(1037) പണക്കാരൻ ആകുന്ന വഴി!
ഹോജമുല്ലയ്ക്ക് യാതൊരു പണിയും ഇല്ലാതിരുന്ന കാലമായിരുന്നു അത്. എന്നാൽ, വെറുതെ ഇരിക്കുകയാണെന്ന് കരുതാനും വയ്യ. കാരണം, ആളുകളുടെ അടുത്ത് വീരവാദം മുഴക്കുകയും തർക്കിക്കാൻ പോകുകയും ഒക്കെ ചെയ്യുന്നത് ഹോജയുടെ സ്ഥിരം പരിപാടികളാണ്.
ചിലപ്പോൾ മറ്റുള്ളവരെ പരിഹസിക്കാനും പോകാറുണ്ട്. അന്നേരം, ആളുകൾ തിരിച്ചും നാണം കെടുത്തി വിടും. എങ്കിലും ഹോജ തൻ്റെ ജീവിത ശൈലി ഒട്ടും മാറ്റാൻ തയ്യാറായിരുന്നില്ല.
ഒരു ദിവസം, അദ്ദേഹം ചന്തയിലെ തിരക്കുള്ള ദിനത്തിൽ അവിടെയുള്ള ഉയർന്ന കല്ലിൻ്റെ മുകളിൽ കയറി നിന്നു വിളിച്ചു കൂവി - "പെട്ടെന്ന് പണക്കാരൻ ആകാനുള്ള വിദ്യ വേണമെന്നുള്ളവർ ഇവിടെ വരിക!"
അപ്പോൾ, ആളുകൾ ഹോജയുടെ ചുറ്റിനും തടിച്ചു കൂടി. കാരണം, അവരുടെയെല്ലാം പ്രധാന ലക്ഷ്യം പെട്ടെന്ന് മുതലാളിയാകുക എന്നുള്ളതായിരുന്നു.
അവരെല്ലാം ഒരുമിച്ച് വെപ്രാളത്തോടെ ചോദിച്ചു - "ഹോജാ, ഞങ്ങൾക്ക് എത്രയും പെട്ടെന്ന് അത് പറഞ്ഞു തരിക!"
പെട്ടെന്ന്, ഹോജ ഗൗരവത്തോടെ പറഞ്ഞു -"നിങ്ങളിൽ എത്ര പേർക്ക് ഈ ആവശ്യം ഉണ്ടെന്ന് അറിയാനാണ് ഞാൻ എല്ലാവരോടും ചോദിച്ചത്. ഇത്രയും വലിയ ഒരു ജനക്കൂട്ടത്തിന് മുഴുവൻ ആവശ്യമാകയാൽ ഞാൻ ഇപ്പോൾത്തന്നെ ആ വിദ്യ അന്വേഷിച്ച് പുറപ്പെടുകയാണ്"
ഹോജ സ്വന്തം വീട്ടിലേക്കു നടന്നു പോയി.
Written by Binoy Thomas, Malayalam eBooks-1037-ഹോജ മുല്ല കഥകൾ- 33, PDF-https://drive.google.com/file/d/1jWcUbTFHJku8BqrIpfPpjjzEPof_OFF2/view?usp=drivesdk
Comments