(1032) കീശയുടെ വിശപ്പ്!
ഒരിക്കൽ, ഹോജ മുല്ല ഒരു സൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്നു. തീൻമേശയിൽ അനേകം വിഭവങ്ങൾ നിരന്നു. ഹോജ കഴിക്കാൻ തുടങ്ങി. അന്നേരം, എതിർ വശത്തുള്ള ഒരാൾ എന്തോ കള്ളത്തരം ഒപ്പിക്കുന്നതുപോലെ ഹോജയ്ക്കു തോന്നി.
കണ്ടാൽ മാന്യനാണെന്നു തോന്നും വിധമാണ് വസ്ത്രധാരണം. ഹോജ അല്പം കുനിഞ്ഞു നോക്കിയപ്പോൾ ആ മാന്യൻ കുപ്പായത്തിൻ്റെ വലിയ കീശയിലേക്ക് നല്ല വിഭവങ്ങൾ നിറയ്ക്കുകയാണ്!
ഹോജ കഴിച്ചു കഴിഞ്ഞ് ചൂടു ചായ കുടിക്കാതെ വച്ചു കൊണ്ടിരുന്നു. മാന്യൻ എഴുന്നേറ്റ നിമിഷം ചൂടു ചായ അയാളുടെ നിറഞ്ഞ കീശയിലേക്ക് ഹോജ ഒഴിച്ചു!
പെട്ടെന്ന്, അയാൾ ദേഷ്യപ്പെട്ടപ്പോൾ അവരുടെ ചുറ്റിനും ആളുകൾ തടിച്ചു കൂടി. അവരോടായി ഹോജ പറഞ്ഞു -"ഈ മാന്യൻ്റെ വലിയ കീശയ്ക്കു ഭയങ്കര വിശപ്പാണ്. വിശിഷ്ട ആഹാരങ്ങളെല്ലാം അത് അകത്താക്കിക്കഴിഞ്ഞു. അന്നേരം, ദാഹശമനത്തിനായി ഞാൻ ചൂടുചായ കൊടുത്തതാണ്!"
കപട മാന്യൻ്റെ ആഹാര മോഷണത്തിനുള്ള ഹോജയുടെ ചുട്ട മറുപടി എല്ലാവർക്കും ഇഷ്ടമായി.
Written by Binoy Thomas, Malayalam eBooks-1032 -ഹോജാ കഥകൾ - 28, PDF -https://drive.google.com/file/d/1omsgl5lV-Kj5W_P40ZSuYFLYHfuEEMD7/view?usp=drivesdk
Comments