(1184) അഹങ്കാരിയായ ആന!

 പണ്ടുകാലത്തെ, സിൽബാരിപുരം കാട്ടിലെ ഒരു കഥയാവട്ടെ അടുത്തത്. ഒരിക്കൽ, കാട്ടിലെ ഒറ്റയാനായ കാട്ടാന കരുത്തോടെ അഹങ്കാരത്തോടെ നടക്കുന്ന സമയം. എതിരെ ആരും വരുന്നതു പോലും ഇഷ്ടമല്ലാത്ത പ്രകൃതമായിരുന്നു ആ കാട്ടാനയ്ക്ക്. ഒരു ദിവസം, അവൻ നടക്കവേ, എതിർ വശത്തായി ഒരു മുയൽ പുല്ലു തിന്നു നടക്കുന്നതു കണ്ടു.

അവൻ തുമ്പിക്കൈ കൊണ്ട് ഒരു തട്ടു കൊടുത്തു. മുയൽ തെറിച്ച് ഒരു പള്ളയിലേക്ക് തെറിച്ചു വീണു!

മുയൽ ആനയെ ശപിച്ചു - "ഞാൻ ദുർബലനായതുകൊണ്ടാണ് നീ ഈ ധിക്കാരം കാണിച്ചത് "

പറഞ്ഞു തീർന്നതും മുയൽ ഓടി മാളത്തിൽ കയറി. ആന തുടർന്ന് മുന്നോട്ടു പോയപ്പോൾ താഴ്ന്നു കിടന്ന ഒരു മരച്ചില്ലയിലെ കിളിക്കൂട് കണ്ടു. ഉടൻ, തുമ്പിക്കൈ നീട്ടി ആ ചില്ല ഒടിച്ചെറിഞ്ഞു!

മുട്ടകൾ പൊട്ടിയപ്പോൾ കിളികൾ പറഞ്ഞു -"നിനക്ക് ഞങ്ങൾ യാതൊരു ഉപദ്രവങ്ങളും ചെയ്തില്ലല്ലോ. പിന്നെ എന്തിനാണ് ഈ ചതി ചെയ്തത്?"

ആന യാതൊന്നും പറയാതെ അവിടെ നിന്നും പോയി. കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ ഒരു വലിയ ചിതൽപുറ്റ് കണ്ടപ്പോൾ ആന കാൽ കൊണ്ട് ഒറ്റ ചവിട്ടിൽ അത് തെറിപ്പിച്ചു!

അവറ്റകൾ ചിതറിയോടി! അവൻ വെള്ളം കുടിക്കാനായി ആറ്റു തീരത്തേക്കു നടന്നു. ആവോളം വെള്ളം കുടിച്ചിട്ട് ഒന്നു മയങ്ങാനായി വലിയ മരച്ചുവട്ടിൽ കിടന്നു. അന്നേരം, ആനയുടെ വാലിനടുത്തായി ഞാന്നു കിടന്നിരുന്ന ഇലകളിൽ ഒരു ഉറുമ്പിൻകൂട് അവൻ കണ്ടു.

ഉടൻ, വാലു കൊണ്ട് ഒറ്റയടി! ഉറുമ്പിൻകൂടും കുഞ്ഞുങ്ങളും മുട്ടകളും എല്ലാം പൂത്തിരി പോലെ തെറിച്ചു!

ഉറുമ്പിൻ്റെ നേതാവ് ആക്രോശിച്ചു - "എല്ലാവരും വരിനെടാ! ഒന്നിച്ച് അവനെ ആക്രമിക്കാം!"

ഉറുമ്പിൻ്റെ സൈന്യം ഒന്നിച്ച് ആനയുടെ ശരീരത്തിലേക്ക് പലയിടത്തു നിന്നും കയറി. കട്ടിയുള്ള തൊലിയായതിനാൽ ആന അത് അറിഞ്ഞു പോലുമില്ല. പക്ഷേ, അവർ നിശബ്ദമായി ആനയുടെ കണ്ണിനു ചുറ്റും തമ്പടിച്ചു.

മറ്റൊരു സംഘം ആനയുടെ തുമ്പിക്കയ്യിലേക്ക് കയറി. ഉടൻ, നേതാവ് അലറി - "കണ്ണിൽ കയറി കടിക്കൂ. തുമ്പിക്കയ്യുടെ ഉള്ളിൽ കയറി കടിക്കൂ!"

ഇതിനിടയിൽ മയക്കത്തിലായ ആന കടിയേറ്റ് ഞെട്ടി. പെട്ടെന്ന്, ആന നിലവിളിച്ചു കൊണ്ട് ആറ്റിലെ വെള്ളത്തിൽ മുങ്ങാമെന്നു വിചാരിച്ച് ഓടി. പക്ഷേ, കണ്ണു തുറക്കാൻ പറ്റാത്ത നീറ്റലും ചൊറിച്ചിലും അവന് അനുഭവപ്പെട്ടതിനാൽ ഓട്ടത്തിനിടയിൽ വഴി നന്നായി കാണാൻ പറ്റിയില്ല.

ആറ്റിലെ വെള്ളമെന്ന് കരുതി ചതുപ്പിലേക്ക് ആന എടുത്തു ചാടി! ആഴമേറിയ ചെളിയിലേക്ക് കാട്ടാനയുടെ അഹങ്കാരം എന്നന്നേക്കുമായി താണുപോയി!

ഗുണപാഠം : വായനക്കാരിൽ പലരും അഹങ്കരിക്കാൻ പാകമായ അവസരങ്ങളിലൂടെ ഇപ്പോൾ കടന്നു പോകുന്നുണ്ടാവും. ഗർവ്വിനും പൊങ്ങച്ചത്തിനും അഹന്തയ്ക്കും മറ്റും തിരിച്ചടികൾ വരാനും സാധ്യതയേറെ.

Written by Binoy Thomas, Malayalam eBooks-1184 - തിന്മകൾ - 66, PDF-https://drive.google.com/file/d/1RtRVla-KGYR1_XyW6nyeS2UpixwRSEvs/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

ചെറുകഥകള്‍