(1033) ഹോജയുടെ മോതിരം!
ഒരിക്കൽ, ഹോജ മുല്ലയോട് യാത്ര പറയാനായി സുഹൃത്തായ ഒരു വ്യാപാരി വീട്ടിലെത്തി. വ്യാപാരിക്ക് പണം ഏറെയുണ്ടെങ്കിലും അത്യാഗ്രഹം ഏറെയായിരുന്നു. ദൂരെ വ്യാപാര ആവശ്യത്തിനു പോകുകയായിരുന്നു അയാളുടെ ലക്ഷ്യം.
ഹോജയും വ്യാപാരിയും തമ്മിലുള്ള സംസാരത്തിനിടയ്ക്ക് ഹോജയുടെ കയ്യിൽ കിടന്ന വില പിടിച്ച മോതിരം അയാൾ ശ്രദ്ധിച്ചു.
ഉടൻ, അത് എങ്ങനെയെങ്കിലും സ്വന്തമാക്കണമെന്ന് വ്യാപാരിക്ക് ദുരാശ തോന്നി. അതിനായി സുഹൃത്ത് ഒരു തന്ത്രം പ്രയോഗിച്ചു.
"ഹോജാ, ഞാൻ എന്നാണ് മടങ്ങിവരികയെന്ന് പറയാൻ കഴിയില്ല. പക്ഷേ, അത്രയും നാൾ താങ്കളെ കാണാതെ ഇരിക്കുന്നതിൽ എനിക്കു വളരെ വിഷമമുണ്ട്. അതിനാൽ, കയ്യിലെ മോതിരം എനിക്കു തരിക. അതു കാണുമ്പോൾ ഹോജയെ ഞാൻ ഓർമ്മിക്കും. അതെനിക്ക് ആശ്വാസമാകും"
വ്യാപാരിയുടെ ആർത്തി മനസ്സിലാക്കിയ ഹോജ മറുതന്ത്രം പുറത്തെടുത്തു.
"പ്രിയ സുഹൃത്തേ. ഞാൻ ഇതേ കാര്യം പറയാൻ വരികയായിരുന്നു. താങ്കളെ പിരിഞ്ഞ് ഇരിക്കുന്നതിൽ എനിക്കും വിഷമമുണ്ട്. അതുകൊണ്ട് ഈ മോതിരം താങ്കൾക്കു ഞാൻ കൊടുത്തു വിട്ടില്ല എന്ന് ഓർക്കുമ്പോൾ ഏറെ വേദനയോടെ ഈ മോതിരം കാണുന്ന ഓരോ നിമിഷവും ഞാൻ ഓർമ്മിക്കും"
ഹോജയുടെ തന്ത്രത്തിൽ പരാജയപ്പെട്ട വ്യാപാരി നാണംകെട്ട് അവിടെ നിന്നും നടന്നകന്നു.
Written by Binoy Thomas, Malayalam eBooks-1033 -ഹോജ കഥകൾ - 29, PDF-https://drive.google.com/file/d/1OYW_pNT7NmLv2FO3wEKVRke6X1RB8qK7/view?usp=drivesdk
Comments