(1163) ആടിൻ്റെ തല!
ഹോജയുടെ നാട്ടിൽ ഒരു പിശുക്കനായ മനുഷ്യൻ താമസിച്ചിരുന്നു. അയാൾ കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുത്താണ് ഈ ധനമത്രയും ഉണ്ടാക്കിയത്.
അതിനാൽ, ഹോജയ്ക്ക് പണം കടമായി ഒരിക്കലും അയാളുടെ കയ്യിൽ നിന്നും കിട്ടിയില്ല. അങ്ങനെ പിശുക്കനെ ഹോജ ഒരു ശത്രുവായിട്ടാണ് കണ്ടിരുന്നത്.
ഒരു ദിവസം ആ ധനികൻ്റെ ആട് ഒരു കലത്തിൽ തലയിട്ടു. അതിൻ്റെ തല പുറത്തെടുക്കാൻ പറ്റാതെ വെപ്രാളപ്പെട്ട് നടക്കുന്നതു കണ്ടപ്പോൾ ആളുകൾ പറഞ്ഞു -"മുതലാളീ, ആ കലം തല്ലിപ്പൊട്ടിച്ചാൽ ആടിൻ്റെ തല പുറത്തെടുക്കാമല്ലോ"
അയാൾ പറഞ്ഞു - "ചന്തയിൽ നിന്നും ഞാൻ പണം കൊടുത്തു വാങ്ങിയ കലം പൊട്ടിക്കാതെ എങ്ങനെയെങ്കിലും ആടിൻ്റെ തല വെളിയിൽ എടുക്കണം"
അന്നേരം, ആളുകൾ പറഞ്ഞു - "മുതലാളീ, എന്തെങ്കിലും സൂത്രവിദ്യയിലൂടെ ഇതു പരിഹരിക്കാൻ ഹോജയ്ക്കു കഴിയും"
അങ്ങനെ, ഹോജ അവിടെയെത്തി. അരയിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് ആടിൻ്റെ കഴുത്തു വെട്ടി! എന്നിട്ട് ആ കലം കലിപ്പോടെ എറിഞ്ഞ് ഉടച്ചു! അപ്പോൾ അടിൻ്റെ തലമാത്രം എടുത്ത് ഹോജ ആ പിശുക്കനു കൊടുത്തു. തൻ്റെ കലവും ആടും പോയ വിഷമത്തിൽ പിശുക്കൻ തളർന്നു വീണു!
Written by Binoy Thomas, Malayalam eBooks-1163 - Hoja stories - 94/ PDF-https://drive.google.com/file/d/1-3kJeGv2IrnDWTbzwxxgsj88iVRDTuQ5/view?usp=drivesdk
Comments