പൊട്ടക്കിണറ്റിലെ മനുഷ്യത്തവളകൾ

സിൽബാരിപുരംഗ്രാമത്തിലെ ഒരു പൊട്ടക്കിണറ്റിലായിരുന്നു ചിന്നൻതവളയും കുടുംബവും താമസിച്ചിരുന്നത്.

ചിന്നൻതവള ആകാശത്തേക്കു നോക്കി മക്കളോടു പറയും-

"എന്റെ കുട്ടികളേ, മുകളിലേക്കു നോക്കൂ.... വട്ടത്തിൽ കാണുന്നതാണ് ആകാശം, താഴെ ഭൂമി. അതായത് നാം താമസിക്കുന്ന ഇവിടം. നമ്മളല്ലാതെ ഈ ഭൂമിയിൽ വേറെ ജീവികളില്ല!"

മക്കളെല്ലാം അതേറ്റു പറഞ്ഞുകൊണ്ടിരുന്നു. ചിന്നൻതവളയ്ക്കു കിണറിനു വെളിയിൽ മറ്റാരു ലോകമുണ്ടെന്ന് അറിയില്ലായിരുന്നു. മാത്രമല്ല, കിണർ പള്ള കയറി കിടന്നിരുന്നതിനാൽ പക്ഷികൾ പറക്കുന്നതുപോലും നന്നായി കാണാൻ കഴിഞ്ഞിരുന്നില്ല.

ആ കിണറിന്റെ അരികിലുളള മരത്തിൽ വന്നിരിക്കാറുള്ള പൊന്നൻകാക്കയ്ക്ക് ചിന്നൻതവളയുടെ ഈ വാചകങ്ങൾ കേട്ട് ദേഷ്യം വന്നു.

"ഈ പൊട്ടക്കിണറ്റിലെ തവളയെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ ബാക്കി കാര്യം! "

അവൻ താഴേക്കു പറന്ന് ചിന്നൻതവളയെ കൊത്തിയെടുത്ത് മുകളിലേക്ക് പറന്നു. തവള കണ്ണുമിഴിച്ച് ആകാശത്തിലൂടെ പറക്കവേ വിസ്മയിച്ചു!

എന്തുമാത്രം സ്ഥലങ്ങൾ!

എത്ര തരം ജീവികൾ!

കാളവണ്ടിയിൽ മനുഷ്യർ യാത്ര ചെയ്യുന്നു!

പൊന്നൻകാക്ക പറന്നു നടന്ന് വളരെയധികം കാഴ്ചകൾ അവനെ കാട്ടിക്കൊടുത്തുകൊണ്ട് പറഞ്ഞു -

"ഇപ്പോൾ മനസ്സിലായോ? നീ വെറും പൊട്ടക്കിണറ്റിലെ തവളയാണ്! നിന്റെ വാസസ്ഥലമായ കിണറാണു ഭൂമി എന്നു മേലിൽ പറയരുത്!"

"എന്നോടു ക്ഷമിക്കൂ പൊന്നൻകാക്കേ...... ഞാൻ ജനിച്ചതു മുതൽ ആ പൊട്ടക്കിണർ ആയിരുന്നു എന്റെ ലോകം. എനിക്കിവിടെ ജീവിച്ചാൽ മതി. കിണറ്റിൽ നിന്ന് എന്റെ മക്കളെയും നീ വെളിയിലെത്തിച്ചു തന്നാൽ ഭഗവാൻ നിന്നെ അനുഗ്രഹിക്കും!"

പൊന്നന്‍കാക്ക പത്തു തവളക്കുഞ്ഞുങ്ങളെയും കൊത്തിയെടുത്ത് കരയിലെത്തിച്ചു.

ആശയം-

അറിവ് ആരുടെയും കുത്തകയല്ല. ചിലരുടെ സംസാരം കേട്ടാൽ സ്വന്തമായി കണ്ടു പിടിച്ച അറിവാണു പങ്കുവയ്ക്കുന്നതെന്നു തോന്നിപ്പോകും. അത്തരക്കാർ കടലിലെ വെള്ളം ഒരു പാത്രം കൊണ്ട് തേകി വറ്റിക്കാൻ നോക്കുന്നതുപോലുള്ള വങ്കത്തരമാകും! പൊട്ടക്കിണറ്റിലെ മനുഷ്യത്തവളകള്‍! 

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam