സാത്വികരുടെ പ്രാർത്ഥന ദൈവം കേൾക്കും!

വല്യമ്മയുടെ ആങ്ങളയെ അച്ഛന്‍ എന്നായിരുന്നു ബിജു വിളിച്ചുകൊണ്ടിരുന്നത്. അച്ഛനും അമ്മായിയും താമസിക്കുന്ന പഴയ വീടിന്റെ വെട്ടുകല്ലിന്റെ ഇടയിൽ പലയിടത്തും ചെറുതേനീച്ചകൾ തമ്പടിച്ചിട്ടുണ്ട്. മുരിങ്ങമരത്തിന്റെ പൊത്തില്‍  മാത്രമല്ല, അവിടെയുള്ള കയ്യാലയിലും ചെറുതേനീച്ചകളുടെ കോളനികളുണ്ട്. പിന്നെ, വലിയൊരു മൂവാണ്ടൻമാവ്, ഒരു പഴഞ്ചൻപുളിമരം ഇത്യാദി ആകർഷണങ്ങളൊക്കെ ഉള്ളതിനാൽ ആ പറമ്പിലൂടെ കറങ്ങി നടക്കുന്നത് ബിജുവിന്റെ സ്കൂൾ അവധി ദിനങ്ങളിലെ പതിവു പരിപാടിയാണ്.

എന്നാൽ, ചാണകം മെഴുകിയ വരാന്തയിലെ ചാരുകസേരയിൽ മലർന്നു കിടപ്പുണ്ടാവും  അച്ഛന്‍. അവന്‍ മാവിനെ തോന്നുംപടി എറിയുമ്പോൾ ഓടിന്മേൽ കല്ലു വീഴുമെന്നു ഭയന്നാകാം,  അച്ഛന്‍ ഞരങ്ങും -

"എടാ, ചെറക്കാ..... പോടാ..... അവിടന്ന്..... "

എന്നാൽ, ആരിത് ഗൗനിക്കുന്നു? കാരണം,  എണീറ്റ് വരാന്‍ കഴിയാതെ അച്ഛന്‍ പ്രമേഹരോഗത്തിന്റെ കരാളഹസ്തത്തിലാണ്. മുന്തിയ ഇനം ഡയബറ്റിസ്. ചാരുകസേരയിൽ കിടന്ന കിടപ്പിൽ മൂത്രം അറിയാതെ പോകും. പ്രതിവിധിയായി കസേരത്തുണിയുടെ താഴെയായി വലിയൊരു പാത്രം വച്ചിരിക്കുന്നതു കാണാം. മിക്കപ്പോഴും അതു നിറഞ്ഞിരിക്കും.

അച്ഛനും അമ്മായിക്കും മക്കളില്ല. എന്നാലോ? പരമസാത്വികനാണ്  അച്ഛന്‍. അമ്മായിയും ശുദ്ധപാവം. തറവാട്ടില്‍ നിന്നും  കുറച്ചു വസ്തുവീതം കൂടുതല്‍ കൊടുത്ത് ചിറ്റപ്പനും കുടുംബവുമാണ് ഇവരെ നോക്കുന്നതെങ്കിലും കടുത്ത അവഗണന ഈ വൃദ്ധദമ്പതികള്‍ക്കു നേരിടേണ്ടിവന്നു. ചിറ്റപ്പന്‍, ബി.എ. ബിരുദധാരിയെങ്കിലും  മക്കളില്ലാത്തവരെ വിഷമിപ്പിക്കുന്നത് ഘോരപാപമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നുവോ?   അതോ, ആന്റിയെ പേടിച്ചിട്ടോ?

ഇതിനെല്ലാം മിക്കവാറും അമ്മായി പ്രതികരിക്കുന്നത് ബിജുവിന്റെ അമ്മയോടു പരിഭവം പറഞ്ഞായിരിക്കും. കാരണം, ആന്റിയോടു നേരിട്ടു പറഞ്ഞ് ജയിക്കാമെന്ന് അമ്മായിക്ക് അതിമോഹമൊന്നുമില്ല. അതിന്റെ കലിപ്പ് ആന്റി കൂടുതൽ എട്ടിന്റെ പണികളിലൂടെ പരിഹരിക്കുകയും ചെയ്യും.

ഈ സംഭവ കഥയിലെ പ്രധാന വിഷയത്തിലേക്കു വരാം-

ബിജുവും വീട്ടുകാരുമൊക്കെ സ്ഥിരമായി കേൾക്കുന്ന അച്ഛന്റെ സ്വയംപ്രേരിത പ്രാർഥനയുണ്ട് -

"എന്റെ കർത്താവേ, പട്ടിണി കിടന്ന് ചാകാൻ ഇടവരുത്തല്ലേ.....തൊണ്ടയിൽ വെള്ളമിറങ്ങി ചാകണേ...."

അച്ഛൻ പൊതുവേ, ആഹാരപ്രിയനായിരുന്നുവെന്ന് വീട്ടിൽ എല്ലാവരും പറയുന്നതു കേൾക്കാം. അങ്ങനെ, കുറെ വർഷങ്ങൾകൂടി പിന്നിട്ട്, ആ കറുത്ത ദിനം വന്നെത്തി. 

അച്ഛന് എൺപത്തിനാല്  വയസ്സായെന്നു തോന്നുന്നു-

ബിജുവിന്റെ മൂത്ത ചേട്ടൻ ആ വീടിന്റെ വരാന്തയിൽ അഛനോടു വർത്തമാനം പറഞ്ഞ് ഇരിപ്പുണ്ടായിരുന്നു. അന്നേരം, ഒരു കോപ്പ നിറയെ പാൽ അമ്മായി ചാരുകസേരയുടെ നീളമുള്ള കൈപ്പിടിയിൽ കൊണ്ടു വച്ചു. അഛൻ ഒറ്റവലിക്ക് പാൽ മുഴുവനും ആർത്തിയോടെ അകത്താക്കി. അതിനുശേഷം, ശാന്തനായി കസേരയിലേക്ക് ചാരിക്കിടന്നു. ഒന്നു വാ പൊളിച്ച് കോട്ടുവായ വിട്ടു. പിന്നെ കണ്ണും വായും അടഞ്ഞില്ല!

അച്ഛന്റെ സുഖപ്രദമായ മരണം കണ്ട് ചേട്ടൻ അമ്പരന്നു!

ആ പ്രാർഥന പോലെ, വയറു നിറയെ പാൽ കുടിച്ച് തൊണ്ടയുണങ്ങാതെ സുഖമായി  അച്ഛന്‍ ഈ ലോകം കടന്നു പോയിരിക്കുന്നു!

ആശയം -

സാത്വികരുടെ പ്രാർഥന ദൈവം കേൾക്കുമെന്നും അത് സാധിച്ചു കൊടുക്കുമെന്നും വിശ്വസിക്കാനാവുന്ന പല തെളിവുകളും ദൈവം നമുക്കു മുന്നിൽ കാണിച്ചു തരുന്നുണ്ട്. നിസ്സാരമെന്നു തോന്നുന്ന ലളിത ജീവിതം നയിക്കുന്ന ആളുകളും നല്ല മാതൃക നമ്മെ പഠിപ്പിച്ച് ഈ ലോകം വിടുന്നു. പക്ഷേ, അതു മനസ്സിലാക്കാൻ സൂക്ഷ്മദർശനം വേണമെന്നു മാത്രം!

Comments