This self help story is taken from my Malayalam digital book series, a good example for reducing the suicide rate in Kerala state. Read online for better insights and increase your positive outlook.
ഓരോ ദിനപത്രവും നോക്കിയാൽ സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യകൾ കൂടി വരികയാണ്. ഭൂരിഭാഗത്തിനും വഴിവയ്ക്കുന്നത് മറ്റുള്ളവരെ വിധിച്ചു വധിക്കുന്ന മലയാളിയുടെ വിഷപ്പുകയും തീയും തുപ്പാൻ ശേഷിയുള്ള ഭീകരൻ അവയവമായ നാവാണ്!
എവിടെയെങ്കിലും ഒരു ദൗര്‍ബല്യം കണ്ടാൽ അതിൽ തൂങ്ങിയാടി സർക്കസ് നടത്തുകയെന്നത് ശരാശരി മലയാളിയുടെ ദുശ്ശീലമായിക്കഴിഞ്ഞു! എന്നാൽ അതിനെ മറികടക്കാൻ കഴിയുന്ന ആത്മബലം ഏവർക്കും ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ.
ഒരു ദൃഷ്ടാന്തം നോക്കുക....
പണ്ടുപണ്ട്, ഹൈറേഞ്ച് മേഖലയിൽ കർഷകനായിരുന്ന ഔതക്കുട്ടി കൃഷിയിറക്കാൻ വേണ്ടി അന്നാട്ടിലെ പ്രമാണിയായ ആളിൽ നിന്നും പണം കടം വാങ്ങി. അക്കാലത്ത്, ക്രിസ്ത്യൻപ്രമാണിമാരുടെ വീട് ഇപ്പോഴത്തെ ബ്ലേഡ് ബാങ്കിനു സമം.
പണത്തിന്റെ പലിശയാകട്ടെ വട്ടിപ്പലിശ എന്ന ഓമനപ്പേരിൽ കുപ്രസിദ്ധി നേടിയിരുന്നു. സാധാരണയായി പുരയിടത്തിന്റെ ആധാരമാണ് ഈടായി മുതലാളിയുടെ നിലവറയിൽ വച്ചു പൂട്ടുന്നത്. അത് അവിടിരുന്ന് ചിതലരിച്ചാലും മുതലും പലിശയും ചേർത്ത് കൊടുത്ത് തിരികെയെടുക്കാൻ സാധു കർഷകർക്കു കഴിയാറുമില്ല.
അനന്തരം, മുതലാളിയെ പ്രാകി നെഞ്ചത്തടിച്ച് നിലവളിച്ച് അവർ നാടുവിടുന്നു.
അതുപോലെതന്നെ, ഔതയുടെ കുടുംബത്തിനും സംഭവിച്ചു.
അതേസമയം, ഔതയുടെ ഭാര്യ അന്നാമ്മ ഒരു തൊട്ടാവാടിയായതിനാൽ-
"എന്റെ കർത്താവേ... ഞാൻ എങ്ങനെ ആൾക്കാരുടെ മുഖത്തു നോക്കും?
ഞായറാഴ്ച പള്ളീപ്പോകുന്ന കാര്യം എനിക്ക് ആലോചിക്കാനേ വയ്യാ...."
ആ സ്ത്രീ നെഞ്ചത്തലച്ചു കരഞ്ഞു. ദുരഭിമാനം മൂത്തപ്പോൾ പരിഹാരക്രിയയായി കുടുംബമൊന്നിച്ച് ജീവനൊടുക്കാമെന്ന കടുത്ത തീരുമാനത്തെ ഔതക്കുട്ടി ചിരിച്ചു തള്ളി -
"ഒന്നു പോടീ അവിടുന്ന്. നമുക്കൊരു കാര്യം ചെയ്യാം. ഈ നാട്ടുകാരൊന്നുമില്ലാത്ത എങ്ങോട്ടെങ്കിലും സ്ഥലം വിടാം"
"ഓ...പിന്നേ... അതുകൊണ്ടെന്താ കാര്യം? ഇവരുടെ ബന്ധുക്കൾ ആരെങ്കിലുമൊക്കെ അവിടെയും കാണും"
ഔത പിന്നെയും പൊരുതി-
"എടീ.. നീയൊന്നടങ്ങ്... നാട്ടീന്ന് ഒരു കാലത്ത് കുറ്റീം പറിച്ചോണ്ടു പോയവര് അത്രയ്ക്കങ്ങ് ശല്യം ചെയ്യത്തില്ല. എന്താ കാര്യം? കുടിയേറ്റക്കാരൊക്കെ ഒരു കാലത്ത് ഇത്തരം വേദനയൊക്കെ തിന്നുതീർത്തവരു തന്നെയാ"
അങ്ങനെ, അവർ വയനാട്ടിലേക്ക് വെറും കയ്യോടെ കുടിയേറി. കഠിനാധ്വാനിയായ ഔതയ്ക്കു മുന്നിൽ തരിശുഭൂമി ഫലഫൂയിഷ്ഠമായ കൃഷിയിടമായി മാറി.
പിന്നീട്, ഔതയുടെയും അന്നാമ്മയുടെയും കാലം കഴിഞ്ഞു. ഇടത്തരം സാമ്പത്തികമുള്ള ആ വീട്ടിലെ ഏക മകനായ വർഗീസിന്റെ വിവാഹം കഴിഞ്ഞ് പേരക്കുട്ടികളെയും കാണാൻ ഔതയ്ക്കും അന്നാമ്മയ്ക്കും ഭാഗ്യം കിട്ടി.
1990 പിന്നിട്ട സമയം. അതിനിടയിൽ, വാനില കൃഷിയിൽ മുൻനിര രാജ്യമായ മഡഗാസ്കറിൽ ഫംഗസ് രോഗബാധയെ തുടർന്ന് വാനില ബീൻസിന്റെ ഉൽപാദനം കുത്തനെ ഇടിഞ്ഞു. ലോകവിപണിയിൽ ഒരു കിലോയ്ക്ക് അഞ്ഞൂറു ഡോളർ വരെ ഉയർന്നു.
കേരളത്തിലും വാനില കൃഷി വ്യാപകമായി. ഉണക്ക വാനില ബീൻസിന് ഒരു കിലോയ്ക്ക് പതിനായിരത്തിനു മേൽ രൂപ വില വന്നു. റബറും കൊക്കോയും കപ്പയും കൈതയുമെല്ലാം ഉപേക്ഷിച്ച് വയനാട്, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ കർഷകർ വാനിലയിലേക്കു തിരിഞ്ഞു.
വയനാട്ടിലെ ഔതയുടെ മകൻ വർഗീസും ആ വഴിക്കു നീങ്ങി. അതിനായി ബാങ്കിൽ നിന്ന് ലോണും എടുത്തു. മുഴുവൻ പറമ്പും വൃത്തിയാക്കി വാനില വള്ളികൾ ശീമക്കൊന്നയിൽ കയറ്റിവിട്ടു. ആറുമാസം കഴിഞ്ഞപ്പോൾ വാനിലയുടെ വില കുറഞ്ഞു വന്നു.
വർഗീസിന്റെ ബീൻസ് പാകമായപ്പോൾ ആഗോള വില കുത്തനെ ഇടിഞ്ഞു! കിലോയ്ക്ക് വെറും നൂറു രൂപ! കാരണം, മഡഗാസ്കറിലെ ഫംഗസ് രോഗം നിയന്ത്രണത്തിലായതിനാൽ ഉൽപാദനത്തിൽ വീണ്ടും അവർ തിരിച്ചു കയറിയത്രെ!
ചരിത്രം പിന്നെയും ആവർത്തിച്ചു. വർഗീസ്, എടുത്തിരുന്ന ബാങ്ക് ലോൺ തിരിച്ചടവിനായി യാതൊരു വരുമാനമാർഗവും കണ്ടില്ല. പലിശയും കുതിച്ചു കയറി. ജപ്തി ഭീഷണി വന്നപ്പോൾ ഭാര്യ സിസിലി കടുത്ത നിരാശയോടെ പറഞ്ഞു -
"ഇച്ചായാ, നമുക്ക് എല്ലാം കൂടിയങ്ങ് തീർത്താലോ?"
വർഗീസ് അപ്പോൾ ഓർത്തത് തനിക്ക് ഏഴു വയസ്സുള്ളപ്പോൾ കുടുംബം നാടുവിട്ട സംഭവമായിരുന്നു.
"എടീ, കർഷകന് കടം കൂടെപ്പിറപ്പാണ്. എന്റെ അപ്പനോട് അമ്മയും ഇതേ ആവശ്യം പറഞ്ഞിരുന്നു. അപ്പൻ ഈ വയനാട്ടിലേക്കു പോന്നു. അന്ന്, അമ്മയുടെ ഒപ്പം അപ്പൻ തോറ്റു പോയിരുന്നുവെങ്കിൽ ഈ ഞാനും കുടുംബവും കാണുമായിരുന്നോ?"
"ഇത്രയും വലിയ കടവും വച്ചോണ്ട് നമ്മളെന്തു ചെയ്യും ഇച്ചായാ?"
"ഉം...ഒരു വഴിയുണ്ട്, കോതമംഗലത്ത് അപ്പന്റെ പഴയ കാല സുഹൃത്തിന്റെ കുടുംബമുണ്ട്. ആ നാട്ടിലേക്കു പോകാം, ജപ്തിയെന്നു പറഞ്ഞാൽ ഈ ലോകത്തെ ആദ്യത്തെ സംഭവമൊന്നുമല്ല"
ഇതറിഞ്ഞു നാട്ടുകാര്‍ പരിഹാസവും സഹതാപതരംഗവും സൃഷ്ടിച്ചു. വൈകാതെ, അവര്‍ നിസ്സാര വിലയ്ക്ക് ലോണ്‍ സഹിതം ഒരാള്‍ക്ക് വിറ്റ് കോതമംഗലത്തേക്ക് രക്ഷപ്പെട്ടു. അവിടെയും കുറെ വര്‍ഷങ്ങള്‍ കഷ്ടപ്പെട്ടു. വര്‍ഗീസിന്റെ മൂത്ത മകള്‍ നഴ്സായി വിദേശത്തേക്ക് പോയശേഷം സാമ്പത്തികമായി ആ കുടുംബം ഉയര്‍ന്നു.
ആശയം-
രണ്ടുതവണയും ആ കുടുംബപരമ്പര അണഞ്ഞുപോകാമായിരുന്നു. പകരം, പുറപ്പാടിന്റെ അതിജീവനതന്ത്രമാണ് അവര്‍ പ്രയോഗിച്ചത്!
പണ്ട്, ഗുരുകുല വിദ്യാഭ്യാസ കാലത്ത് ഗുരുക്കന്മാർ യോഗ പഠിപ്പിച്ചിരുന്നു.
അന്നൊക്കെ ജനസംഖ്യയ്ക്ക് ആനുപാതികമായി ആത്മഹത്യകൾ കുറവായിരുന്നു. എല്ലാ വിഷയങ്ങൾക്കും ഫുൾ മാർക്ക് കൊടുക്കുന്ന ഇടപാട് അല്ലായിരുന്നു അന്നത്തെ വിദ്യാഭ്യാസം. പലയിടത്തും വിദ്യാർഥികളെ ഗുരു തോൽക്കാൻ പഠിപ്പിച്ചിരുന്നു. തോറ്റു പഠിക്കുന്ന ടെക്നിക്ക് പഠിപ്പിച്ചാൽ വലിയ പരാജയങ്ങളെയും പുല്ലുപോലെ തള്ളാൻ പറ്റും.
ഇപ്പോൾ നൂറിൽ നൂറു കിട്ടുന്ന സമ്പൂർണ്ണ വിദ്യാർഥിസമൂഹത്തിന് ചെറിയ പരാജയങ്ങൾ പോലും താങ്ങാനാവില്ല. വിദ്യാസമ്പന്നരായ കേരളത്തിലാണ് ഏറ്റവും കുടുതൽ ആത്മഹത്യ നടക്കുന്നത്. ഏറ്റവും കൂടുതൽ മനോരോഗ മരുന്നുകളും ഉപയോഗിക്കുന്നത് മലയാളികൾ!
വലിയ വമ്പന്മാരെ പോലും വീഴ്ത്താൻ സമൂഹത്തിന്റെ വൃത്തികെട്ട നാവ്, കുടത്തിൽനിന്ന് തുറന്നു വിട്ട ഭൂതം കണക്കെ പ്രവർത്തിക്കുന്നതിനാൽ കോടീശ്വരന്മാർക്കു പോലും പരാജയങ്ങളിൽ ദുരഭിമാനം തോന്നുന്നതിനാൽ സ്വയം ബലികഴിക്കുന്നു.
ആയതിനാൽ, ഒരു കുടുംബത്തിൽ ഒരാളെങ്കിലും യോഗയിൽ അറിവു നേടണം. സ്കൂൾ മാത്രമല്ല, കോളജിലും ബിസിനസ് സ്ഥാപനങ്ങളിലും ഓരോ പഞ്ചായത്തിലും മറ്റും സംശുദ്ധമായ നിഷ്പക്ഷമായ യോഗ പഠിച്ച് മാനസിക വൈകാരിക ആത്മിക കരുത്തു നേടട്ടെ!
Comments