(1177) വിരട്ടുന്ന വിദ്യ!
സിൽബാരിപുരം രാജ്യത്തിൻ്റെ കിഴക്കു പ്രദേശം മുഴുവനും കാടായിരുന്നു. വളരെ വിസ്തൃതമായ ആ കാട്ടിൽ പലതരം മൃഗങ്ങളാൽ സമ്പന്നമായ കാലമായിരുന്നു അത്.
ഒരിക്കൽ, നാട്ടിലെ നായ്ക്കൾ തമ്മിൽ ഉഗ്രമായ പോരാട്ടം നടന്നു. അതുവരെ നേതാവായിരുന്ന വലിയ നായ തോറ്റപ്പോൾ ആ പ്രദേശം വിട്ട് ഓടി എത്തിയത് ഈ കാട്ടിലായിരുന്നു.
പക്ഷേ, കാട്ടിൽ ഇര തേടാനുള്ള പ്രാവീണ്യം അതിനില്ലായിരുന്നു. പിന്നെ, പഴകിയ മാംസ അവശിഷ്ടങ്ങൾ നോക്കി നടന്നപ്പോൾ ചത്ത കടുവയുടെ എല്ലിൻ കഷണങ്ങൾ കിട്ടി. അതിൽ കടിച്ചു വലിച്ചു കൊണ്ടിരുന്നപ്പോൾ ഒരു കടുവ പതുങ്ങി വന്നത് നായ കണ്ടു!
താൻ കുടുങ്ങിയെന്ന് ഉറപ്പായ സ്ഥിതിയിൽ നായ ബുദ്ധി പ്രയോഗിച്ചു - "ഹോ! ഈ കടുവയുടെ എല്ലുകൾ തീരാറായി. നാളെ അടുത്ത കടുവയെ കണ്ടെത്തി കൊല്ലേണ്ടി വരും!"
ഇതുകേട്ട്, കടുവ മരത്തിൻ്റെ മറവിലേക്ക് ഒളിച്ചു. കടുവ പിറുപിറുത്തു - "കാട്ടിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഈ മൃഗം ഭയങ്കരനാണ്. കടുവയുടെ എല്ലുകൾ മാത്രം തിന്നുന്ന ഭീകരൻ!"
കടുവ പേടിച്ച് തിരികെ പോയതു കണ്ട് മരത്തിൽ ഇരുന്ന് ഇതെല്ലാം കണ്ടുകൊണ്ടിരുന്ന അണ്ണാൻ ഉച്ചത്തിൽ ചിരിച്ചു.
അണ്ണാൻ മരത്തിലൂടെ ചാടി കടുവയുടെ പിറകേ പോകുന്നതു ശ്രദ്ധിച്ച് നായയ്ക്ക് അപകടം മണത്തു.
പെട്ടെന്ന്, കടുവയെ കണ്ട് അണ്ണാൻ പറഞ്ഞു -"കാട്ടിലെ ചെന്നായ പോലെ നാട്ടിലെ നായയാണ് ഇവൻ. അവന് കടുവയെ കൊല്ലാനുള്ള ശക്തിയൊന്നും ഇല്ല"
ഉടൻ, കടുവ മുരണ്ടു കൊണ്ട് നായയുടെ അടുത്തേക്ക് പാഞ്ഞു. മരത്തിലൂടെ അണ്ണാനും അതിനൊപ്പം ചാടി. നായയുടെ അടുത്ത് വന്ന നേരത്ത്, അണ്ണാനെ കണ്ട് നായ അലറി - "നീ ഇത്രയും നേരം എവിടെയായിരുന്നു? ഒരു കടുവയെ കൊണ്ടുവരാമെന്നു പറഞ്ഞിട്ട് ഏറെ വൈകി. കടുവ എവിടെ?"
ഇതു കേട്ട് കടുവ ഞെട്ടി! കടുവ ദൂരെ ദിക്കിലേക്കു പാഞ്ഞു!
ചിന്താവിഷയം - ശക്തിയെ ബുദ്ധികൊണ്ട് മറി കടക്കാൻ പറ്റും.
Written by Binoy Thomas, Malayalam eBooks- 1177 - folk tales - 69, PDF-https://drive.google.com/file/d/1LkC2zeNFE__aMIHFru3sqXhQ9g0UEo9B/view?usp=drivesdk