(1181) കുറുക്കനും മുതലയും!

 പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് ഒരു തടാകത്തിൽ ധാരാളം മീനുകളും മുതലകളും തവളകളും എന്നിങ്ങനെ അനേകം ജീവികൾ ഒരുമിച്ച് താമസിച്ചു വന്നിരുന്ന കാലം.

അവിടെ, ഒരു മുതലയുടെ പുറത്ത് ചാടിക്കളിക്കുന്നത് ചങ്ങാതിയായ തവളയുടെ സ്ഥിരം പരിപാടിയാണ്. ഒരു ദിവസം, മുതല തവളയോടു പറഞ്ഞു -"എനിക്ക് കുറുക്കൻ്റെ ഇറച്ചി തിന്നാൻ വല്ലാതെ കൊതി തോന്നുന്നു. നീ എങ്ങനെയെങ്കിലും ഒരെണ്ണത്തിനെ ഈ വെള്ളത്തിൽ ഇറക്കണം. ബാക്കി കാര്യം ഞാനേറ്റു"

തവള പറഞ്ഞു - "കുറുക്കന്മാർ മഹാ സൂത്രശാലികളാണ്. എന്തായാലും ഞാൻ ശ്രമിച്ചു നോക്കാം"

തവള ചാടി കാട്ടിലേക്കു പോയി. കുറുക്കനുമായി സൗഹൃദം സ്ഥാപിച്ചു. തവള അവനെ തടാകത്തിലേക്കു വരാൻ പ്രോൽസാഹിപ്പിച്ചു - "അവിടെ തടാകത്തിൽ രുചിയേറിയ മീനുകളെ ഞാൻ നിനക്ക് പിടിക്കാൻ പാകത്തിന് വിളിച്ചു കൊണ്ടുവരാം"

അങ്ങനെ, അവർ രണ്ടു പേരും തടാകക്കരയിലെത്തി. കുറുക്കൻ വെള്ളത്തിൽ ഇറങ്ങിയ നേരത്ത്, പാറ പോലെ എന്തോ ഒന്ന് വെള്ളത്തിൽ പൊങ്ങി കിടക്കുന്നതു കണ്ടു.

കുറുക്കൻ പതിയെ പിറകിലേക്കു വലിഞ്ഞു. "അതൊരു മുതലയാണല്ലോ. ഞാൻ ഈ വെള്ളത്തിൽ ഇറങ്ങുന്നില്ല"

ഉടൻ, തവള പറഞ്ഞു -"ആ മുതല കഴിഞ്ഞ ദിവസം ചത്തു പൊന്തിയതാണ്. നീ ധൈര്യമായി മീനുകളെ പിടിക്കാൻ മുങ്ങിക്കോളൂ"

പക്ഷേ, കുറുക്കൻ്റെ ബുദ്ധിയുണർന്നു. അവൻ ഉച്ചത്തിൽ പറഞ്ഞു -"സാധാരണയായി മുതലകൾ ചത്തു പൊന്തിക്കഴിഞ്ഞാൽ അതിൻ്റെ വാലു മാത്രം ഇടത്തോട്ടും വലത്തോട്ടും മാറി മാറി അനങ്ങിക്കൊണ്ടിരിക്കും"

ഇതു കേട്ട മാത്രയിൽ മുതല തൻ്റെ വാൽ ഇടത്തോട്ടും വലത്തോട്ടും അനക്കാൻ തുടങ്ങി!

ഉടൻ, കുറുക്കൻ പൊട്ടിച്ചിരിച്ചു - "പ്ഫ! മണ്ടന്മാരെ! നിങ്ങളുടെ ബുദ്ധിയൊന്നും ഒരു കുറുക്കനു മുന്നിൽ വിലപ്പോകില്ല!"

മുതലയും തവളയും ലജ്ജിച്ച് വെള്ളത്തിൻ്റെ അടിയിലേക്കു മുങ്ങി.

ഗുണപാഠം: സൂക്ഷ്മമായ നിരീക്ഷണം ബുദ്ധിശക്തിയുടെ അകമ്പടിയാണ്. അലസമായ വെറും നോട്ടം മണ്ടത്തരമാകും.

Written by Binoy Thomas, Malayalam eBooks-1181 - Katha Sarit Sagaram - 26, PDF-https://drive.google.com/file/d/1tV1eZ7rLYCzzJPKAfhiL9ObnMmSpH8uI/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

ചെറുകഥകള്‍