(1031) ഹോജയുടെ ക്ഷമാപണം!
ഒരിക്കൽ, ഹോജ മുല്ലയെ കാണാനായി നാട്ടിലെ ഒരു പണ്ഡിതൻ നാളെ വരുമെന്ന് അറിയിച്ചു. പക്ഷേ, അക്കാര്യത്തിൽ താൽപര്യം ഇല്ലാത്തതിനാൽ, സൂത്രക്കാരനായ ഹോജ അത് ഒഴിവാക്കാനായി തീരുമാനിച്ചു. അതിനാൽ, അടുത്ത ദിവസം രാവിലെ അയാൾ വീട്ടിൽ നിന്നും വേറൊരു യാത്ര പോയി.
കുറച്ചു കഴിഞ്ഞ് പണ്ഡിതൻ അവിടെ വന്നപ്പോൾ ഹോജ ഇല്ലെന്നു മനസ്സിലായി. വാതിലും ജനാലയുമൊക്കെ അടച്ചിരുന്നതിനാൽ അയാൾക്ക് ദേഷ്യം ഇരച്ചുകയറി.
"ഞാൻ വരുമെന്ന് മുൻകൂട്ടി അറിയിച്ചിട്ട് ആ കഴുത എവിടെയോ പോയിരിക്കുന്നു!"
വരാന്തയിൽ നിന്നും തിരികെ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ അവിടെ ഒരു കരിക്കട്ട കിടക്കുന്നതു കണ്ടു. അയാൾ അത് കുനിഞ്ഞെടുത്തു. പിന്നെ, വീടിൻ്റെ വാതിലിനു മുകളിലായി 'കഴുത' എന്ന് എഴുതിവച്ചു. എന്നിട്ട്, പിറുപിറുത്തുകൊണ്ട് അവിടം വിട്ടു.
വൈകുന്നേരമായപ്പോൾ ഹോജ വീട്ടിലേക്ക് മടങ്ങിയെത്തി. വാതിലു മുകളിലായി 'കഴുത' എന്ന് എഴുതിയതു കണ്ടു. ഉടൻ, ഹോജ നേരെ പണ്ഡിതൻ്റെ വീട്ടിലേക്കു നടന്നു.
അവിടെ എത്തി പണ്ഡിതനെ കണ്ടു - "അങ്ങ് ദയവായി എന്നോടു ക്ഷമിക്കണം. എൻ്റെ വീട്ടിലേക്കു വരുമെന്നു പറഞ്ഞിരുന്ന കാര്യം ഞാൻ മറന്നു പോയിരുന്നു. പക്ഷേ, എൻ്റെ വാതിലിനു മുകളിൽ അങ്ങയുടെ പേര് എഴുതിയതു കണ്ടപ്പോഴാണ് ഓർമ്മ വന്നത്!"
പണ്ഡിതൻ വിളറിപ്പോയി. ഇവിടെയും ഹോജയുടെ നർമ്മരസം വീണ്ടും തെളിഞ്ഞു.
Written by Binoy Thomas, Malayalam eBooks-1031 - Hoja story series -27, PDF-https://drive.google.com/file/d/19-7aPtnJAVoVfZ9w3zCtuvpUuwAaF4zq/view?usp=drivesdk
Comments