(1161) വളർത്തുദോഷം!
പണ്ടുപണ്ട്, സിൽബാരിപുരം ദേശമാകെ കാടും നാടും ഇടകലർന്നു കിടന്നിരുന്ന കാലം. രാവുണ്ണി എന്നൊരു ധീരനായ ചെറുപ്പക്കാരൻ അവിടെ കുടുംബമായി താമസിച്ചിരുന്നു. ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്.
കാട്ടിൽ പോയി വിറകു ശേഖരിച്ച് കെട്ടുവിറക് ചന്തയിൽ വിൽക്കുകയാണ് അയാളുടെ ജോലി.
ഒരു ദിവസം, അയാൾ തിരികെ വീട്ടിലേക്കു മടങ്ങുമ്പോൾ കാട്ടുപള്ളയിൽ ഒരു ഞരക്കം കേട്ടു.
ഒരു ചെന്നായ്ക്കുട്ടി ആയിരുന്നു അത്.
രാവുണ്ണി അതുമായി വീട്ടിലെത്തി. വീട്ടുകാർക്ക് പ്രത്യേകിച്ച് എതിർപ്പൊന്നും ഇല്ലായിരുന്നു.
എന്നാൽ, അയൽപക്കത്തുള്ള വൃദ്ധൻ പറഞ്ഞു -"എടാ, രാവുണ്ണി, നീ അതിനെ കാട്ടിൽ കൊണ്ടു പോയി കളയൂ. ഇതിന് മൂന്ന് വയസ്സാകുമ്പോൾ പിന്നെ തീറ്റി കൊടുക്കുന്ന ഒരാളിനോടു മാത്രമേ സ്നേഹം കാണിക്കൂ. പിന്നീട്, ചെന്നായ്ക്കളുടെ ക്രൂരത തെളിഞ്ഞു വരും. എൻ്റെ ചെറുപ്പത്തിൽ ഇങ്ങനെ സംഭവിച്ചത് പറഞ്ഞു കേട്ടിട്ടുണ്ട്"
രാവുണ്ണി പറഞ്ഞു -"അമ്മാവാ, പിള്ളേർക്ക് കളിക്കാൻ ഞാൻ കൊണ്ടുവന്നതാണ്. അടുത്ത കൊല്ലം കാട്ടിൽ കയറ്റി വിട്ടേക്കാം"
പക്ഷേ, വർഷങ്ങൾ മൂന്നു കഴിഞ്ഞിട്ടും അയാൾ അതിനെ മെരുക്കി വളർത്തി. കാരണം, ചെന്നായ ആ വീട്ടിലെ കുട്ടികളുടെ കളിക്കൂട്ടായി ഇതിനോടകം മാറിയിരുന്നു.
ഒരു ദിവസം - രാവുണ്ണി കാട്ടിൽ നിന്നും വിറകുമായി വീട്ടിലേക്കു വന്നു. വീട്ടിലെ ചായയും പലഹാരവും കഴിച്ച ശേഷം കെട്ടുവിറകുമായി ചന്തയിലേക്കു പോയി. ആ കൂട്ടത്തിൽ അടുത്ത കവല വരെ കുട്ടികളും ചെന്നായയും ഒപ്പം നടന്നു.
എന്നാൽ, കവലയുടെ അടുത്ത് എത്തിയ നേരത്ത്, ഇളയ കുട്ടി കല്ലിൽ തട്ടി വീണ് മുട്ടിൽ നിന്നും രക്തം വരാൻ തുടങ്ങി.
ഇതു കണ്ട ചെന്നായ കൊച്ചിൻ്റെ മുട്ടിന്മേൽ നക്കിയപ്പോൾ ആദ്യമായി ചെന്നായ രക്തം രുചിച്ചു! പെട്ടെന്ന്, ചെന്നായുടെ വന്യമായ സഹജ സ്വഭാവം ഉണർന്നു.
ചെന്നായ കുട്ടിയുടെ തുടയിൽനിന്നും മാംസം കടിച്ചെടുത്തു!
ഉടൻ, രാവുണ്ണി അലറിക്കൊണ്ട് വിറകെടുത്ത് ചെന്നായയെ അടിച്ചു. ആളുകൾ ഇരച്ചെത്തി ചെന്നായയെ കൊല്ലാൻ നോക്കിയെങ്കിലും അത് അപാരമായ വേഗത്തിൽ കാട്ടിൽ കയറി രക്ഷപ്പെട്ടു.
ചിന്തിക്കുക - താൽക്കാലിക സൗമ്യ ഭാവങ്ങൾ ചങ്ങാത്തങ്ങളുടെ അളവുകോൽ ആക്കുമ്പോൾ വന്യഭാവങ്ങളെ മറന്നു പോകരുത്!
Written by Binoy Thomas, Malayalam eBooks-1161-friendship stories - 19, PDF-https://drive.google.com/file/d/11Fj9o9ne3LMkNvzt6LyOqEQE6_SCX2cb/view?usp=drivesdk
Comments