സിൽബാരിപുരം രാജ്യത്തെ ഏറ്റവും വലിയ കായലായിരുന്നു സിൽബാരിക്കായൽ. അത്, മൽസ്യസമ്പത്തുകൊണ്ട് പ്രശസ്തവുമായിരുന്നു.
ഒരിക്കൽ, അഞ്ചു വലിയ മീനുകൾ ഒരു കൂട്ടമായി വെള്ളത്തിൽ കളിച്ചു നടക്കുന്നത് മുക്കുവനായിരുന്ന ശങ്കുവിന്റെ ശ്രദ്ധയിൽപെട്ടു.
ഒന്നാമത്തെ മീൻ വെള്ളത്തിൽ ഉയർന്നു വന്നപ്പോൾ മുക്കുവന്റെ വല കണ്ടയുടനെ താണു വന്നിട്ട് മറ്റുള്ളവരോടു പറഞ്ഞു -
"ഞാൻ എന്റെ അമ്മയെ ഒന്നു കണ്ടിട്ട് ഇപ്പോൾ വരാം. നിങ്ങളിവിടെ കളിച്ചോളൂ"
അവൻ ഊളിയിട്ടു പോയ നിമിഷം തന്നെ മുക്കുവൻ വലയെറിഞ്ഞു കഴിഞ്ഞിരുന്നു. നാലു മീനുകളും വലയിലായി.
വല കോരിയപ്പോൾ മീനുകൾ രക്ഷപ്പെടാനുള്ള ചാട്ടം തുടങ്ങി.
എന്നാൽ, രണ്ടാമൻമാത്രം ചത്തതുപോലെ അനങ്ങാതെ കിടന്നു. മുക്കുവന്‍ കായൽക്കരയിൽ വച്ച് വല നിവർത്തു. രണ്ടാമനെ നോക്കി അയാൾ പറഞ്ഞു -
"മാളികവീട്ടിലേക്ക് ചത്ത മീനെയും കൊണ്ട് ചെന്നാൽ കുഴപ്പമാണ്"
കാരണം, പ്രഭുവിന്റെ മാളികവീട്ടിലേക്കാണ് മുക്കുവൻ പ്രധാനമായും മീൻ പിടിക്കുന്നത്. നല്ല വിലയും കിട്ടും. ഉടൻ തന്നെ, ആ മീനെ അയാള്‍ കായലിലേക്കു വലിച്ചെറിഞ്ഞു!
അങ്ങനെ, രണ്ടാമൻ ജീവനുംകൊണ്ട് ആഴങ്ങളിലേക്ക് ഊളിയിട്ടു.
മുക്കുവൻ മറ്റുള്ള മൂന്നു മീനുകൾ മീൻകൂടയിലാക്കി തലയിൽ വച്ചു നടന്നു പോയി. ഇതിനിടയിൽ രണ്ടു മീനുകൾ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ച് ചാട്ടവും തുള്ളലും നിർത്തി നിരാശരായി. എന്നാൽ, മൂന്നാമൻ അപ്പോഴും കുട്ടയിൽ കിടന്ന് ചാടി ബഹളം വച്ചു കൊണ്ടിരുന്നു.
അന്നേരം, പാതയോരത്തെ മരക്കൊമ്പിൽ വിശന്നുവലഞ്ഞ് വലിയ ഒരിനം പക്ഷി ഇര നോക്കി ഇരിപ്പുണ്ടായിരുന്നു. അതിന്റെ ശ്രദ്ധയിൽ മൂന്നാമന്റെ ചാട്ടം പതിഞ്ഞു. ഈ പക്ഷിയുടെ പ്രത്യേകത എന്തെന്നാൽ, അതു ലക്ഷ്യമിട്ട ഇരയെ മാത്രമേ പിടിക്കുകയുള്ളൂ. അതിനിടയിൽ വേറെ എത്ര നല്ല തീറ്റിയോ മറ്റുള്ള ഇരകളോ വന്നാലും നോക്കുക പോലും ചെയ്യില്ല.
ഒട്ടും വൈകാതെ, മൂക്കുവന്റെ കുട്ടയിൽ പക്ഷി ശക്തിയായി ഇടിച്ചിറങ്ങി!
മീൻ കുട്ട തെറിച്ചു വീണു. കിട്ടിയ നിമിഷത്തിൽ മൂന്നാമൻ കുതിച്ചു പൊങ്ങിച്ചാടി. പക്ഷി അവനെ കൊത്തിയെടുത്ത് തടാകത്തിന്റെ മുകളിലൂടെ പറന്നു. അല്പനേരം, അനങ്ങാതെ പക്ഷിയുടെ കൊക്കിലിരുന്നിട്ട് മീൻ സർവ്വ ശക്തിയുമെടുത്ത് ഒന്നു പിടച്ചു. ഭാഗ്യത്തിന്, കൊക്കിൽ നിന്നും പിടി വിട്ട് കായലിൽ വന്നു വീണ് മൂന്നാമനും രക്ഷപ്പെട്ടു.
കുട്ട മറിഞ്ഞ സമയത്ത്, നാലാമനും അഞ്ചാമനും തളർന്നു കിടന്നതിനാൽ, അവറ്റകൾ കൂടയിൽത്തന്നെ കിടന്നു. മുക്കുവൻ മീൻ കൂട അടച്ച് ദേഷ്യത്തോടെ മാളിക വീട്ടിൽ ചെന്നു കയറി.
ഇതിനിടയിൽ നാലാമൻ ചിന്തിച്ചു - മൂന്നാമൻ തുടർച്ചയായി ചാടിക്കൊണ്ടിരുന്നതു കൊണ്ടാണ് അവൻ കൂട നിലത്തു വീണ് തുറന്നപ്പോൾ തന്നെ എങ്ങോ ചാടി രക്ഷപ്പെട്ടത്! ആ സമയത്ത്, താൻ നിരാശപ്പെട്ട് കൂടയിൽ മയങ്ങുകയായിരുന്നല്ലോ.
നാലാമനും അഞ്ചാമനും മാളിക വീട്ടിലെ അടുക്കളയിലെത്തി. അപ്പോൾ നാലാമന് വൈകിയുദിച്ച വിവേകത്താൽ, അവൻ ശക്തമായി കൂടയിൽ പിടയ്ക്കാൻ തുടങ്ങി.
ആ സമയത്ത്, പ്രഭുവിന്റെ മകൾ അടുക്കളയിൽ വന്നു ചിണുങ്ങി. ആ കുട്ടി നാലാമത്തെ മീനിന്റെ ചാട്ടം കണ്ടു പറഞ്ഞു-
"അമ്മേ, ഈ മീനെ എനിക്കു വല്യ ഇഷ്ടായി. ഇതിനെ കൊല്ലേണ്ട, നമ്മുടെ കുളത്തിൽ വളരട്ടെ. എനിക്ക് അതു നീന്തി നടക്കുന്നതു കാണാനാണ്"
കുട്ടി എന്തു പറഞ്ഞാലും സാധിച്ചു കൊടുത്തിരുന്ന പ്രഭ്വി മുക്കുവനോടു പറഞ്ഞു -
"എടാ, ശങ്കൂ, ആ പെടയ്ക്കുന്ന മീനെ കുളത്തിൽ വിട്ടേക്ക്. കൊച്ചിനെ കാണിച്ചു കൊടുക്ക് "
അങ്ങനെ നാലാമത്തെ മീനും കുളത്തിൽ നീന്തിത്തുടിച്ചു. ഒടുവിൽ, അഞ്ചാമത്തെ മീൻ മയക്കം കഴിഞ്ഞ് കണ്ണു തുറന്നപ്പോൾ മറ്റുള്ളവരെയൊന്നും കാണുന്നില്ല.
അവൻ സ്വയം പറഞ്ഞു -
"മറ്റു മൂന്നു കൂട്ടുകാരും നേരത്തേ കറിച്ചട്ടിയിലേക്കു പോയിക്കാണണം. അതൊന്നും കാണാതെ ഞാൻ ഉറങ്ങിയത് എത്ര നന്നായി. ഇതു മീനായി പിറന്ന ഞങ്ങളുടെ വിധിയാണ്! ദൈവഹിതമാണ്, അനുഭവിയ്ക്കതന്നെ!"
ആശയം -
ദൈവം, ഓരോ കാലത്തും പല മുന്നറിവുകളും സ്വരക്ഷയ്ക്കുള്ള കച്ചിത്തുരുമ്പു പോലെ നമ്മുടെ മുന്നിലേക്ക് എത്തിക്കുന്നുണ്ട്. അതൊക്കെ യഥാസമയം ഉണർന്നിരുന്ന് നിരീക്ഷിക്കുക. സ്വയം കണ്ണടച്ച് ഇരുട്ടാക്കി മയങ്ങി നിഷ്ക്രിയമായി ജീവിതം കഴിച്ചിട്ട്- വെറുതെ വിധി....ദൈവഹിതം....തലേവര....പാരമ്പര്യം.... എന്നൊക്കെ പറഞ്ഞ് അന്ധവിശ്വാസം പുലർത്താതിരിക്കുക.
Comments