര്‍മ്മങ്ങള്‍ ചെയ്തയാൾ പെരുമ്പറ കൊട്ടിയാൽ സമൂഹത്തിന്റെ ആദരവ്, കീർത്തി, പൊങ്ങച്ചം, മുഖസ്തുതി, പ്രശംസ എന്നിങ്ങനെ മനുഷ്യപ്രതിഫലമായി ലഭിക്കും. അപ്പോൾപ്പിന്നെ, ദൈവത്തിൽനിന്ന് കൂടുതലായി പ്രതീക്ഷിക്കരുത്!
മഹാനായിരുന്ന മള്ളിയൂർ ശങ്കരൻനമ്പൂതിരിയുടെ ആശയം മറ്റൊന്നായിരുന്നു - സത്കര്‍മ്മങ്ങള്‍ എല്ലാ ദിക്കിലും അറിയിക്കണമെന്ന്.
അതായത്, പ്രശസ്തിക്കുവേണ്ടി ഒരാൾ സൽകർമ്മം ചെയ്താലും പ്രയോജനം സാധുക്കൾക്കു കിട്ടുമല്ലോ. അപ്പോൾ, പ്രചോദനമായി മറ്റുള്ള ധനികരും ആ വഴിയേ ചിന്തിച്ചാൽ കൂടുതൽ സാധുജനങ്ങൾക്ക് കൈത്താങ്ങാവുന്നത് നല്ല കാര്യമല്ലേ?
മൂന്നാമത്, പ്രശസ്തിയുടെ പ്രതിഫലങ്ങളില്‍നിന്നും കഴിവതും ഒഴിഞ്ഞുമാറി ധര്‍മ്മദാന മാതൃക മാത്രം പ്രചരിപ്പിക്കുക, സമൂഹത്തിന് അങ്ങനെയുള്ള കടമ ഓര്‍മ്മയിലേക്കു വരട്ടെ.
ഈ മൂന്ന്‍ അഭിപ്രായങ്ങളും ശരിയാണ്. ഓരോ വ്യക്തിക്കും ഇതില്‍ ഇഷ്ടമുള്ളതു സ്വീകരിക്കാം.
ഇങ്ങനെയൊക്കെ, നാം ഏതുതരത്തില്‍ ചിന്തിച്ചാലും മനുഷ്യനന്മ വെളിപ്പെടുന്ന ധര്‍മ്മദാനങ്ങള്‍ മനുഷ്യരാശിക്ക് ഗുണകരമാവുന്നു.
Comments