(1182) കൂട്ടിൻ്റെ പ്രശ്നം!
ഒരിക്കൽ, സിൽബാരിപുരം ദേശത്തിലെ വിറകുവെട്ടുകാരൻ ദാമുവിന് നല്ലയിനം മരം നോക്കി ഉൾകാട്ടിലേക്കു പോകേണ്ടി വന്നു. അവിടെ അനേകം മൃഗങ്ങൾ ഉണ്ടായിരുന്നു.
ഉൾകാട്ടിലെ ഒരു ചെന്നായയുടെ ചങ്ങാതികളാണ് എറിയൻപരുന്തും കാട്ടുപൂച്ചയും. ഒരിക്കൽ, ചെന്നായ്ക്ക് കടുവയുടെ ആക്രമണമേറ്റു. എന്നാൽ, ചെന്നായ ഏറെ ദൂരം ഓടി രക്ഷപ്പെടാനായി നോക്കിയതിനാൽ മറ്റുള്ള രണ്ടു കൂട്ടുകാരും ഇതറിഞ്ഞില്ല.
ദാമു ചെന്നായുടെ അരികിലൂടെ നടന്നു പോയപ്പോൾ ചെന്നായുടെ കരച്ചിൽ കേട്ടു. ദാമുവിന് മനസ്സലിവു തോന്നി വെള്ളവും ആഹാരവും കൊടുത്തു.
ആ നന്ദിയിൽ ദാമുവിൻ്റെ പിറകേ ചെന്നായും കൂടെ പോന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചെന്നായ പഴയ ആരോഗ്യസ്ഥിതി കൈവരിച്ചു. എന്നാൽ, അതേ സമയം, എറിയൻപരുന്തും കാട്ടുപൂച്ചയും ചെന്നായെ കാട്ടിലൂടെ അന്വേഷിച്ചു നടക്കുകയായിരുന്നു.
ഇതിനിടയിൽ ചെന്നായ നാട്ടിൽ താമസം തുടങ്ങിയെന്ന് ഏതോ പക്ഷി വന്ന് എറിയനെ അറിയിച്ചു. തുടർന്ന്, രാത്രിയിൽ എറിയനും കാട്ടുപൂച്ചയും ദാമുവിൻ്റെ വീടിൻ്റെ പിറകിൽ വന്നു.
അന്നേരം, അവർക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. അപ്പോൾ, കാട്ടുപൂച്ച പറഞ്ഞു -"നീ കോഴിക്കുഞ്ഞുങ്ങളെ റാഞ്ചിയെടുത്തോളൂ. ഞാൻ കോഴിയെ തിന്നുകൊള്ളാം"
കോഴിക്കൂട്ടിലെ ബഹളം കേട്ട് ദാമുവും ചെന്നായും അങ്ങോട്ടു വന്നു. ഉടൻ, ചെന്നായ ഒന്നു കുരയ്ക്കുക പോലും ചെയ്യാതിരുന്നപ്പോൾ ദാമുവിന് കാര്യം മനസ്സിലായി.
ദാമു വടിയെടുത്ത് ചെന്നായെ അടിച്ച് ഓടിച്ചു - "കാട്ടിൽ നിന്നും നിൻ്റെ മണം പിടിച്ച് ചങ്ങാത്തം കൂടി ഇവിടെ താമസിക്കാൻ ആരും വേണ്ട"
ചെന്നായും പരുന്തും കാട്ടുപൂച്ചയും തിരികെ കാട്ടിലേക്കു പാഞ്ഞു!
ആശയം: ഒരു മനംമാറ്റത്തിനു തയ്യാറായ ആൾ പോലും വീണ്ടും ദുശ്ശീലങ്ങളിലേക്കു പോകുന്നത് ദുഷിച്ച ചങ്ങാതികൾ കാരണമാകാം.
Written by Binoy Thomas, Malayalam eBooks-1182 - Folk tales - 71, PDF-https://drive.google.com/file/d/1FLQYk2vSFSJoxEIPFVBey34ewm_FX40X/view?usp=drivesdk
Comments