(1178) ബുദ്ധി വേണ്ടതായ സമയം!
പണ്ട്, സിൽബാരിപുരം രാജ്യമാകെ നാടും കാടും ഇടകലർന്ന് കിടന്നിരുന്ന കാലം. അതൊരു വേനൽക്കാലമായിരുന്നു. ഒരു ദിവസം ചെന്നായ വിശന്നു വലഞ്ഞ് കാട്ടിൽ നിന്നും നാട്ടിലിറങ്ങി.
പറമ്പിലൂടെ തീറ്റി തിന്നു നടക്കുകയായിരുന്ന പൂവൻകോഴിയെ കണ്ടപ്പോൾ ആദ്യമേ ചാടി വീഴാൻ ചെന്നായ നോക്കിയെങ്കിലും കോഴി അടുത്ത മരത്തിലേക്ക് പറന്നു പൊങ്ങുമെന്ന് അവനു മനസ്സിലായി.
ചെന്നായ മറ്റൊരു സൂത്രം പ്രയോഗിച്ചു. മാന്യമായി കുറച്ചു മാറി നിന്ന് കോഴിയോടു ചോദിച്ചു- "നീയാണ് ഈ നാട്ടിലെ ആളുകളെ രാവിലെ മനോഹരമായ ശബ്ദത്തിൽ കൂവി എഴുന്നേൽപ്പിക്കുന്നതെന്ന് എല്ലാവരും പറയുന്നു. പക്ഷേ, ആ ശബ്ദം കേൾക്കാൻ എനിക്കു കൊതിയായി"
ആ പുകഴ്ത്തലിൽ കോഴിക്ക് വലിയ ഗർവ്വ് തോന്നി. ഉടൻ, കോഴി പറഞ്ഞു -"ദാ, താൻ കണ്ടോളൂ!"
എന്നു പറഞ്ഞു കൊണ്ട് കണ്ണടച്ച് - "കൊക്കരക്കോ.. കോ.."
എന്നു നീട്ടി കൂവി. എന്നാൽ, കോഴി കണ്ണടച്ചു കൂവി നിന്ന സമയത്ത് ചെന്നായ പാഞ്ഞു വന്ന് കോഴിയുടെ ചിറകിൽ കടിച്ച് നടന്നു.
ആ പൂവൻകോഴി ഒട്ടും ബഹളം വച്ചില്ല. അസാമാന്യ ധീരനെന്ന് നടിച്ചു. ചെന്നായുടെ ശക്തിയല്ല, ബുദ്ധിയാണ് തന്നെ കീഴടക്കിയത്. അതുപോലെ തൻ്റെ ബുദ്ധിയും ഉപയോഗിച്ചാലേ രക്ഷപ്പെടാനാകൂ.
കോഴി ശാന്തനായി ഒന്നു പിടയ്ക്കുക പോലും ചെയ്യാതെ കിടന്ന് ചെന്നായ കാട്ടിലെത്തി. അന്നേരം, ചില കുറുക്കന്മാർ പിറകേ കൂടി. ചെന്നായയ്ക്ക് അത് ഇഷ്ടമായില്ല.
ഉടൻ, കോഴി പറഞ്ഞു -"എന്നെ തിന്നുമ്പോൾ കുറുക്കന്മാർക്ക് ഒരു തരി പോലും കൊടുക്കരുത്. കോഴികളുടെ പരമ്പരാഗത ശത്രുക്കളാണ് ഈ കുറുക്കന്മാർ. നീ കഷ്ടപ്പെട്ട് നാട്ടിൽ ചെന്നു പിടിച്ച കോഴിയാണ് ഞാനെന്ന് അവരോട് പറയൂ"
അക്കാര്യം പറയാനായി ചെന്നായ വായ തുറന്നതും കോഴി സർവ്വ ശക്തിയുമെടുത്ത് പറന്നുയർന്ന് മരത്തിലിരുന്നു.
ചെന്നായ നിരാശയോടെ മുകളിലേക്കു നോക്കിയപ്പോൾ കോഴി പറഞ്ഞു -"ഞാൻ അശ്രദ്ധമായി കണ്ണടച്ചപ്പോൾ എനിക്കു നഷ്ടം വന്നു. നീ അശ്രദ്ധമായി വായ തുറന്നപ്പോൾ നിനക്കും!"
ആശയം: അശ്രദ്ധമായ ജീവിതത്തിന് വലിയ നഷ്ടം വന്നേക്കാം. സന്ദർഭമനുസരിച്ച് അതു ചെറുതും വലുതുമാകാം!
Written by Binoy Thomas, Malayalam eBooks- 1178 - Thinmakal - 65, PDF-https://drive.google.com/file/d/1uBWwQgXnkRnq4l_xQLfLZtloCN3gfedX/view?usp=drivesdk
Comments