ശമ്പളമില്ലാത്ത ജോലി

സിൽബാരിപുരംരാജ്യം ഉഗ്രപ്രതാപൻ എന്ന രാജാവ് ഭരിച്ചിരുന്ന കാലം.

രാജ്യത്ത് കലാകാരന്മാർക്ക് വളരെയേറെ പ്രോൽസാഹനം കിട്ടിയിരുന്ന സുവർണ കാലമായിരുന്നു അത്.

കൊട്ടാരത്തിലെ പ്രധാന ശില്പിയായിരുന്നു ഉണ്ണിത്താൻ. കൊട്ടാരവാസികൾക്കായി അനേകം വീടുകൾ ഉണ്ണിത്താൻ പണി തീർത്തിട്ടുണ്ട്. അതിനെല്ലാം നല്ല പ്രതിഫലം രാജാവ്, ഉണ്ണിത്താന് കൊടുത്തിരുന്നു. ഒടുവിൽ, അറുപതു വയസ്സായപ്പോൾ ഉണ്ണിത്താൻ ജോലിയിൽനിന്നും വിരമിക്കാൻ രാജകല്പനയായി.

നല്ല സമ്പാദ്യവുമായി തന്റെ സ്വന്തം നാടായ കോസലപുരത്തേക്ക് പോയി അവിടത്തെ തറവാട്ടു വീട്ടിലേക്ക് മടങ്ങിയെത്തി വിശ്രമജീവിതം കഴിക്കാമെന്നും അയാൾ കണക്കു കൂട്ടി.

രാജാവിനോട് യാത്രാനുമതി ചോദിക്കാൻ ചെന്നപ്പോൾ രാജാവ് പറഞ്ഞു-

"താങ്കൾ പോകാൻ വരട്ടെ. അസംഖ്യം വീടുകൾ പണിത് നല്ല പ്രതിഫലവുമായി സന്തോഷത്തോടെ മടങ്ങുകയാണല്ലോ. എന്നാൽ, ഇതിനെല്ലാം പകരമായി കൊട്ടാരത്തിനടുത്ത് ഒരു വീടുകൂടി എനിക്കു പണിതു തരണം. പണി സാധനങ്ങളെല്ലാം സൗജന്യമായി ലഭിക്കും. ഇതിനു പക്ഷേ, പ്രതിഫലമുണ്ടാവില്ല"

"അടിയനു സന്തോഷമേയുള്ളൂ തിരുമനസ്സേ. ഞാൻ നാളെത്തന്നെ പണി തുടങ്ങുകയായി"

ശില്പിയുടെ മനസ്സില്‍ ഉരുണ്ടുകൂടിയ ചില വിപരീത ചിന്തകൾ ശില്പം പോലെ അയാള്‍ തേച്ചുമിനുക്കി -

ശമ്പളമില്ലാത്ത പണിക്ക് എന്തിന് കൂടുതൽ മെനക്കെടണം? ഈ വീട് നല്ലതായാലും ചീത്തയായാലും തനിക്കെന്തു ചേതം? എന്താണെങ്കിലും കോസലപുരത്ത് നല്ല വീട് പണിയാമല്ലോ.

ശില്പി ഉണ്ണിത്താൻ വീടു തീരെ ദുർബലമായി പണിതു. സാധന സാമഗ്രികളുടെ ഗുണമേന്മ നോക്കാൻ അതിന്റെ ഉറവിടങ്ങളിൽ പോയി നിന്നില്ല. നിർമാണ വേളയിൽ വല്ലപ്പോഴും മാത്രം പോയി. എളുപ്പ രീതിയിൽ പെട്ടെന്ന് പണി കഴിച്ചു.

പണി തീർത്ത് വീടിന്റെ താക്കോൽ രാജാവിനെ ഏൽപ്പിച്ചപ്പോൾ രാജാവ് പറഞ്ഞു-

"കൊട്ടാര ശില്പിക്കുള്ള ബഹുമതിയായി ഈ വീട് ഞാൻ താങ്കൾക്കു വേണ്ടി പണിയിച്ചതാണ്. ഈ താക്കോൽ സ്വീകരിക്കുക. തന്റെ ശിഷ്ട ജീവിതകാലം ഈ വീട്ടിലായിരിക്കും "

ശില്പി അതു കേട്ട് ഞെട്ടി!

അയാൾ തിരികെ നടന്ന് പുതിയ വീട്ടിൽ കയറി പിറുപിറുത്തു -

"എന്റെ ഭഗവാനേ, ഈ വീട് എനിക്കാണെന്ന് അറിഞ്ഞിരുന്നെങ്കിൽ വലിയ വീട് പണിയാമായിരുന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ പണിത ഏറ്റവും മോശം വീടാണല്ലോ ഇത്!"

ആശയം -

സ്വന്തം കർമ്മത്തിൽ വെള്ളം ചേർക്കുന്ന രീതി മലയാളികൾക്കിടയിൽ കൂടുതലായി കണ്ടുവരുന്നു, ഒരു പൊതു നീതിയോ ആദർശമോ വ്യവസ്ഥയോ മനസ്സിൽ സൂക്ഷിക്കാതെ ഒരേ സമയം, രണ്ടു വള്ളത്തിൽ കാലു ചവിട്ടുന്ന അവസ്ഥ. അതായത്, സ്വീകരിക്കുന്ന ഗുണഫലങ്ങള്‍ക്കു തുടർച്ചയില്ലെങ്കിൽ നന്ദികേടിന്റെ വള്ളത്തിലേക്ക് കയറി സ്ഥലം വിടും!

Comments