(1166) ഹോജയുടെ നാണയം!
ഹോജയുടെ ദാനധർമ്മത്തിനും ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. ആളുകളുടെ നോട്ടത്തിൽ അർഹിക്കുന്നവർക്ക് ചിലപ്പോൾ കൊടുക്കില്ല. അർഹത ഇല്ലെന്ന് സാധാരണക്കാർക്കു തോന്നുന്നവർക്കു പണം കൊടുത്തെന്നും വരും!
ഒരു ദിവസം - അപരിചിതനായ ആൾ ഹോജയുടെ അടുക്കലെത്തി ചോദിച്ചു - "അങ്ങ് എന്നോട് അലിവു കാട്ടണം. 10 വെള്ളിനാണയം കടമായി തന്നാൽ വലിയ ഉപകാരമായിരുന്നു"
ഉടൻ, ഹോജ ചോദിച്ചു - "താങ്കൾ മദ്യപിക്കുമോ?"
"ഉവ്വ്" അയാൾ സമ്മതിച്ചു.
ഹോജ വീണ്ടും ചോദിച്ചു -"താൻ പുകവലിക്കുമോ?"
"ഉം"
"ധൂർത്തടിക്കാറുണ്ടോ?"
"അതും എനിക്കുണ്ട് "
"മുച്ചീട്ടു കളിക്കാറുണ്ടോ?"
"അതും എനിക്കുണ്ട്, യജമാനനേ"
അന്നേരം, ഹോജ 10 നാണയം അവനു കൊടുത്തു വിട്ടു!
ഇതെല്ലാം കണ്ടുകൊണ്ട് ഒരാൾ അവിടെ നിൽപ്പുണ്ടായിരുന്നു. അയാൾ ഹോജയെ സമീപിച്ച് 10 നാണയം കടം ചോദിച്ചു.
ഹോജ ആദ്യത്തെ ആളിനോടു ചോദിച്ച അതേ ചോദ്യങ്ങൾ രണ്ടാമനോടും ആവർത്തിച്ചു.
പക്ഷേ, അതിനു കിട്ടിയ മറുപടിയെല്ലാം നേരേ വിപരീതമായിരുന്നു. അപ്പോൾ ഹോജ പറഞ്ഞു -"നിനക്ക് ഞാൻ ഒരു നാണയം പോലും തരില്ലാ"
ഉടൻ, രണ്ടാമൻ നീരസപ്പെട്ടു - "കുറച്ചു മുൻപു വന്നു പോയ ആളിന് ഒട്ടേറെ ദുശ്ശീലങ്ങൾ ഉണ്ടായിട്ടും അവന് 10 നാണയം കൊടുത്തല്ലോ. എന്നാൽ, ദുശ്ശീലമില്ലാത്ത എനിക്ക് ഒന്നും കിട്ടിയില്ല"
ഹോജ പറഞ്ഞു -"ആദ്യത്തെ ആളിന് ദുശ്ശീലം ഉള്ളതിനാൽ ഒട്ടേറെ ചെലവുണ്ട്. എന്നാൽ, യാതൊരു ചെലവുമില്ലാതെ സാധുവായി ജീവിക്കുന്ന തനിക്ക് പണത്തിൻ്റെ ആവശ്യമില്ല!"
അയാൾ അതുകേട്ട് കണ്ണുമിഴിച്ചു!
Written by Binoy Thomas, Malayalam eBooks-1166 - Hoja stories - 97- PDF-https://drive.google.com/file/d/1uQPmpmNiCUVJKmbcTGhdq5uLRHcDZGSY/view?usp=drivesdk
Comments