മനുഷ്യനും ഭൂതത്താനും

സിൽബാരിപുരംദേശവും കോസലപുരംദേശവും സൗഹൃദം പുലർത്തിയിരുന്ന നാട്ടുരാജ്യങ്ങളായിരുന്നു. കച്ചവടക്കാർ ഇരുദേശങ്ങളിലും വന്നും പോയുമിരുന്നു.

അക്കൂട്ടത്തിൽ മൺപാത്രങ്ങൾ വിൽക്കുന്നവരായിരുന്നു കേശുവും ചന്തുവും.

മാസത്തിൽ ഒരിക്കൽ അവർ കോസലപുരംചന്തയിലേക്കു പോകും. പോകുന്ന വഴിയിൽ രണ്ടു മണിക്കൂർ നടക്കേണ്ടത് ഏതാണ്ട് ചെറിയൊരു മരുഭൂമി പോലെ തോന്നിക്കുന്ന പ്രദേശത്തുകൂടിയായിരുന്നു- എവിടെ നോക്കിയാലും പച്ചപ്പു കാണാൻ കഴിയാത്ത മണൽക്കാട്.

ആ പ്രദേശത്തിന്റെ പകുതി ദൂരം ചെല്ലുമ്പോൾത്തന്നെ ചുമടുമായി കേശുവും ചന്തുവും ക്ഷീണിച്ചിരിക്കും. ഭാഗ്യത്തിന്, അവിടെ വലിയൊരു മരം ഏകനായി നിൽപ്പുണ്ടായിരുന്നു. വലിയ ഇലകളാൽ കുടപിടിച്ച് അനേകം യാത്രക്കാരെ തണലേകി സഹായിച്ചുകൊണ്ടിരുന്ന മരമായിരുന്നു അത്. ആ മരച്ചുവട്ടിൽ ചുമടിറക്കി വച്ച് അല്പനേരം മയങ്ങിട്ടാവും സാധാരണയായി ഇരുവരുടെയും പിന്നീടുള്ള യാത്ര.

ഒരിക്കൽ, പതിവില്ലാത്ത വിധം കാലാവസ്ഥയിൽ പ്രകടമായ മാറ്റം സംഭവിച്ചു. ആ വൻമരവും അതിന്റെ മുറം പോലുള്ള ഇലകൾ അപ്പാടെ കൊഴിച്ച് എല്ലും തോലുമായി കാണപ്പെട്ടു. ആ സമയത്താണ് കേശുവും ചന്തുവുംഅതുവഴി വന്നത്. അവര്‍  ചുമടിറക്കി വിശ്രമിക്കാമെന്നു കരുതി. പക്ഷേ, പതിവിനു വിപരീതമായി മരത്തിനു ചുറ്റും വെയിൽ പടർന്നിരിക്കുന്നു. അവർ മുകളിലേക്കു നോക്കിയപ്പോൾ മരമാകെ ഇലകൾ ഒന്നടങ്കം പൊഴിച്ചിരിക്കുന്നു!

ചന്തു പറഞ്ഞു -

"ഈ മരം എന്തിനു കൊള്ളാം? ആവശ്യ സമയത്ത് തണലില്ലാത്ത വൃത്തികെട്ട മരം!"

കേശുവും മരത്തിനെതിരെ തിരിഞ്ഞു -

"ശരിയാണു നീ പറഞ്ഞത്. ഇത്രയും വലിയ മുതുക്കന്‍മരത്തിനു ജീവിച്ചു പോകാൻ ഇല കൊഴിക്കണം പോലും !"

അപ്പോൾ സമയം ഉച്ചകഴിഞ്ഞതിനാൽ മരച്ചുവട്ടിൽ തടിയുടെ കിഴക്കുവശത്ത് അല്പം നിഴലുണ്ടായിരുന്നു. അവർ രണ്ടുപേരും മരത്തടിയോടു ചേർന്നു നിന്നു! ചന്തു ചോദിച്ചു -

"ഒരു കായോ, പൂവോ, പഴമോ ഒന്നുമില്ലാത്ത ഈ മരത്തിന്റെ പേരെന്താണ്?"

"ഓ... ഇതിന്റെയൊക്കെ പേരറിഞ്ഞിട്ട് നമുക്കെന്തു കാര്യം? ഒരു കാര്യം ഞാൻ പറയാം. ഇനി മുതൽ നാം ഇതിലൂടെ പോകുമ്പോൾ യാത്ര വൈകുന്നേരം വെയിലാറിയിട്ടു മതി"

അതു പറഞ്ഞു കൊണ്ട് കേശു പുച്ഛത്തോടെ ചിരിച്ചു.

"ഇനി ഇവിടെ നിന്നാലും കാര്യമായ ആശ്വാസമൊന്നും കിട്ടുമെന്നു തോന്നുന്നില്ല. നമുക്കു യാത്ര തുടരാം "

അവർ തങ്ങളുടെ ചുമടിന്മേൽ തൊട്ടതും -

മരത്തിന്റെ വലിയൊരു ശിഖരം താഴേക്ക് ഒടിഞ്ഞു വീണു!

രണ്ടിന്റെയും മൺപാത്രച്ചുമടുകൾ ഒന്നുപോലും അവശേഷിക്കാതെ പൊട്ടിച്ചിതറി!

അവർ നിലവിളിച്ചു കൊണ്ട് മരുഭൂമിയിലൂടെ തിരികെ ഓടി!

അന്നേരം, ആ മരത്തിൽ വസിച്ചിരുന്ന ഭൂതത്താൻ അലറിച്ചിരിച്ചു-

"നന്ദികെട്ട മനുഷ്യവർഗ്ഗം!"

ആശയം-

മനുഷ്യര്‍ക്കു നിരന്തരമായി ലഭിച്ചുകൊണ്ടിരിക്കുന്ന സഹായങ്ങള്‍ക്കു നേരെ  ചിലര്‍ അറിയാത്ത മട്ടില്‍ നീങ്ങുന്നു. പക്ഷേ, അതിന്, എന്തെങ്കിലും മുടക്കം വന്നാലോ? അപ്പോള്‍ നൂറു നാവായിരിക്കും. എന്നാല്‍, ഇതിനൊക്കെ നേര്‍വിപരീതമായി സാധാരണക്കാരനായ ഒരാള്‍ തനിക്കു കിട്ടുന്ന ഉപകാരങ്ങള്‍ ഒരു ബുക്കില്‍ എഴുതിയിടുന്നതായി അറിയാന്‍ കഴിഞ്ഞു.  അയാളുടെ നയം ഇങ്ങനെ-

“വല്ല കാലത്തും നിവൃത്തിയുണ്ടായാല്‍ തിരികെ കൃത്യമായി ചെയ്യാനാണ്! ഇനി എനിക്കു പറ്റിയില്ലെങ്കില്‍ എന്റെ മക്കളെങ്കിലും മനസ്സുണ്ടെങ്കില്‍ ചെയ്യട്ടന്നേ..." 

(അയാളുടെ വിദ്യാഭ്യാസം- പത്തില്‍ ജയം, പ്രീഡിഗ്രി തോല്‍വി)

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1