(1188) റോബർട്ട് ബ്രൂസ്!
യൂറോപ്യൻ രാജ്യത്ത് (സ്കോട്ലൻ്റ്) ഭരിച്ചിരുന്ന മിടുക്കനായ രാജാവായിരുന്നു റോബർട്ട് ബ്രൂസ്.
ഒരിക്കൽ, അയൽ രാജ്യമായ ഇംഗ്ലണ്ടിലെ രാജാവ് ആക്രമിച്ചപ്പോൾ അദ്ദേഹത്തിന് പിടിച്ചു നിൽക്കാൻ പറ്റിയില്ല. സ്വന്തം പട തോറ്റോടി. ബ്രൂസ് തലനാരിഴയ്ക്ക് രക്ഷപെട്ടു.
അയാൾ അതിവേഗം ഓടി ഒരു ഗുഹയിൽ ചെന്ന് ഒളിച്ചു. ആകെ നിരാശനായി മൂകനായി ഗുഹയിൽ ഇരുന്നപ്പോൾ ഒരു കാഴ്ച കണ്ടു -
ഒരു ചിലന്തി, ഗുഹയുടെ കവാടത്തിൽ ഒരറ്റത്തു നിന്നും വല കെട്ടാനായി മറ്റേ അറ്റത്തേക്കു ചാടുന്നു!
ഒന്നാമത്തെ ചാട്ടത്തിൽ ചാടി പിടിക്കാൻ എത്തിയില്ല. രണ്ടാമതും പറ്റിയില്ല. എന്നാൽ, ചിലന്തി വീണ്ടും ശ്രമിച്ചു കൊണ്ടിരുന്നു. മൂന്ന്... നാല്... അഞ്ച്...ആറ്...അത്രയും തവണ പരാജയപ്പെട്ടു!
പക്ഷേ, എഴാമത്തെ ചാട്ടത്തിൽ അത് ലക്ഷ്യം കണ്ടു! ഈ കാഴ്ച കണ്ടു കൊണ്ടിരുന്ന ബ്രൂസിനെ ഏറെ ചിന്തിപ്പിച്ച വിഷയമായി ഇത്. അയാൾ പിറുപിറുത്തു - "കേവലം, ഒരു ചിലന്തി ആദ്യത്തെ ആറു പ്രാവശ്യത്തെ പാഴായ പരിശ്രമം കണ്ടിട്ടും തോറ്റു പിന്മാറിയില്ല. ഒരു മനുഷ്യനായ എനിക്ക് എന്തുകൊണ്ട് വീണ്ടും പരിശ്രമിച്ചു കൂടാ?"
അയാൾ ഗുഹയിൽ നിന്നും ഇറങ്ങി. രഹസ്യമായി തോറ്റോടിയ ഭടന്മാരെ കണ്ടുപിടിച്ച് സംഘം ചേർന്ന് പുതിയ യുദ്ധ തന്ത്രങ്ങൾ മെനഞ്ഞു.
പെട്ടെന്നുള്ള ആസൂത്രിത നീക്കത്തിൽ റോബർട്ട് ബ്രൂസ്, ഇംഗ്ലണ്ടിൻ്റെ സൈന്യത്തെ തോൽപ്പിച്ച് സ്കോട്ലൻ്റിൽ വീണ്ടും അധികാരത്തിൽ വന്നു.
അങ്ങനെ, തോറ്റു പിന്മാറാതെ വീണ്ടും പരിശ്രമിക്കാൻ- ലോകമെങ്ങും മോട്ടിവേഷണൽ സ്പീച്ചിലും അധ്യാപകരുടെ ക്ലാസ്സുകളിലും ഈ കഥ പ്രചാരത്തിലായി.
Written by Binoy Thomas, Malayalam eBooks-1188 - Great Stories - 34, PDF-https://drive.google.com/file/d/1DbTckoVWvYXxnzZ6klp-DjsRO4k5qeqn/view?usp=drivesdk
Comments