(1180) കാട്ടാടിൻ്റെ വിധി!
പണ്ടുപണ്ട്, സിൽബാരിപുരം ദേശമാകെ കാടായി കിടന്നിരുന്ന കാലത്തെ കഥയാണിത്. എന്നാൽ, അയൽരാജ്യമായ കോസലപുരത്തു നിന്നും വേട്ടക്കാർ പലരും ഇവിടെ എത്തിയിരുന്നു.
പതിവു പോലെ അന്നും നദിക്കരയിൽ ഒരു വേട്ടക്കാരൻ എത്തി. കാരണം, കടുത്ത വേനൽക്കാലം ആയതിനാൽ കാട്ടുമൃഗങ്ങൾ വെള്ളം കുടിക്കാൻ അവിടെ വരും. അന്നേരം, വല എറിഞ്ഞോ വെടിവച്ചോ അവറ്റകളെ പിടിക്കാനാകും.
അതിനിടയിൽ, വെള്ളം കുടിക്കാനായി ഒരു കാട്ടാട് നദിക്കരയിലെത്തി. അന്നേരം, വേട്ടക്കാരൻ അതിനെ കണ്ടു. അയാൾ ഉയരം കൂടിയ ഒരു മരത്തിൻ്റെ മറവിൽ ചാരി നിന്ന് തോക്കു ചൂണ്ടി ഉന്നം പിടിച്ചു. പക്ഷേ, ആട് വെള്ളം കുടിക്കാൻ കുനിയുന്നതിനു മുൻപ് ചുറ്റുപാടും നോക്കിയപ്പോൾ വേട്ടക്കാരനെ കണ്ടു.
എന്നാൽ, ആട് വെള്ളത്തിലേക്കു ചാടാൻ നോക്കിയപ്പോൾ ഒരു മുതല അതിനെ കൊതിയോടെ നോക്കി കിടക്കുകയാണ്!
എങ്കിൽ, പിറകിലേക്ക് ഓടാം എന്നു വിചാരിച്ച് ആട് നോക്കിയപ്പോൾ ഞെട്ടി! ഒരു കടുവ പിറകിൽ നിന്ന് ചാടാൻ തക്കം പാർത്ത് നിൽക്കുന്നു!
ആട് നോക്കിയപ്പോൾ കാടിനുള്ളിലേക്ക് മറ്റൊരു വഴി കണ്ടു. പക്ഷേ, ആ വഴിയിൽ അകലെ കാട്ടു തീ പിടിച്ചത് കണ്ടപ്പോൾ ഇനി രക്ഷപെടാൻ നോക്കിയിട്ട് യാതൊരു കാര്യവുമില്ല എന്ന് ആട് മനസ്സിലാക്കി.
ആട് പിറുപിറുത്തു - "എന്തായാലും ജീവൻ പോകും. അതിനു മുൻപ് വയറു നിറച്ച് വെള്ളം കുടിച്ചിട്ടു പോകാം"
അത് വെള്ളം കുടിക്കാൻ കുനിഞ്ഞു. പെട്ടെന്ന്, ആടിനെ ഉന്നം പിടിച്ച് വേട്ടക്കാരൻ കാഞ്ചി വലിച്ചു. അതിനൊപ്പം ശക്തമായ ഇടിമിന്നലും ഇടിയും വെട്ടി. ആ ഞെട്ടലിൽ അയാളുടെ ഉന്നം തെറ്റി. പകരം, ആടിനു മേൽ ചാടി വീണ കടുവയുടെ തലയിൽ വെടിയുണ്ട തുളച്ചു കയറി!
അപ്പോൾ, ഉയരം കൂടിയ മരത്തിലാണ് ഇടി വെട്ടിയത്. അതിൻ്റെ ആഘാതത്തിൽ വേട്ടക്കാരൻ ബോധം കെട്ടു വീഴുകയും ചെയ്തു!
ചാടിയ കടുവയുടെ തലയ്ക്കു പരുക്കേറ്റ് അത് വെള്ളത്തിൽ വീണു. അന്നേരം, മുതലയുടെ മൂർച്ചയേറിയ പല്ലുകൾ കടുവയുടെ കഴുത്തിൽ ആഴ്ന്നിറങ്ങി.
അങ്ങനെ, മാസങ്ങൾ നീണ്ടു നിന്ന വേനലിനു ശേഷം ശക്തമായി തുടങ്ങിയ മഴയിൽ കാട്ടുതീ അണഞ്ഞുപോയി.
ഏതാണ്ട് മരണം ഉറപ്പിച്ച കാട്ടാട് വെള്ളം കുടിച്ച് തലയുയർത്തിയപ്പോൾ അത്ഭുതപ്പെട്ടു!
വെള്ളത്തിലെ ഘോര പോരാട്ടത്തിൽ കടുവയും മുതലയും ജീവൻ നഷ്ടപ്പെട്ടു വെള്ളത്തിൽ നിശ്ചലമായി.
കാട്ടുതീ മഴയിൽ അണഞ്ഞിരിക്കുന്നു. മിന്നലിൻ്റെ ആഘാതത്തിൽ വേട്ടക്കാരനും ജീവൻ വെടിഞ്ഞു.
ആശയം: ഏതു തരം പ്രതിസന്ധികളെയും അല്ലെങ്കിൽ പരിഹരിക്കാൻ പറ്റില്ലാത്ത പ്രശ്നങ്ങളെയും തടസ്സങ്ങളെയും ഒടുവിൽ നാടകീയമായി മാറ്റം വരുത്താനുള്ള ശക്തിയെ വിധി എന്നു നാം വിളിക്കും. അത് ദൈവിക പദ്ധതിയാണ്.
Written by Binoy Thomas, Malayalam eBooks-1180 -faith in God - 33, PDF-https://drive.google.com/file/d/16c9DNGYS1Ph_K2z95prNoq3cvAEM_7FC/view?usp=drivesdk
Comments