(1162) കുരങ്ങൻ്റെ തേൻ കൊതി!

 സിൽബാരിപുരംദേശം കൊടും കാടായി കിടന്നിരുന്ന കാലം. പൊതുവെ, നല്ല കാലാവസ്ഥയുള്ള പ്രദേശമായിരുന്നു അത്. എന്നാൽ, ഒരു വേനൽക്കാലം അതികഠിനമായി കാടിനെ വരൾച്ചയിലാക്കി.

കാട്ടിലെ ഉറവകൾ എല്ലാം വറ്റിയിരിക്കുന്നു. മൃഗങ്ങൾ വെള്ളം കിട്ടാനായി തലങ്ങും വിലങ്ങും പാഞ്ഞു. അങ്ങനെ, ആ പ്രത്യേക സാഹചര്യത്തിൽ കാട്ടിലെ മൃഗങ്ങൾ എല്ലാവരും ഒരുമിച്ചു കൂടി സങ്കടത്തിലായി.

അക്കൂട്ടത്തിലെ ബുദ്ധിമാനായ കുറുക്കൻ പറഞ്ഞു -"ഈ കാട്ടിൽ ഇനിയും നിന്നാൽ ചിലപ്പോൾ മുളങ്കൂട്ടങ്ങൾ തമ്മിൽ ഉരസി കാട്ടുതീ പിടിക്കാൻ സാധ്യതയുണ്ട്. നമുക്ക് എത്രയും വേഗം കോസലപുരം കാട്ടിലേക്കു പോയേ മതിയാകൂ"

അന്നേരം, ആന പറഞ്ഞു -"കാര്യം ശരി തന്നെ. പക്ഷേ, നമ്മൾ അങ്ങോട്ടു ചെല്ലുമ്പോൾ അവിടെയുള്ള മൃഗങ്ങളുമായി ഘോരയുദ്ധം ഉണ്ടാകില്ലേ?"

കുറുക്കൻ തുടർന്നു - "നമ്മൾ അധികാരം സ്ഥാപിക്കാൻ വന്നതല്ല എന്നുള്ള കാര്യം അവരെ പറഞ്ഞു മനസ്സിലാക്കണം. എങ്കിലും പോരാട്ടം നടന്നേക്കാം. പക്ഷേ, ഇവിടെ കാട്ടുതീയിൽ പെട്ട് വെന്തു മരിക്കുന്നതിലും ഭേദമാണ് പോരാടിയുള്ള വീരമരണം സംഭവിക്കുന്നത്"

അവർ ഒരുമിച്ച് അയൽ കാട്ടിലേക്ക് വിശപ്പും ദാഹവും മറന്ന് യാത്രയായി. അതിനിടയിൽ ഉയരമേറിയ മരത്തിൽ വലിയ തേനീച്ചക്കൂട് കണ്ടപ്പോൾ ഒരു കുരങ്ങനു കൊതി അടക്കാനായില്ല.

അവൻ മരത്തിൽ ചാടിക്കയറിയപ്പോൾ മറ്റുള്ള കുരങ്ങന്മാർ പറഞ്ഞു -"എടാ, നമ്മൾ ചെല്ലുന്ന കാട്ടിലും തേനുണ്ട്. ഇപ്പോൾ ഈ കാട് അപകടകരമാണ്"

പക്ഷേ, അവൻ അതു കാര്യമാക്കിയില്ല. ആർത്തിയോടെ തേനടകൾ ചപ്പി വലിച്ചു തേൻ കുടിച്ചു തുടങ്ങി. ഇതിനിടയിൽ, ഉയരമുള്ള ജിറാഫ് പിറകിലുള്ള സ്വന്തം പ്രദേശത്ത് കാട്ടുതീ പിടിച്ചത് കണ്ട് അലറി!

"കാട്ടുതീ പിടിച്ചു...വേഗം മുന്നോട്ട് എല്ലാവരും ഓടിക്കോ!"

എന്നാൽ, തേൻ കുടിച്ച് തലയ്ക്കു മത്തുപിടിച്ച കുറുക്കന് യാതൊന്നും മനസ്സിലായില്ല. അല്പ നേരത്തിനുള്ളിൽ അവിടമാകെ കാട്ടുതീ വിഴുങ്ങി!

ആശയം: കൃത്യസമയത്ത് പലർക്കും മുന്നറിയിപ്പ് കിട്ടാറുണ്ട്, കൊടുക്കാറുണ്ട്. എന്നാൽ അവയെല്ലാം കണ്ടില്ല, കേട്ടില്ല എന്നു വിചാരിച്ചാൽ നാശമായിരിക്കും ഫലം!

Written by Binoy Thomas, Malayalam eBooks-1162- folk tales -66, PDF-https://drive.google.com/file/d/1zBtn1PLoIuoPiSLHuHyl96DOkLOwpd2C/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

ചെറുകഥകള്‍