(1186) ചങ്ങാതിയുടെ ചതി!

 സിൽബാരിപുരം രാജ്യത്തെ ഒരു ഗ്രാമത്തിലായിരുന്നു ചങ്ങാതികളായ വീരമണിയും ദാമുവും താമസിച്ചിരുന്നത്. ഒരിക്കൽ, രാജ്യത്തെ ഏറ്റവും നല്ല ജ്യോതിഷാലയത്തിൽ പഠനത്തിനായി അവർ ചേർന്നു.

രണ്ടു വർഷമായി ആശ്രമത്തിൽ താമസിച്ച് പഠിച്ച ശേഷം അവർ ഗുരുവിനോട് യാത്ര പറഞ്ഞ് കാട്ടിലൂടെയുള്ള എളുപ്പ വഴിയിൽ നാട്ടിലേക്ക് നടക്കാൻ തുടങ്ങി.

"നമുക്ക് കൊട്ടാരത്തിലെ ജ്യോതിഷികളായി എങ്ങനെയും കയറിപ്പറ്റണം" വീരമണി അങ്ങനെ പറഞ്ഞപ്പോൾ ദാമു അതിനെ അനുകൂലിച്ചു.

എന്നാൽ, അതേ സമയം ദാമു ചിന്തിച്ചത് മറ്റൊരു വിധത്തിലായിരുന്നു. അവൻ പിറുപിറുത്തു - "കൊട്ടാരത്തിൽ രണ്ട് ജ്യോതിഷ പണ്ഡിതൻ്റെ ആവശ്യമില്ല. ഒരാളെ മാത്രമേ നിയമിക്കൂ. എങ്ങനെയും എനിക്ക് ആ ജോലി കിട്ടിയേ തീരൂ!"

അവർ നടന്നു പോകുന്നതിനിടയിൽ, നായാട്ടിനായി കാട്ടിലൂടെ പോകുന്ന രാജാവ് എതിരെ വന്നു. കുതിരപ്പുറത്തു നിന്നും രാജാവ് ഇറങ്ങി അവർ ആരാണെന്ന് തിരക്കി.

ഉടൻ, രാജാവ് പറഞ്ഞു -"നിങ്ങൾ ജ്യോതിഷം നന്നായി പഠിച്ചോ എന്ന് എനിക്കറിയണം. ദാമു എൻ്റെ ഭാവി പ്രവചിക്കുക. പിന്നെ, വീരമണിയും"

വീരമണിയെ രാജാവ് മാറ്റിനിർത്തി. തുടർന്ന്, ദാമു തൻ്റെ കവിടി നിരത്തി നോക്കിയപ്പോൾ ഞെട്ടി!

രാജാവ് അല്പായുസ്സ് ആണെന്ന് പറഞ്ഞാൽ കുഴപ്പമാണ്. വീരമണി സത്യം പറഞ്ഞ് ശിക്ഷ വാങ്ങട്ടെ. ഇത് രാജപ്രീതി പിടിച്ചു പറ്റി കൊട്ടാരത്തിലെത്താനുള്ള വഴിയാണ്.

"രാജാവേ, അങ്ങേയ്ക്ക് ദീർഘായുസ്സാണ്. 90 വർഷങ്ങൾ ആരോഗ്യത്തോടെ കൊട്ടാരത്തിൽ വാഴും!"

രാജാവിന് ഏറെ സന്തോഷമായി. പിന്നീട് വീരമണിയെ വിളിച്ചു. അവൻ പറഞ്ഞു -"രാജാവിന് അല്പായുസ്സ് മാത്രമേ ശേഷിക്കുന്നുള്ളൂ"

ഉടൻ, രാജാവിന് വല്ലാത്ത ദേഷ്യം ഇരച്ചു വന്നു - "നായാട്ടിനു പോകുന്ന എന്നെ ഭയപ്പെടുത്താൻ നോക്കിയ നിനക്ക് ഞാൻ അല്പായുസിൻ്റെ വിധി നടപ്പിലാക്കാൻ പോകുകയാണ്"

ഇതു കേട്ട് വീരമണി ഞെട്ടി! അവൻ ഉടൻ ഒരു സൂത്രം പ്രയോഗിച്ചു - "രാജാവേ, എന്നാൽ, എൻ്റെ ജാതകം വളരെ വിചിത്രമാണ്. ഈ രാജ്യത്തിലെ രാജാവ് മരിക്കുന്നതിന് ഒരു ദിവസം മുൻപായിരിക്കും എൻ്റെ മരണമെന്ന് എൻ്റെ ജ്യോതിഷ ഗുരു എന്നോടു രഹസ്യമായി അറിയിച്ചിട്ടുണ്ട്"

രാജാവ് പിറുപിറുത്തു - "ഇവൻ്റെ ഗുരു ലോക പ്രശസ്തനാണ്. അയാൾക്ക് തെറ്റ് വരാൻ വഴിയില്ല. ഇനി ഒരു മാർഗ്ഗമേയുള്ളൂ. ഇവൻ്റെ ദീർഘായുസ്സ് എൻ്റെ ആവശ്യമാണ് "

രാജാവ് സൗമ്യനായി പറഞ്ഞു -"വീരമണി പ്രവചിച്ചതാണു ശരി. അതിനാൽ, ഇന്നു മുതൽ കൊട്ടാര ജ്യോതിഷിയായി നിന്നെ ഞാൻ നിയമിച്ചിരിക്കുന്നു!"

രാജാവിനൊപ്പം വീരമണിയും യാത്രയായി. അതേ സമയം, തൻ്റെ അതിബുദ്ധിയെ ശപിച്ച് നിരാശനായി ദാമു വീട്ടിലേക്കു മടങ്ങി.

ഗുണപാഠം : സുഹൃത്തിനെ ചതിച്ച് നേട്ടങ്ങൾ കരസ്ഥമാക്കാനുള്ള പദ്ധതികൾ ഇപ്പോൾത്തന്നെ ഉപേക്ഷിക്കുക.

Written by Binoy Thomas, Malayalam eBooks-1186-friendship stories - 19, PDF-https://drive.google.com/file/d/1dycLfwG42MpOyUcCnbmVu-lDLkwIPTgv/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

ചെറുകഥകള്‍