കുതിരയുടെ ദിക്ക്!

പണ്ടു പണ്ട്, സിൽബാരിപുരം രാജ്യത്തെ ഗതാഗതത്തിന് കുതിരവണ്ടികൾ ഉപയോഗിച്ചിരുന്നു. ചരക്കുനീക്കത്തിന് കാളവണ്ടികളും.

ധനികർക്കു മാത്രമേ സ്വന്തമായി കുതിരവണ്ടികൾ ഉണ്ടായിരുന്നുള്ളൂ. സാധാരണക്കാർക്കു കൂലി കൊടുത്തു സഞ്ചരിക്കാനായി നാടുവാഴികളുടെ കീഴിൽ ഒട്ടേറെ കുതിരകളും വണ്ടിവലിക്കാരും ഉണ്ടായിരുന്നു.

അവിടെയുള്ള ഗ്രാമത്തിൽ രാവുണ്ണി എന്നു പേരുള്ള ധനികൻ പാർത്തിരുന്നു. അയാൾക്ക് കുതിര സവാരി ചെയ്യുന്നതിന് ലക്ഷണമൊത്ത ഒരു കുതിരയുണ്ടായിരുന്നു. അതിന്മേൽ പ്രഭാത സവാരി ചെയ്യുന്നതിൽ സന്തോഷവും അഹങ്കാരവും അയാൾ കണ്ടെത്തി. ദിവസവും, ഏകദേശം അഞ്ചു മൈൽ ദൂരമെങ്കിലും കുതിരപ്പുറത്ത് തലയെടുപ്പോടെ രാവുണ്ണി യാത്ര ചെയ്യും.

ഒരു ദിവസം -

കുതിരസവാരിക്കിടയിൽ മുന്നിലൂടെ ഒരു ചെമ്പൻകുതിര മിന്നൽ പോലെ പാഞ്ഞു പോകുന്നതു കണ്ട് രാവുണ്ണി ഞെട്ടി!

തന്റെ കുതിരയേക്കാൾ ശക്തിയുള്ള അതിനെ ആരാണു നയിക്കുന്നത്?

രാവുണ്ണി അപരിചിതന്റെ കുതിരയെ പിന്തുടരാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് കുതിരക്കുളമ്പുകൾക്ക് വേഗമെടുക്കാനായില്ല. അടുത്ത ദിവസവും ഇതേ പോലെ തന്നെ സംഭവിച്ചു. കൊട്ടാരത്തിൽ നിന്നുള്ള പ്രധാന വീഥിയിൽ നിന്നാണ് അതിവേഗത്തിൽ ചെമ്പൻകുതിര വരുന്നതെന്നു പിടികിട്ടി. എന്നാൽ, അത് എങ്ങോട്ടാണു ഇത്ര വേഗത്തിൽ പോകുന്നതെന്ന് രാവുണ്ണിക്ക് ഒരു രൂപവും കിട്ടിയില്ല.

ഇങ്ങനെ, കുറച്ചു ദിവസങ്ങൾ ഇത് ആവർത്തിച്ചപ്പോൾ അയാൾക്ക് വാശിയായി. എങ്ങനെയും ചെമ്പൻ കുതിരയുടെ രഹസ്യം കണ്ടു പിടിക്കണം. അതിനു വേണ്ടി അയാൾ കുറച്ചു ദിവസങ്ങൾ കുതിരയെ വേഗം പായിക്കാൻ പരിശീലിക്കുകയും ചെയ്തു.

അടുത്ത ദിനം, പ്രഭാതത്തിൽ രാവുണ്ണി പതിവുപോലെ പ്രഭാതസവാരിക്ക് കുതിരയുമായി കാത്തു നിന്നു. അന്ന് അപരിചിതന്റെ ചെമ്പൻകുതിരയെ അകലെ നിന്നു കണ്ട മാത്രയിൽ രാവുണ്ണി കുതിരയെ മുന്നിൽ കയറി പായിച്ചു. പക്ഷേ, നിമിഷ നേരം കൊണ്ട് ചെമ്പൻകുതിര പാഞ്ഞു മുന്നിലെത്തി. അതിന്മേൽ ഇരിക്കുന്ന ആളിനെ നേരാംവണ്ണം കാണാൻപോലും രാവുണ്ണിക്കു കഴിഞ്ഞില്ല!

ഇത്തവണ രാവുണ്ണി വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു.

അയാൾ കുതിരയോട് അലറി -

"വേഗം പായും കുതിരേ... വേഗം... വേഗം...."

അതിന്റെ കുഞ്ചിരോമത്തിൽ രാവുണ്ണി പിടിച്ചു വലിച്ചു. ക്രമേണ കുതിര വേഗം കൂട്ടി ചെമ്പൻകുതിരയുടെ പിറകേ വച്ചുപിടിച്ചു! അത് വെകിളി പിടിച്ചു ശക്തിയിൽ കുതിച്ചു. ഇതിനിടയിൽ സിൽബാരിപുരത്തിന്റെ അതിർത്തിയായ കാട്ടിൽ ചെമ്പൻകുതിര പ്രവേശിച്ചു. പിന്നാലെ രാവുണ്ണിയുടെ കുതിരയും. എന്നാൽ, കാടു കണ്ടിട്ടില്ലാത്ത രാവുണ്ണിയുടെ കുതിര വഴിയറിയാതെ പകച്ച് വേഗം കുറഞ്ഞപ്പോള്‍  ചെമ്പൻകുതിര കുതിച്ചു കൊണ്ടിരുന്നു. ഇതു കണ്ട്, രാവുണ്ണി തന്റെ കുതിരയെ ആഞ്ഞടിച്ചു. ആ നിമിഷം കുതിര ഉയർന്നുപൊങ്ങി കാട്ടുവള്ളിയിൽ കുടുങ്ങി കീഴ്‌മേൽ മറിഞ്ഞു.

രാവുണ്ണി ദൂരേക്ക് തെറിച്ചു വീണു!

എങ്കിലും, കുതിര പിടഞ്ഞെണീറ്റ് ചെമ്പൻകുതിരയുടെ പിറകേ പോയി ദിക്കറിയാതെ കൊടുംകാട്ടിൽ അകപ്പെട്ടു! രാവുണ്ണി രണ്ടാഴ്ചയെടുത്ത് ഏന്തി വലിഞ്ഞ് വീടുപറ്റി.

മൂന്നു മാസം പിന്നിട്ടു. കൊട്ടാരംവിദൂഷകൻ രാവുണ്ണിയുടെ സുഹൃത്തായിരുന്നു. പരിക്കു കണ്ട് വിവരം തിരക്കി. ശേഷം, വിദൂഷകൻ പറഞ്ഞു -

"രാവുണ്ണീ... താൻ എന്തൊരു മണ്ടനാണ്. അയലത്തെ കോസലപുരംരാജ്യത്തെ ചാരൻ സുപ്രധാന രഹസ്യവിവരങ്ങൾ പങ്കിടുന്നതിനായി വരുന്നതായിരുന്നു അത്. അയാളും ചെമ്പൻകുതിരയും തികഞ്ഞ അഭ്യാസികളാണ്. അവരുടെ ഒപ്പമെത്താമെന്ന് രാവുണ്ണി വെറുതെ സ്വപ്നം കാണരുത്!”

ഇതുകേട്ട് രാവുണ്ണി ലജ്ജിച്ചു തലതാഴ്ത്തി.

ആശയം -

കരിയറിൽ ഇതുപോലെ സംഭവിക്കാറുണ്ട്. മറ്റുള്ളവരുടെ ലക്ഷ്യങ്ങളെ നോക്കി അല്ലെങ്കിൽ ട്രെൻഡ് നോക്കി പിന്നാലെ പോയി ദിശയറിയാതെ കുഴങ്ങുന്നു. കരിയറില്‍ പരിക്കു പറ്റുന്നു. ആ കരിയറില്‍ നിന്നും മോചനം നേടി ഏന്തി വലിഞ്ഞ് അടുത്തതിലേക്കു തിരിയുമ്പോള്‍ കാലം ഏറെ മുന്നോട്ടു പോയിട്ടുണ്ടാവും. അപ്പോള്‍ മുന്‍ഗണനയും പ്രവൃത്തിപരിചയവും കുറഞ്ഞുപോവുകയും  ചെയ്യാം. അതിനാല്‍,  ഓരോ വിദ്യാർഥിയും സ്വന്തം കഴിവും ഇഷ്ടവും മനസ്സിലാക്കി ഊർജ്ജം വിനിയോഗിക്കുക. അന്ധമായി ആരുടെ കരിയറിനെയും അനുകരിക്കാനോ ആരാധിക്കാനോ നില്‍ക്കേണ്ട. നിങ്ങളുടെ ഇഷ്ടമുള്ള സ്വന്തം വഴികളിലൂടെ കരിയര്‍ എന്ന പടക്കുതിര പായട്ടെ.  

Comments