(1183) ശങ്കുണ്ണിയുടെ വില!
പണ്ടുകാലത്തെ സിൽബാരിപുരം ദേശത്ത് മഹാനായ ഒരു സന്യാസി ജീവിച്ചിരുന്നു. അദ്ദേഹം വഴിയിലൂടെ നടന്നു പോകവേ, ഒരു മരച്ചുവട്ടിൽ കിടക്കുന്ന യുവാവിനെ (ശങ്കുണ്ണി) കണ്ടു.
സന്യാസി അയാളുടെ വിഷമം എന്താണെന്ന് തിരക്കി.
അന്നേരം, യുവാവ് പറഞ്ഞു -"എൻ്റെ നാട്ടുകാർ എന്നെ നിരന്തരമായി ആക്ഷേപിക്കുകയും കളിയാക്കുകയും ചെയ്യുന്നു. അവർ എന്നെ മണ്ടനെന്നും പൊട്ടനെന്നും വിളിക്കുന്നതു കേട്ട് ഞാൻ മനം മടുത്ത് പുറപ്പെട്ടു പോന്നതാണ്. യാതൊരു വിലയുമില്ലാത്ത ഈ ജന്മം ഞാൻ മടുത്തു"
ഉടൻ, സന്യാസി അവനോടു ചോദിച്ചു - "എൻ്റെ കണ്ണിന് കാഴ്ച കുറവാണ്. അതുകൊണ്ട് നിൻ്റെ രണ്ടു കണ്ണും എനിക്കു തന്നാൽ ഞാൻ ആയിരം സ്വർണ്ണ നാണയം തരാം"
ഉടൻ, യുവാവ് ഞെട്ടലോടെ പറഞ്ഞു -"എനിക്ക് ഒരു ലക്ഷം സ്വർണ്ണ നാണയം തന്നാലും ഞാൻ കണ്ണുകൾ തരില്ല"
അന്നേരം, സന്യാസി പറഞ്ഞു -"നിൻ്റെ രണ്ട് കണ്ണുകൾക്ക് ഒരു ലക്ഷം സ്വർണ്ണ നാണയത്തേക്കാൾ വിലയുണ്ടെങ്കിൽ, നിൻ്റെ ചെവിക്കും തലച്ചോറിനും കൈകൾക്കും കാലുകൾക്കും എല്ലാം കൂടി എത്ര മാത്രം വിലയുണ്ടാകും?"
അന്നേരം, യുവാവ് കിടന്ന കിടപ്പിൽ നിന്നും ഞെട്ടിയെണീറ്റ് സ്വന്തം നാട്ടിലേക്ക് ഉറച്ച കാൽച്ചുവടുകൾ വച്ച് മടങ്ങിപ്പോയി.
ആശയം: സ്വന്തം വില മനസ്സിലാക്കി ഓരോ മനുഷ്യനും തനിക്കു കിട്ടിയ മനുഷ്യജന്മത്തെ പ്രയോജനപ്പെടുത്തണം. ഒരു വിലയുമില്ലാതെ ആരും ഈ ഭൂമിയിൽ ജനിക്കുന്നില്ല!
Written by Binoy Thomas. Malayalam eBooks-1183 -happiness stories - 37, PDF-https://drive.google.com/file/d/15Hf_sjg0GR1Hwzwcd-lTEIgtEeWDhk0q/view?usp=drivesdk
Comments